“സംരംഭകർ പറഞ്ഞു സർക്കാർ കേട്ടു”-വെറും രണ്ടു വാക്കുകളിൽ കേരളത്തിന്റെ വ്യവസായ മേഖലയിലെ താല്പര്യവും പ്രതിബദ്ധതയും വരച്ചു കാട്ടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ സംരംഭം ആരംഭിക്കാമെന്ന നിയമത്തിലെ ചില പോരായ്മകൾ പരിഹരിച്ചു ഭേദഗതികൾ നടപ്പിലാക്കിയിരിക്കുകയാണ് വ്യവസായ വകുപ്പ്. ഇത് പ്രകാരം ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ‘തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം ( in principle approval )എന്ന വ്യവസ്ഥയാകും ലഭിക്കുക. 50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി ഇനി ലഭിക്കുക തത്വത്തിലുള്ള അംഗീകാര പത്രമായിരിക്കും.
ഇടതു സർക്കാർ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് കൊണ്ടുവന്നതിലൂടെ ഒരു മിനുട്ടിൽ 50 കോടി വരെയുള്ള സംരംഭങ്ങൾ ആരംഭിക്കാൻ നിലവിൽ സാധിക്കും . എന്നാൽ കെ-സ്വിഫ്റ്റ് അക്നോളജ്മെന്റ് ഉണ്ടെങ്കിലും ഇതിൻ്റെ ആധികാരികത സംബന്ധിച്ച് ബാങ്കിംഗ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആശയക്കുഴപ്പമുള്ളതായും മൂന്ന് വർഷം കഴിഞ്ഞ് ചില കടലാസുകൾ കിട്ടാൻ വിഷമതകളുണ്ടെന്നും സംരംഭകരും ചില സംഘടനകളും മെയിലിലൂടെയും നേരിട്ടും വ്യവസായവകുപ്പിനെ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നിയമപ്രകാരം 3 വർഷം പ്രവർത്തിച്ചുകഴിഞ്ഞ് 6 മാസത്തിനുള്ളിൽ എല്ലാ ലൈസൻസുകളും നേടിയെടുത്താൽ മതിയെന്നാണ് ഉണ്ടായിരുന്നത്.
6 മാസം കൊണ്ട് മുഴുവൻ ലൈസൻസുകളും നേടുന്നതിൽ ചിലപ്പോഴെങ്കിലും സംരംഭകർക്ക് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതി ലഭിച്ചതിനാൽ തുടർന്ന് വകുപ്പ് നടത്തിയ പരിശോധനയിലൂടെ ഇത്തരമൊരു പ്രതിസന്ധി സംരംഭകർക്ക് ഇല്ലാതിരിക്കുന്നതിനായി 2019ലെ പ്രധാന നിയമത്തിൽ സുപ്രധാനമായൊരു ഭേദഗതി സർക്കാർ കൊണ്ടുവന്നിരിക്കുകയാണ്. ഇനിമുതൽ കെ-സ്വിഫ്റ്റ് വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ‘തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രം’ എന്ന അധികാരമാണ് ലഭിക്കുക. ഇത് ബാങ്കുകളിലുൾപ്പെടെ സംരംഭകർ നേരിടുന്ന, 6 മാസം കൊണ്ട് മുഴുവൻ ലൈസൻസുകളും നേടുക എന്ന പ്രശ്നം പൂർണമായും ഇല്ലാതാക്കും. ഇപ്പോൾ കൊണ്ടുവന്ന ഭേദഗതിയിലൂടെ തത്വത്തിലുള്ള അംഗീകാര സാക്ഷ്യപത്രത്തിൻ്റെ കാലാവധിയായ മൂന്നര വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സംരംഭകന് ലൈസൻസ് നേടാൻ സാധിക്കും. ഇത് പ്രകാരം 50 കോടിയിൽ താഴെ മുതൽ മുടക്കു വരുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പു വിഭാഗത്തിൽ പെടാത്തതുമായ സംരംഭങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റ് വഴി ഇനി ലഭിക്കുക തത്വത്തിലുള്ള അംഗീകാര പത്രമായിരിക്കും. ഈ അംഗീകാരപത്രം ലഭിച്ചാൽ പിന്നെ ഒരു ഓഫീസിലും ലൈസൻസിനായി കയറിയിറങ്ങേണ്ട. മൂന്നര വർഷത്തിനുള്ളിൽ ബന്ധപ്പെട്ട അനുമതികൾ നേടിയാൽ മതിയാകും.
Kerala has amended the K-SWIFT system to simplify business approvals, offering “in-principle approval” for enterprises with investments below ₹50 crore, extending license validity to three and a half years.