ആലപ്പുഴ ജില്ലയിൽ മോഷണം നടത്തിയ കുറുവ സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് കൊച്ചിയിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘത്തെ ചൊല്ലി കേരളത്തിൽ വീണ്ടും ഭീതി പടർന്നിരിക്കുകയാണ്. മോഷണത്തിനായി കൊല്ലാൻ പോലും മടിയില്ലാത്ത അക്രമകാരികളാണ് എന്നതിനാലാണ് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം പേടിപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുട്ടുഗ്രാമത്തിൽ നിന്നുള്ള ആയുധധാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം എന്നറിയപ്പെടുന്നത്. തമിഴ് നാട്ടിൽ ഇത് പോലെ നിരവധി കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങളുണ്ട്. അവയിൽ ഏറ്റവും അപകടകാരികളാണ് കുറുവ സംഘം.
കുറുവ സംഘത്തിൻറെ വരവിൽ ജനം ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പകൽ സമയത്ത് പഴയ സാധനങ്ങൾ പെറുക്കാനെന്ന വ്യാജേനയും മറ്റും വീടും പരിസരപ്രദേശങ്ങളും വീക്ഷിച്ച് രാത്രി മോഷ്ടിക്കാനെത്തുന്നതാണ് കുറുവ സംഘത്തിൻറെ രീതി. വലിയ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാത്ത സാധാരണക്കാരുടെ വീടുകളാണ് സംഘം കൂടുതലായി നോട്ടമിടുന്നത്. സിസിടിവി ക്യാമറകൾ കുറുവ സംഘം കാര്യമാക്കാറില്ല. അംഗങ്ങൾ കുറവുള്ള വീടുകളിലാണ് സംഘം കൂടുതലെത്തുന്നത്.
വീടുകളുടെ വാതിലുകൾ, പ്രത്യേകിച്ച് പിൻവാതിലിൻറെ സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് പറഞ്ഞു. എളുപ്പം പൊളിക്കാവുന്ന വാതിലുകളുള്ള വീടുകൾ സംഘം പ്രത്യേകം നോക്കിവെക്കും. ഇരുമ്പുകമ്പിയോ മറ്റ് ആയുധങ്ങളോ ഉപയോഗിച്ച് വീടുകളുടെ പിൻവാതിൽ തകർത്ത് അകത്ത് പ്രവേശിക്കുന്നതാണ് സാധാരണയായി കുറുവ സംഘങ്ങളുടെ മോഷണ രീതി. രണ്ട് പേർ ചേർന്നാണ് മോഷണത്തിന് എത്തുക പതിവ്. കുട്ടികൾ കരയുന്ന തരത്തിൽ ശബ്ദമുണ്ടാക്കിയും പൈപ്പ് തുറന്നിട്ടും മോഷ്ടാക്കൾ ആളുകളുടെ ശ്രദ്ധ തിരിച്ച് വീടിന് പുറത്തെത്തിക്കും. ഈ തക്കത്തിൽ വാതിൽ പൊളിച്ച് അകത്ത് കടക്കാറാണ് പതിവ്. അഥവാ വീട്ടുകാർ എതിർത്താൽ ആയുധം ഉപയോഗിച്ച് കീഴ്പ്പെടുത്തും.
കേരളത്തിൽ പ്രായമായവർ മാത്രമുള്ള വീടുകൾ വർധിക്കുന്നതാണ് കുറുവ മോഷണ സംഘം അടക്കമുള്ള മോഷണ സംഘങ്ങൾ പെരുകാൻ കാരണമെന്ന് സാമൂഹിക നിരീക്ഷകർ വിലയിരുത്തുന്നു. മുൻപ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പോലെ ഇപ്പോൾ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് യുവാക്കളുടെ കുത്തൊഴുക്കാണ്. ഇത് കാരണം നാട്ടിലെ വീടുകളിൽ പ്രായമായ അച്ഛനമ്മമാർ മാത്രമേ കാണൂ. ഇത്തരത്തിലുള്ള വീടുകൾ കുറുവ സംഘങ്ങൾ പ്രത്യേകം നോട്ടമിട്ട് വെക്കുന്നു. ഇതിനു പുറമേ മലയാളികൾ കൂടുതലായി സ്വർണവും പണവും വീട്ടിൽ സൂക്ഷിക്കുന്നവരാണ് എന്ന പൊതുധാരണയും ഉണ്ട്. ഇവ കൂടി ലക്ഷ്യമിട്ടാണ് മോഷണ സംഘങ്ങൾ വിലസ്സുന്നത്. പ്രായമായവർ അധികവും ഡിയിറ്റൽ പേയ്മെന്റുകൾ ഉപയോഗിക്കുന്നവർ ആകില്ല. അത് കാരണം ചിലപ്പോൾ അവർ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടാകും എന്ന ധാരണയിലാണ് മോഷണ സംഘം ഇത്തരം വീടുകൾ ലക്ഷ്യമിടുന്നത്.
കുറുവ സംഘത്തെ പിടിക്കുന്നതിൽ പൊലീസ് പെട്ടെന്ന് നടപടിയെടുത്തെങ്കിലും അന്യസംസ്ഥാന മോഷണ സംഘങ്ങൾ കേരളത്തിൽ പെരുകുകയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2021ൽ അന്യസംസ്ഥാന അതിക്രമികൾ ഉൾപ്പെട്ട 192 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ 2023ൽ അത് 519 ആയി. കേരളത്തിൽ അടുത്തിടെ നടന്ന മിക്ക എടിഎം മോഷണങ്ങളിലും പ്രതികൾ അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ്.
The recent arrest of the Kurua gang in Alappuzha has reignited fears about the violent robbery group from Tamil Nadu. Known for targeting unguarded homes and elderly residents, the gang’s activities underscore the need for heightened security measures in Kerala.