ആദ്യമായി സീപ്ലെയിനിൽ കയറിയതിന്റെ ആകാംക്ഷയും അത്ഭുതവും മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവരുടെ മുഖത്തുണ്ടായിരുന്നു. വിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തപ്പോൾ മന്ത്രി റോഷി അഗസ്റ്റിന്റെ മുഖത്തും പ്രതീക്ഷ ഏറെയായിരുന്നു. കേരളം ജലാശയ ടൂറിസം രംഗത്ത് നേടിയ ഈ നേട്ടം ചില്ലറയൊന്നുമല്ല.
കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തതോടെ ടെയ്ക്ക് ഓഫ് ചെയ്ത ‘ഡിഹാവ്ലാന്‍ഡ് കാനഡ’ സീപ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി കായലില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കുള്ള സീ പ്ലെയിനിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ അങ്ങനെ വിജയകരമായി. മാട്ടുപ്പെട്ടിയില്‍ ജലവിഭവ മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സീപ്ലെയിനിനെ വരവേറ്റു. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍ കുട്ടി എന്നിവരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും, ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗും കന്നി പറക്കലിന്റെ ഭാഗമായി.സീ പ്ളെയിനിന്റ കോക്പിറ്റിലുണ്ടായിരുന്നത് പൈലറ്റുമാരായ കനേഡിയൻ ക്യാപ്റ്റൻ ഡാനിയൽ മോൺഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരായിരുന്നു.
തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം മാട്ടുപ്പെട്ടി ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ വിശാലമായിക്കിടക്കുന്ന മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയിൻ ഇറങ്ങാൻ എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് പ്രത്യേകത. ജനപ്രതിനിധികളും കെ.എസ്.ഇ.ബി, ഹൈഡല്‍ടൂറിസം ജീവനക്കാർ എന്നിവർ മാത്രമാണ് മാട്ടുപ്പെട്ടി ഡാമിലുണ്ടായത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ടേക്ക് ഓഫിനായി ഡാമില്‍ താത്ക്കാലികമായ ഒരു ബോട്ടുജെട്ടി ക്രമീകരിക്കുക എന്നതിനപ്പുറം കാര്യമായി മാറ്റങ്ങളൊന്നും വരുത്തിയില്ല. അതിനാല്‍ തന്നെ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ ഈ പദ്ധതി പരീക്ഷണം വിജയകരമാക്കാൻ പറ്റി എന്നത് മേന്മയാണ്. കൊച്ചിയില്‍ നിന്ന് മൂന്നാറിലെത്താന്‍ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം.
കാഴ്ച്ചയുടെ മായാലോകം തുറക്കുന്ന ചരിത്രമുഹൂര്‍ത്തമാണ് ഇതെന്നും വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് കാരണമാകുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. കൂടുതല്‍ സ്ഥലത്തേക്ക് സീ പ്ലെയിന്‍ പദ്ധതി വ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കരയിലും കായലിലും പറന്നിറങ്ങാനും പറന്നുയരാനും സീ പ്ലെയിനിന് സാധിക്കും. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിന്‍ പദ്ധതിയുടെ ലക്ഷ്യം.
സീ പ്ളെയിനിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ് വ്യക്തമാക്കി. ” ഇരട്ട എൻജിനുകളുള്ള സീ പ്ളെയിൻ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്തതാണ്. ‘കരയിലാണോ കടലിലാണോ ലാൻഡിങ് എന്നത് പ്രശ്നമല്ല” .
കരയിലും വെള്ളത്തിലും ലാൻഡ് ചെയ്യാവുന്ന ആംഫീബിയൻ വിമാനമാണ് സീ പ്ളെയിനായി ഉപയോഗിക്കുന്നത്. ഒരു വശത്ത് രണ്ടുസീറ്റുകളും മറുവശത്ത് ഒറ്റ സീറ്റുകളുമാണുള്ളത്. 17 പേർക്കു സഞ്ചരിക്കാം.പൈലറ്റും ക്രൂ അംഗങ്ങളും ഒഴികെ ഒൻപത് സഞ്ചാരികൾക്ക് യാത്ര ചെയ്‌യാം. വി.ഐ.പികളുടെ യാത്ര, മെഡിക്കൽ ആവശ്യങ്ങൾ, രക്ഷാപ്രവർത്തനം പോലുള്ള മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം. രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിൽ പറന്നിറങ്ങും.സീപ്ലെയിനിനു വലിയ റൺവേയുടെ ആവശ്യമില്ല. എണ്ണൂറ് മീറ്റർ നീളത്തിൽ റോഡിൽ വരെ ഇറങ്ങാനാകും എന്നതാണ് മേന്മ .
സീ പ്ലെയിൻ പദ്ധതിവഴി കേരളത്തിലെ ജലാശങ്ങളെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ (UDAN) കീഴിൽ നെടുമ്പാശ്ശേരി വിമാനത്താവളവും ബോൾഗാട്ടി പാലസും കേന്ദ്രമാക്കിയാകും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ളെയിൻ സർക്യൂട്ടും പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി സംസ്ഥാന ഗതാഗത, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു.
ആദ്യഘട്ടത്തിൽ സീറ്റിന് 12,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളുമായി സഹകരിച്ച് സീ പ്ളെയിൻ വിനോദയാത്രാ പാക്കേജിന്റെ ഭാഗമാക്കാനും സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങി .
Kerala’s seaplane tourism project achieves a milestone with the first trial run from Kochi to Mattupetti Dam. The amphibious De Havilland Canada seaplane promises to boost Kerala tourism, connecting major water bodies under the UDAN scheme.
