മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം മഹാരാജ ചൈനയിലും റിലീസിനൊരുങ്ങുന്നു. നവംബർ 29ന് ചൈനയിലെ 40000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും എന്നാണ് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയുമധികം സ്ക്രീനുകളിൽ ഒരു ഇന്ത്യൻ ചിത്രം ചൈനയിൽ റിലീസ് ചെയ്യുന്നത് വൻ നേട്ടം കൊണ്ടു വരും.
ഇന്ത്യൻ ബോക്സോഫീസിൽ വൻ ഓളമുണ്ടാക്കിയ ചിത്രമാണ് മഹാരാജ. ഒടിടി പ്ലാറ്റ്ഫോമുകളിലും പടം ‘സൂപ്പർ രാജയായി. 25 കോടി ചിലവിൽ നിർമിച്ച ചിത്രം ദിവസങ്ങൾ കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. കൽക്കി 2898 എഡി പോലുള്ള വമ്പൻ റിലീസുകൾക്കിടയിലാണ് മഹാരാജ ജൈത്രയാത്ര നടത്തിയത് എന്നും ശ്രദ്ധേയമാണ്. 2024ലെ ഏറ്റവും കൂടുതൽ പണം വാരിയ തമിഴ് ചിത്രം കൂടിയാണ് മഹാരാജ.
ചൈനയിൽ ഒരു വിജയചിത്രം ഒരു സ്ക്രീനിൽ നിന്ന് 1000 മുതൽ 2000 ഡോളർ വരെ നേടാറുണ്ടെന്നും ഒരു സ്ക്രീനിൽ ചിത്രം 2000 ഡോളർ വെച്ച് നേടുകയാണെങ്കിൽ 40000 സ്ക്രീനിൽ പടം 80 മില്യൺ ഡോളറെങ്കിലും നേടുമെന്ന വമ്പൻ കണക്കു കൂട്ടലുകളിലാണ് സിനിമാ ജ്യോതിഷികൾ. 80 മില്യൺ ഡോളർ എന്ന് വെച്ചാൽ ഏകദേശം 700 കോടി രൂപയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ് ചൈനയുടേത്. ഇന്ത്യൻ സിനിമകൾക്കും ചൈനയിൽ വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ആമിർ ഖാന്റെ ദംഗൽ എന്ന ചിത്രം ചൈനയിൽ നിന്ന് 1300 കോടി രൂപ കലക്ഷൻ നേടിയിരുന്നു. ഒരു ഇന്ത്യൻ ചലച്ചിത്രം ചൈനയിൽ നേടിയ ഏറ്റവും വലിയ കലക്ഷനാണ് ദംഗലിന്റേത്.
Vijay Sethupathi’s blockbuster Maharaja is set to release in China on 40,000 screens on November 29. Already the highest-grossing Tamil film of 2024, the movie is poised to make massive profits, potentially earning Rs 700 crore in the Chinese market.