ഹഡിൽ ഗ്ലോബൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഭാവിയിലെ ഉൽപന്ന വികസന കേന്ദ്രം എന്ന നിലയിൽ വലിയ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024 ആറാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തെ ഡീപ് ടെക് തലസ്ഥാനമായി മാറുന്നതിനുള്ള രാജ്യത്തിന്റെ ശ്രമത്തിൽ കേരളം പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യ-കൃഷി, ബഹിരാകാശ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ഡിജിറ്റൽ മീഡിയ-വിനോദം, ഹെൽത്ത്കെയർ-ലൈഫ് സയൻസസ് എന്നീ അഞ്ച് മേഖലകളിലെ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന എമർജിംഗ് ടെക്നോളജി ഹബ് (ഇടിഎച്ച്) ഭാവി ഉൽപന്ന വികസന കേന്ദ്രമായാണ് കേരളം വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ മതിപ്പ് ചിലവ് 350 കോടിയാണ്. ലോകമെമ്പാടുമുള്ള സ്വകാര്യ നിക്ഷേപകരും സംരംഭകരും പുതിയ കമ്പനിയിൽ നിക്ഷേപം നടത്തുമെന്നാണ്‌ പ്രതീക്ഷ.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം രാജ്യത്തെ ഏറ്റവും മികച്ചതായിട്ടാണ് റാങ്കിംഗ് ചെയ്തിരിക്കുന്നതെന്നും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം അഭിവൃദ്ധി പ്രാപിക്കാൻ പ്രാരംഭ ഘട്ട മൂലധനം വളരെ പ്രധാനമായതിനാൽ ഏയ്ഞ്ചൽ ഫണ്ടുകൾ സൃഷ്ടിക്കുന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള, മലബാർ ഏയ്ഞ്ചൽ നെറ്റ് വർക്കുകൾ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്ത് ഇപ്പോൾ 6,100 സ്റ്റാർട്ടപ്പുകളുണ്ട്. ഇവ 62,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 5,800 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു.

സ്റ്റാർട്ടപ്പുകളുടെ കോ-വർക്കിംഗ് സ്പേസുകളായ ലീപ് (ലോഞ്ച് എംപവർ ആക്സിലറേറ്റ് ആൻഡ് പ്രോസ്പർ), വിദ്യാർഥി സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐഇഡിസി (ഇന്നൊവേഷൻ ഒൻട്രപ്രൊണർഷിപ്പ് ആൻഡ് ഡവലപ്മെൻറ് സെൻറേഴ്സ്) തുടങ്ങിയ സംരംഭങ്ങൾ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലോകബാങ്ക് ധനസഹായം നൽകുന്ന 200 ദശലക്ഷം ഡോളറിൻറെ പ്രോജക്ട് മാനേജുമെൻറ് യൂണിറ്റുകളിലൊന്നായി കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

അഡെസോ സ്റ്റാർട്ടപ് ഇൻഫിനിറ്റി, എആർഎഐ, ഇ റ്റു ഇ നെറ്റ് വർക്ക്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാർട്ടപ് ഇൻഫിനിറ്റി (യുഎസ്എ), എൽഒഐ ബ്രിട്ടീഷ് കൗൺസിൽ എന്നിവയുമായുള്ള ധാരണാപത്രങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി. സ്റ്റാർട്ടപ്പുകളുമായുള്ള സംവാദത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, സ്റ്റാർട്ടപ് ഇന്ത്യ ഡയറക്ടർ ഡോ.സുമീത് കുമാർ ജറങ്കൽ, ഇൻഫോസിസ് സഹസ്ഥാപകനും സംസ്ഥാന സർക്കാരിൻറെ ഹൈപവർ ഐടി കമ്മിറ്റി വൈസ് ചെയർമാനുമായ എസ്.ഡി ഷിബുലാൽ, നബാർഡ് ചെയർമാൻ കെ.വി. ഷാജി, കെഎസ് യുഎം സിഇഒ അനൂപ് അംബിക, എസ്ബിഐ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി, കെഎസ് യുഎം സിഒഒ ടോം തോമസ് എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായുള്ള കേരള സർക്കാരിൻറെ നോഡൽ ഏജൻസിയായ കെഎസ് യുഎം 2018 മുതൽ ‘ഹഡിൽ കേരള’ സംഘടിപ്പിക്കുന്നു. കേരളത്തിൻറെ കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവ് പ്രകടിപ്പിക്കാനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള സാധ്യതകൾക്ക് ഹഡിൽ ഗ്ലോബൽ-2024 വഴിയൊരുക്കും. ഡീപ്ടെക്, ആർ ആൻഡ് ഡി സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നുള്ള അത്യാധുനിക പരിഹാരങ്ങൾ നവംബർ 30 വരെ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ ആകർഷണമാണ്. ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധർ, ഇന്നൊവേറ്റേഴ്സ്, ഉപദേഷ്ടാക്കൾ, ഫണ്ടിംഗ് ഏജൻസികൾ തുടങ്ങിയവർ സമ്മേളനത്തിൻറെ ഭാഗമാകും.

പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വൻതോതിൽ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് ഹഡിൽ ഗ്ലോബൽ 2024 ൻറെ പ്രധാന ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് ഡിജിറ്റൽ പരിവർത്തനത്തിനുള്ള പ്ലാറ്റ് ഫോം ഹഡിൽ ഗ്ലോബലിൽ സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വർധിപ്പിക്കാനും ചെറുകിട സംരംഭകർക്ക് ഇതിലൂടെ സാധിക്കും.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് സെൻട്രൽ ട്യൂബർ ക്രോപ്സ്റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഎആർ-സിടിസിആർഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻഐഇഎൽഐടി), സെൽക്ത ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), കേരള സ്പേസ് പാർക്ക് (കെ-സ്പേസ്), കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ), നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻറർ (കെഎസ്സിഎസ്ടിഇ-നാറ്റ്പാക്), ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി എന്നിവ ഹഡിൽ ഗ്ലോബൽ-2024 ൻറെ പങ്കാളികളാണ്.

Kerala CM Pinarayi Vijayan inaugurates Huddle Global 2024, highlighting the state’s thriving startup ecosystem, emerging as a hub for deep tech, investment, and innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version