രാജ്യത്തെ സ്റ്റാർട്ടപ്പുകൾ പ്രകടിപ്പിക്കുന്ന ശ്രദ്ധേയ വിജയത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത് യുവ സംരംഭകരാണ് എന്ന് എടുത്തു പറഞ്ഞു രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി സ്ത്രീ ശാക്തീകരണം, ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ’, യുവജന ശക്തി, സംരംഭക ഇന്ത്യ, വനിതാ ക്രിക്കറ്റ് അടക്കം കായികലോകത്തെ ഇന്ത്യയുടെ പുത്രിമാർ, രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. നേതൃത്വപരമായ കഴിവുകളും തൊഴിൽ നൈപുണ്യ വികസനവും ഉൾപ്പെടെ വിവിധ മേഖലകളിലെ അവസരങ്ങളുമായി യുവ പൗരന്മാരെ ബന്ധിപ്പിക്കുന്നതിന് ‘മേരാ യുവ ഭാരത്’ അഥവാ ‘മൈ ഭാരത്’ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠന സംവിധാനമൊരുക്കുന്നതും രാഷ്ട്രപതി എടുത്തു പറഞ്ഞു .
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും തുടർച്ചയായ സാമ്പത്തിക വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. സമീപഭാവിയിൽ തന്നെ ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നാം മുന്നേറുകയാണ്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക കരുത്തിനെ വന്‍തോതിൽ പുനർനിർമിക്കുകയാണ് നാം.
ലോകത്ത് ഏറ്റവും വലിയ യുവ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നമ്മുടെ യുവ സംരംഭകരും കായികതാരങ്ങളും ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും രാജ്യത്തിന് പുതിയ ഊർജം പകരുകയും ആഗോളതലത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ യുവജനങ്ങളില്‍ വലിയൊരു വിഭാഗം ഇന്ന് സ്വയംതൊഴിലിലൂടെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുന്നുണ്ട്. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ പ്രകടിപ്പിക്കുന്ന ശ്രദ്ധേയ വിജയത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത് യുവ സംരംഭകരാണ്. യുവതലമുറയുടെ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയങ്ങളിലൂടെയും പരിപാടികളിലൂടെയും രാജ്യവികസനം ത്വരിതപ്പെടും. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ രാജ്യത്തെ യുവശക്തി സുപ്രധാന പങ്കുവഹിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
രാജ്യത്തിന്റെ വികസനത്തിന് സ്ത്രീകളുടെ സജീവവും ശാക്തീകരിക്കപ്പെട്ടതുമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായുള്ള ദേശീയതലത്തിലുള്ള പരിശ്രമങ്ങൾ പല മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചിട്ടുണ്ട്. ‘ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ’ യജ്ഞം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. ‘പ്രധാനമന്ത്രി ജൻ ധൻ യോജന’ പ്രകാരം ഇതുവരെ 57 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചു. ഈ അക്കൗണ്ടുകളിൽ ഏകദേശം 56 ശതമാനവും സ്ത്രീകളുടേതാണ് എന്നത് ശ്രദ്ധേയമാണ്.
നമ്മുടെ സ്ത്രീകൾ പരമ്പരാഗത വാർപ്പുമാതൃകകൾ തകർത്തു മുന്നേറുകയാണ്. രാജ്യത്തിന്റെ സമഗ്രവികസനത്തിൽ അവർ സജീവമായ സംഭാവനകൾ നൽകുന്നു. സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പത്തുകോടിയിലധികം സ്ത്രീകൾ വികസനപ്രക്രിയക്കു പുതിയ നിർവചനം നൽകുന്നു. കൃഷിമുതൽ ബഹിരാകാശംവരെയും, സ്വയംതൊഴിൽമുതൽ സായുധസേനവരെയും എല്ലാ മേഖലകളിലും സ്ത്രീകൾ മുദ്ര പതിപ്പിക്കുന്നു. കായികരംഗത്തു നമ്മുടെ പെൺമക്കൾ ആഗോളതലത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ വർഷം നവംബറിൽ, ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പും, തുടർന്ന്, കാഴ്ചപരിമിതിയുള്ള വനിതകൾക്കായുള്ള ടി-20 ലോകകപ്പും വിജയിച്ച്, ഇന്ത്യയുടെ പുത്രിമാർ കായികചരിത്രത്തിൽ സുവർണ അധ്യായം കുറിച്ചു. കഴിഞ്ഞ വർഷം ചെസ്സ് ലോകകപ്പിന്റെ ഫൈനൽ മത്സരം, രണ്ട് ഇന്ത്യൻ വനിതകൾ തമ്മിലാണു നടന്നത്. കായികലോകത്ത് ഇന്ത്യയുടെ പുത്രിമാർ നേടിയ ആധിപത്യത്തിന്റെ തെളിവാണ് ഈ ഉദാഹരണങ്ങൾ. രാജ്യത്തെ ജനങ്ങൾ അവരെയോർത്ത് അഭിമാനിക്കുന്നു.
പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ വനിതാപ്രതിനിധികളുടെ എണ്ണം ഏകദേശം 46 ശതമാനമാണ്. സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണം പുതിയ ഉയരങ്ങളിലെത്തിക്കാൻ ലക്ഷ്യമിടുന്ന ‘നാരീശക്തി വന്ദൻ അധിനിയം’, സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ആശയത്തിന് അഭൂതപൂർവമായ കരുത്തുപകരും. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാരീശക്തിയുടെ പങ്കു നിർണായകമാകും. സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിലൂടെ, ലിംഗസമത്വത്തിലധിഷ്ഠിതമായ സമഗ്ര റിപ്പബ്ലിക്കിന് നമ്മുടെ രാജ്യം മാതൃകയാകുംഎന്നും രാഷ്ട്രപതി രാജ്യത്തിന് ഉറപ്പു നൽകി.
President Droupadi Murmu addresses the nation on the 77th Republic Day, praising India’s young entrepreneurs and women’s pivotal role in shaping a $5 trillion economy and ‘Viksit Bharat’ by 2047.
