ഡൽഹിയേയും കശ്മീരിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ജനുവരിയോടെ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) വഴിയാണ് കശ്മീരിനെ ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഓടുക. റൂട്ടിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറോടെ നിർമാണം പൂർത്തിയാകും.
2009 മുതൽ കശ്മീരിൽ വലിയ രീതിയിലുള്ള റെയിൽ വികസനമാണ് നടക്കുന്നത്. കശ്മീർ റെയിൽ പദ്ധതിയിലെ ബാരാമുള്ള-ഖാസിഗുണ്ട് ഭാഗത്തെ നിർമാണം 2009ൽ പൂർത്തിയായിരുന്നു. 2013ൽ ബനിഹാൽ-ഖാസിഗുണ്ട് പദ്ധതിയും 2014 ഉധംപൂർ മേഖലയിലെ റെയിൽ നിർമാണവും പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽ-സങ്കൽദാൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു.
272 കിലോമീറ്റർ ഡൽഹി-കശ്മീർ റെയിൽപ്പാതയിൽ സങ്കൽദാൻ മുതൽ റിയാസി വരെയുള്ള 255 കിലോമീറ്ററും റെയിൽവേ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി റിയാസി മുതൽ കത്ര വരെയുള്ള 17 കിലോമീറ്റർ പാതയുടെ ചില നിർമാണ പ്രവർത്തനങ്ങളും ടണൽ 33ലെ പണികളും മാത്രമേ ബാക്കിയുള്ളൂ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലം കൂടി അടങ്ങുന്നതാണ് ഡൽഹി-കശ്മീർ റെയിൽപ്പാത. റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി റെയിൽപ്പാത രാജ്യത്തിനായി സമർപ്പിക്കും എന്നാണ് പ്രതീക്ഷ.
ശൈത്യകാലത്ത് ഹൈവേകളും മറ്റ് റോഡുകളും അടച്ചിടുന്ന സാഹചര്യങ്ങളിൽ യുഎസ്ബിആർഎൽ പദ്ധതി ജനങ്ങൾക്ക് ഏറെ ആശ്വാസം പകരും. ഡൽഹിയിൽ നിന്ന് കശ്മീരിലേക്കുള്ള യാത്രാച്ചിലവും റെയിൽപ്പാതയുടെ വരവോടെ കുറയും. യുഎസ്ബിആർഎൽ പദ്ധതി ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരും. 38 ടണലുകളും 927 പാലങ്ങളും അടങ്ങുന്നതാണ് യുഎസ്ബിആർഎൽ പദ്ധതി.
The Delhi-Kashmir direct train service is set to launch in January 2025, marking a historic milestone in transportation. The USBRL project, featuring engineering marvels like the Chenab Bridge and Tunnel T-49, will connect Kashmir to India’s national rail network.