ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയേയും ക്യാബിനറ്റിലേക്ക് തിരഞ്ഞെടുത്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പുതുതായി രൂപീകരിക്കുന്ന ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയെന്ന നിർണായക സ്ഥാനമാണ് ഇരുവരും വഹിക്കുക. അമിത നിയന്ത്രണങ്ങളും അനാവശ്യ ചിലവുകളും ഒഴിവാക്കി ഫെഡറൽ ഏജൻസികളെ പുനസംഘടിപ്പിക്കുകയും ഭരണസംവിധാനം പൊളിച്ചെഴുതുകയുമാണ് വകുപ്പിന്റെ ലക്ഷ്യം. 2026 ജൂലൈ വരെയാണ് പുതിയ വകുപ്പിലേക്ക് ഇരുവരേയും തിരഞ്ഞെടുത്തിരിക്കുന്നത്.
ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല, സമൂഹമാധ്യമ പ്ലാറ്റ്ഫോം എക്സ്, സ്വകാര്യ ബഹിരാകാശ കമ്പനി സ്പേസ് എക്സ് എന്നിവയുടെ സ്ഥാപകനാണ് ഇലോൺ മസ്ക്. ലോകത്തെ അതിസമ്പന്നരിൽ ഒരാളായ മസ്ക് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന് ഏറ്റവുമധികം സംഭാവന നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. റോയ്വന്റ് സയൻസസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയായ വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നോമിനേഷന് ശ്രമിച്ചിരുന്നു. പിന്നീട് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം പിൻമാറുകയായിരുന്നു.
ഡിപാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്നാണ് പുതുതായി രൂപീകരിച്ച വകുപ്പിന്റെ പേര്. ഡൊണാൾഡ് ട്രംപ് പുതുതായി പുറത്തിറക്കാൻ ഒരുങ്ങുന്ന ക്രിപ്റ്റോ കറൻസിയുടെ പേരും DOGE കോയിൻ എന്നാണ് എന്നതും ശ്രദ്ധേയമാണ്.
US President Donald Trump appoints Elon Musk and Vivek Ramaswamy to the newly created Department of Government Efficiency. The department aims to reorganize federal agencies, eliminate excessive regulation, and reduce costs until July 2026.