കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട ഇന്ത്യൻ നഗരങ്ങളിലെ വായു നിലവാര സൂചികയിൽ കുറവ് മലിനീകരണം രേഖപ്പെടുത്തി
തൃശ്ശൂരും തിരുവനന്തപുരവും. വായു മലിനീകരണ തോത് ഏറ്റവും കുറവ് രേഖപ്പെടുത്തിയ പത്ത് നഗരങ്ങളിൽ തൃശ്ശൂർ ഇടംപിടിച്ചപ്പോൾ ഭേദപ്പെട്ട നിലയിലുള്ള നഗരങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടം നേടിയത്. ഡൽഹി അടക്കമുള്ള പല ഉത്തരേന്ത്യൻ നഗരങ്ങളിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെയാണ് കേരളത്തിന്റെ അന്തരീക്ഷം തൃപ്തികരമായി തുടരുന്നത്.
ദേശീയ വായു നിലവാര സൂചികയിൽ നാലാം സ്ഥാനത്താണ് തൃശൂർ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന നഗരങ്ങളാണ് ‘നല്ല വായു’ ഉള്ളവയായി രേഖപ്പെടുത്തുക. തൃശൂരിന് സൂചികയിൽ 43 പോയിന്റാണ് ഉള്ളത്. കേരളത്തിൽ നിന്നും പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച ഏക നഗരം കൂടിയാണ് തൃശൂർ. വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും വമിക്കുന്ന പുകയിലെ പിഎം തോത് (Particulate Matter), സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ തോത് തൃശ്ശൂരിൽ അപകടകരമല്ലാത്ത നിലയിലാണ്.
തിരുവനന്തപുരത്ത് വായു ഗുണ നിലവാര സൂചിക 66 പോയിന്റാണ്. ഇന്ത്യയിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും കുറവ് വായു മലിനീകരണമുള്ള നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നിരവധി പരിസ്ഥിതി സൗഹാർദ പദ്ധതികളാണ് തിരുവനന്തപുരത്തിനെ അന്തരീക്ഷ നിലവാരം ഉയർത്താൻ സഹായിച്ചിട്ടുള്ളത്. 115 ഇലക്ട്രിക് ബസ്സുകൾ കൊണ്ടുവന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വായു മലീകരണ തോത് കുറയ്ക്കാൻ സഹായിച്ചു. കാർബൺ ക്രെഡിറ്റ് ട്രേഡിങ്, സോളാർ പ്രൊജക്റ്റുകൾ, എൽഇഡി ബൾബുകൾ, കൂടുതൽ ഇ-ബസ്സുകൾ തുടങ്ങിയവയിലൂടെ 2035 ആകുമ്പോഴേക്കും കാർബൺ ന്യൂട്രൽ പദവി നേടാനുള്ള ശ്രമത്തിലാണ് തലസ്ഥാന നഗരം.
അതേ സമയം രാജ്യതലസ്ഥാനമായ ഡൽഹി-എൻസിആറിലെ വായു മലിനീകരണ തോത് അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ത്യയിലെ ഏറ്റവും മോശം വായുനിലയുള്ള ഡൽഹിയുടെ പല ഭാഗത്തും എയർ ക്വാളിറ്റി ഇൻഡക്സ് സ്ഥിരമായി 450ന് മുകളിലാണ്.
ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ നാലാം ഘട്ടം നടപ്പിലാക്കി വരികയാണെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ വലിയ മാറ്റമില്ല. ഡൽഹിക്ക് പുറമേ ജയ്പൂർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. മിസോറാം തലസ്ഥാനമായ ഐസ്വാൾ ആണ് രാജ്യത്ത് ഏറ്റവും വായു മലിനീകരണം കുറഞ്ഞ നഗരം.
Thrissur and Thiruvananthapuram rank among Indian cities with the cleanest air. Learn how eco-friendly initiatives in Kerala set these cities apart from highly polluted northern regions.