ക്രിക്കറ്റ് രംഗത്ത് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വേദിയാകാൻ സൗദി താത്പര്യം പ്രകടിപ്പിച്ചു. ഐപിഎൽ മത്സരങ്ങൾ സൗദിയിലും നടത്തുന്നതിലൂടെ വിദേശത്ത് നിന്ന് കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ സ്റ്റേഡിയം ജിദ്ദയിൽ നിർമിക്കും.
അതേ സമയം സൗദി സ്വന്തമായി ക്രിക്കറ്റ് ലീഗ് ആരംഭിക്കുമെന്നും ഐപിഎല്ലിൽ നിക്ഷേപം നടത്തുമെന്നുമുള്ള വാർത്തകൾ സൗദി പ്രതിനിധികൾ നിഷേധിച്ചു. ഐപിഎല്ലിൽ നേരിട്ട് നിക്ഷേപം നടത്താൻ സൗദിക്ക് പദ്ധതിയില്ല. എന്നാൽ ചില മത്സരങ്ങൾ മാത്രം സൗദിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ബിസിസിഐ അധികൃതരുമായി ചർച്ച നടത്തും. നേരത്തെ 2025 ഐപിഎല്ലിനുള്ള താരലേലം സൗദിയിലെ ജിദ്ദയിൽ നടന്നിരുന്നു. ഇത് ക്രിക്കറ്റ് കേന്ദ്രീകരിച്ചുള്ള നിക്ഷേപങ്ങളുടെ ആദ്യ പടിയാണെന്ന് അധികൃതർ അറിയിച്ചു.
ഫുട്ബോൾ, ടെന്നീസ്, ഗോൾഫ് എന്നീ കായിക മേഖലകളിൽ വമ്പൻ നിക്ഷേപമാണ് സൗദിക്ക് നിലവിലുള്ളത്. രാജ്യത്തെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയാണ് ഇതിലെല്ലാം വൻ നിക്ഷേപമുള്ളത്. ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി പ്രൊ ലീഗിലെ അൽ-നാസർ ക്ലബ്ബിലാണ് കളിക്കുന്നത്. സൂപ്പർതാരം നെയ്മർ ജൂനിയർ ലീഗിലെ അൽ-ഹിലാൽ ക്ലബ്ബിലും ഉണ്ട്. ഇവർക്ക് പുറമേ കരീം ബെൻസിമ, സാദിയോ മാനെ തുടങ്ങിയ വമ്പൻ താരനിരയും സൗദി ലീഗിൽ ബൂട്ടണിയുന്നു. പിഐഫിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡും സൗദിയുടെ ഉടമസ്ഥതയിലാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ക്രിക്കറ്റ് രംഗത്തും വൻ നിക്ഷേപം നടത്താൻ സൗദി തീരുമാനിച്ചിട്ടുള്ളത്.
Saudi Arabia plans to host Indian Premier League (IPL) matches to boost international tourism, with a world-class cricket stadium being built in Jeddah. While Saudi Arabia denies plans for its own cricket league or direct IPL investment, the country aims to strengthen its sports portfolio, following major investments in football, tennis, and golf.