കുറഞ്ഞ വേഗതയുടേയും മോശം സേവനത്തിന്റേയും പേരിൽ നിരന്തരം പഴി കേട്ടുകൊണ്ടിരുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് മാറ്റത്തിന്റെ സൂചകമായാണ് വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത്. ആഢംബരത്തിലും സൗകര്യത്തിലും മികച്ചു നിൽക്കുന്ന സർവീസാണ് വന്ദേ ഭാരത് ട്രെയിനുകളുടേത്. എന്നാൽ സൗകര്യത്തിന്റെ കാര്യത്തിൽ വന്ദേ ഭാരതിനേയും വെല്ലുന്ന മറ്റൊരു ട്രെയിൻ ഇന്ത്യയിലുണ്ട്- രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ്. റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ഭാഗമായുള്ള ട്രെയിനിന്റെ പുതിയ റൂട്ട് കൂടി ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്നും ഡൽഹി വരെയാണ് പുതിയ തേജസ് എക്സ്പ്രസ്.
സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി പ്രീമിയം സൗകര്യങ്ങൾ അടങ്ങിയതാണ് തേജസ്സിലെ കോച്ചുകൾ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സഞ്ചരിക്കാൻ പാകത്തിലാണ് നിർമാണം. വൃത്തിയും വെടിപ്പുമാണ് തേജസ്സിന്റെ പ്രധാന സവിശശേഷത. താരതമ്യേന വലിയ സീറ്റുകളും യാത്ര സുഖകരമാക്കും.
പുതിയ തേജസ് എത്തുന്നതോടെ ഡൽഹി-ലഖ്നൗ യാത്ര 6.15 മണിക്കൂറായി ചുരുങ്ങും. നിലവിൽ ആറ് മണിക്കൂർ നാൽപ്പത് മിനിറ്റ് കൊണ്ട് എത്തുന്ന സ്വർണശതാബ്ദിയാണ് ഈ റൂട്ടിലെ വേഗമേറിയ ട്രെയിൻ. 1280 രൂപ മുതൽ 2450 രൂപ വരെയാണ് തേജസ്സിലെ ടിക്കറ്റ് നിരക്ക്. രാവിലെ 6.10ന് ലഖ്നൗവിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.25ന് ഡൽഹിയിലെത്തും. തിരിച്ചുള്ള യാത്രയിൽ ട്രെയിൻ 3.35ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.05ന് ലഖ്നൗവിലെത്തും. കാൺപൂർ, ഗാസിയാബാദ് എന്നീ സ്റ്റേഷനുകളിൽ മാത്രമേ ട്രെയിനിന് സ്റ്റോപ്പ് ഉള്ളൂ. ചൊവ്വ ഒഴികെ ആഴ്ചയിലെ ബാക്കി ദിവസങ്ങളിലെല്ലാം ട്രെയിൻ സർവീസുണ്ട്.
2019ലാണ് തേജസ് സ്വകാര്യ ട്രെയിൻ എന്ന നിലയിൽ തേജസ് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ട്രെയിനിന്റെ ഉടമസ്ഥാവകാശം ഇന്ത്യൻ റെയിൽവേക്ക് ആണെങ്കിലും ജീവനക്കാർ അടക്കമുള്ള കാര്യങ്ങൾ സ്വകാര്യ കമ്പനികളുടെ ചുമതലയാണ്. ഐആർസിടിസി വഴിയാണ് ട്രെയിൻ പ്രവർത്തനം.
Uttar Pradesh CM Yogi Adityanath inaugurated the Tejas Express, India’s first privately operated train, connecting Lucknow and New Delhi. Learn about its features, schedule, ticket prices, and future prospects.