കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സമയാസമയങ്ങളിലുള്ള സ്കാനിങ്ങിന് വലിയ പങ്കുണ്ട്. ഈ സ്കാനിങ്ങിൽ പ്രധാനമാണ് 11 ടു 14 വീക് സ്കാൻ അഥവാ എൻ.ടി.സ്കാൻ ((Nuchal Translucency scan)). പതിനൊന്ന് ആഴ്ചയും, പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള ചെറിയ കാലയളവിലാണ് 11 ടു 14 വീക് സ്കാൻ ചെയ്യേണ്ടത് . പതിനൊന്ന് ആഴ്ചയ്ക്ക് മുൻപേ, അതായത് പത്ത് ആഴ്ചയും ആറ് ദിവസവുമായ വേളയിൽ ഇത് ചെയ്യാൻ പറ്റില്ല. പതിനാല് ആഴ്ചയിലും ഈ സ്കാനിങ് സാധ്യമല്ല. ഇങ്ങനെ പതിനൊന്ന് ആഴ്ചയ്ക്കും പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള കാലയളവിൽ എൻ.ടി. സ്കാൻ ചെയ്തിരിക്കണം.
കുട്ടിയുടെ തലയുടെ ഭാഗത്ത് നിന്ന് മലദ്വാരം വരെയുള്ള നീളത്തെ ക്രൗൺ റംപ് ലെങ്ത് (CRL) എന്നാണ് പറയുക. ഇത് 45-84 മില്ലിമീറ്ററിന് ഇടയിലുള്ള സമയത്ത് വേണം ചെയ്യാൻ. ഈ സമയത്ത് സ്കാൻ ചെയ്തില്ലെങ്കിൽ നമുക്ക് ഒരു ബസ് മിസ്സ് ചെയ്ത് പോലെയാണ്, തിരിച്ച് നടന്നെത്താൻ കഴിയില്ല. അത് കൊണ്ട് ഈ കാലയളവിൽ നിർബന്ധമായും എൻ.ടി. സ്കാൻ ചെയ്തിരിക്കണം.
ഭാവിയിൽ കുട്ടിയെക്കുറിച്ചുള്ള പല കാര്യങൾ 11 ടു14 വീക് സ്കാൻ അഥവാ എൻ.ടി. സ്കാനിലൂടെ അറിയാനാകും. കുട്ടിയുടെ ജാതകം എന്ന നിലയിൽ എൻ.ടി. സ്കാനിനെ കാണാം. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എൻ.ടി. സ്കാനിലൂടെ അറിയുകയും നിശ്ചയിക്കുകയും ചെയ്യാം. ഇത്രയും ഗുണങ്ങളുള്ള ഈ സ്കാനിങ് അതുകൊണ്ട് ഒരിക്കലും നഷ്ടപ്പെടുത്തരുത്.
രീതി
ആദ്യം സിആർഎൽ ലെങ്ത് നോക്കും. ഇതിലൂടെ കുട്ടിയുടെ പ്രായത്തിന് അനുസരിച്ചുള്ള വളർച്ച അറിയാം. എൻ.ടി സ്കാനിലെ ഈ കണക്കുകൂട്ടൽ ഏറ്റവും കൃത്യതയുള്ളതായിരിക്കും. ഇതിന് പുറമേ കൃത്യമായ പ്രസവ സമയം ഇതിലൂടെ മനസ്സിലാക്കാം. കുട്ടിയുടെ ഗർഭപാത്രത്തിലുള്ള വളർച്ച ഏകദേശം 40 ആഴ്ചയാണ്. ഈ 40 ആഴ്ച എന്നാണ് ആവുക എന്നത് എക്സെപെറ്റഡ് ഡേറ്റ് ഓഫ് ഡെലിവെറിയിലൂടെ (EDD) മനസ്സിലാക്കാം. കുട്ടിയുടെ വളർച്ച, എന്ന് പ്രസവിക്കണം എന്നൊക്കെ അറിയാനാകും എന്നത് കൊണ്ട് EDD വളരെ അത്യാവശ്യമാണ്. ഈ 40 ആഴ്ചയിൽ കൂടുതൽ ഗർഭപാത്രത്തിൽ കഴിഞ്ഞാൽ കുട്ടിക്ക് പ്രശ്നമാണ്. വളരെ നേരത്തെ പ്രസവം സംഭവിച്ചാലും കുട്ടിക്ക് പ്രശ്നമുണ്ടാകും. അത് കൊണ്ട് EDD എന്നാണ് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. സിആർഎൽ മെഷർമെന്റിലൂടെ EDD കൃത്യമായി അറിയാം.
