സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ് N2 (ജിസാറ്റ് 20) ബഹിരാകാശത്തെത്തി. ഫ്ലോറിഡയിലെ കേപ്പ് കനാവർ സ്പേസ് ഫോർസ് സ്റ്റേഷനിൽ വെച്ചായിരുന്നു വിക്ഷേപണം. രാജ്യത്തിന്റെ കമ്യൂണിക്കേഷൻ മേഖലയിൽ വിപ്ലവാത്മകമായ മാറ്റമാണ് ജിസാറ്റ് 20 ഭ്രമണപഥത്തിൽ എത്തിയതോടെ സംഭവിക്കുക. 34 മിനുട്ട് നീണ്ട യാത്രയ്ക്കൊടുവിലാണ് ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നത്.
ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുകയാണ് ജിസാറ്റ് 20ന്റെ പ്രധാന ലക്ഷ്യം. വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ഒരുക്കാൻ ഇവ സഹായിക്കും. മാത്രമല്ല നഗരങ്ങളിൽ നിന്നും ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനും സാധിക്കും. ഇന്ത്യയുടെ വളർന്നു വരുന്ന ബ്രോഡ് ബാൻഡ് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് ഉപഗ്രഹത്തിന്റെ പ്രവർത്തനം. ജിസാറ്റ് 20 പൂർണമായും എൻഎസ്ഐല്ലിന്റെ നിയന്ത്രണത്തിലാണ്. ഇത് പൂർണ പ്രവർത്തന സജ്ജമാകുന്നതോടെ ഉൾപ്രദേശങ്ങളിലുള്ള ഇന്റർനെറ്റ് സേവനം സുഗമമാകും. 48ബിപിഎസ് കപ്പാസിറ്റിയിൽ 32 ബീമുകളാണ് ഇതിനായി ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ലക്ഷദ്വീപ്, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിലടക്കം ജിസാറ്റിലൂടെ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തും.
4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പതിനാല് വർഷത്തെ പരിശ്രമം കൊണ്ടാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയാണ് ജിസാറ്റ് 20യുടെ സവിശേഷത. കഴിഞ്ഞ ജനുവരിയിലാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് റോക്കറ്റിൽ ജിസാറ്റ് 20 വിക്ഷേപിക്കാൻ ധാരണയായത്. ഐഎസ്ആർഓയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എൻഎസ്ഐഎൽ) ചേർന്നാണ് ജിസാറ്റ് 20 വിക്ഷേപണം. എൻഎസ്ഐഎലും സ്പേസ് എക്സും ചേർന്ന് വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണിത്.
ജിസാറ്റ് 20യുടെ ഭാരം ഐഎസ്ആർഒ വിക്ഷേപക വാഹനമായ എൽവിഎം-3ന്റെ വാഹക ശേഷിയേക്കാൾ കൂടുതലായതിനാലാണ് വിക്ഷേപണത്തിനായി ഇലോൺ മസ്കിന്റെ സ്പേസ് എക്സിനെ ആശ്രയിക്കേണ്ടി വന്നത്. ചരിത്രത്തിലാദ്യമായി യുഎസ്സിൽ നിന്നും അവരുടെ റോക്കറ്റിൽ ഐഎസ്ആർഒ വിക്ഷേപണം നടന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിലവിൽ ജിസാറ്റിന്റെ വിക്ഷേപണത്തിന് മാത്രമാണ് സ്പേസ് എക്സുമായി കരാറുള്ളത്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.
Learn about the successful launch of India’s Gsat-20 satellite by SpaceX’s Falcon-9 rocket, revolutionizing broadband and in-flight connectivity with advanced Ka-band technology.