എന്താണ് എൻ.ടി. സ്കാൻ?
ന്യൂകൽ ട്രാസ്ലൂസൻസി (Nuchal Translucency) എന്നതിന്റെ ചുരുക്കെഴുത്താണ് NT. കുട്ടിയുടെ കഴുത്തിനു പിന്നിൽ ഒരു ഫ്ലൂയിഡ് ഉണ്ടാകും. ആ സ്രവത്തിന്റെ കനമാണ് ന്യൂകൽ ട്രാസ്ലൂസൻസിയിലൂടെ അളക്കുന്നത്. ന്യൂകൽ ട്രാസ്ലൂസൻസി കൂടുകയാണെങ്കിൽ പല കാര്യങ്ങളും പ്രവചിക്കാനാകും. NT വളരെ കൂടുതലാണെങ്കിൽ കുട്ടിക്ക് ക്രോമൗസോമൽ അനോമലീസ് അഥവാ ജനിതക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡൗൺ സിൻഡ്രേം പോലുള്ള അസുഖങ്ങളും ഈ സ്കാനിലൂടെ അറിയാനാകും. ഇതിന് പുറമേ കുട്ടിയുടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, തലയോട്ടിയുടെ വളർച്ച തുടങ്ങിയ പല കാര്യങ്ങളും എൻ.ടി സ്കാനിലൂടെ നേരത്തേ കണ്ടുപിടിക്കാനാകും. കുട്ടി ജനിച്ചയുടൻ മരിച്ചുപോകാൻ സാധ്യതയുണ്ടോ എന്നും ഈ സ്കാനിങ്ങിലൂടെ അറിയാം. ഇത്തരം കാര്യങ്ങൾ നേരത്തേ അറിയുന്നതിലൂടെ കുഞ്ഞിനെ വളർത്തിയെടുക്കണോ വേണ്ടയോ എന്നും മാതാപിതാക്കൾക്ക് തീരുമാനിക്കാം.
എന്നാൽ ചില ഘട്ടങ്ങളിൽ ഹൈ റിസ്ക് ആണെന്ന് കരുതി കുട്ടിയെ അബോർട്ട് ചെയ്യാൻ ഒരുങ്ങുന്ന ദമ്പതികളുണ്ട്. ഇത് തെറ്റായ പ്രവണതയാണ്. ഒരു റോഡിൽ അപകടമേഖല എന്ന് എഴുതി വെച്ചതുപോലെയാണിത്. റോഡിൽ അപകടമേഖല എന്ന് എഴുതുന്നതിന്റെ അർത്ഥം അതിലൂടെ യാത്ര ചെയ്യരുത് എന്നല്ല, മറിച്ച് ശ്രദ്ധിച്ച് യാത്ര ചെയ്യണം എന്നാണ്. അത്പോലെ പ്രസവത്തിലെ ഹൈ റിസ്ക് ഘട്ടങ്ങളിൽ കൂടുതൽ പരിശോധനകളിലൂടെയും ശ്രദ്ധയോടെയും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഉറപ്പു വരുത്തുകയാണ് വേണ്ടത്. ഇതിനായി 11-14 ആഴ്ചയിൽ കുട്ടിയുടെ സെല്ലുകൾ പരിശോധന നടത്താനാകും. ജനിതക പ്രശ്നങ്ങൾ വരെ ഇങ്ങനെ മുൻകൂട്ടി അറിയുന്നതിലൂടെ കുട്ടിക്ക് പ്രാരംഭ ഘട്ടത്തിൽത്തന്നെ ചികിത്സ ഉറപ്പാക്കാനുമാകും.
ഇങ്ങനെ കുട്ടിയുടെ ഭാവിയെ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ അറിയാനും പ്രതിവിധി കണ്ടെത്താനുമായി എൻ.ടി.സ്കാൻ കൃത്യസമയത്ത് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക.
Learn about the significance of the NT scan (11-14 week scan) during pregnancy. Discover how it helps in determining the baby’s health, growth, chromosomal anomalies, and Expected Date of Delivery (EDD).