BSNL ഡയറക്റ്റ് ടു ഡിവൈസ്

വയർലെസ് നെറ്റ്‌വർക്കിംഗും കണക്റ്റിവിറ്റിയും വൻ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമല്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. അത്തരം ഉൾനാടൻ സ്ഥലങ്ങളിൽ സെല്ലുലാർ ടവർ സ്ഥാപിക്കുന്നത് സാമ്പത്തികമായി പ്രായോഗികമല്ല. ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് സേവനത്തിലൂടെ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.

യുഎസ് ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി വിയാസാറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎല്ലിന്റെ ഉപകരണങ്ങളിലേക്ക് നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന സേവനം വരുന്നത്. രാജ്യത്തിൻ്റെ മുക്കിലും മൂലയിലും സെല്ലുലാർ സ്വീകരണം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് ബിഎസ്എൻഎൽ അവകാശപ്പെടുന്നു.

ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി ഒരു പുതിയ സാങ്കേതികവിദ്യയല്ല. ആപ്പിൾ , ഗൂഗിൾ തുടങ്ങിയ ഫോൺ നിർമാതാക്കൾ ഏറെക്കാലമായി ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഈ സേവനങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ നേരിട്ടുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനം ആരംഭിക്കുന്ന ആദ്യത്തെ ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ എന്നതാണ് പ്രത്യേകത.

പ്രവർത്തനം
സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന സ്മാർട്ട്ഫോൺ, ഉപഗ്രഹം, സെല്ലുലാർ ടവർ എന്നിവയാണ് ബിഎസ്എൻഎൽ ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റിക്ക് ആവശ്യമായ പ്രധാന ഘടകങ്ങൾ. സിഗ്നൽ പ്രശ്നം കാരണം ഫോണിന് അടുത്തുള്ള സെല്ലുലാർ ടവറുമായി ബന്ധം സ്ഥാപിക്കാൻ കഴിയാതെ വരുമ്പോൾ സ്മാർട്ഫോൺ ഉപഗ്രഹ സിഗ്നൽ സ്വീകരിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. തുടർന്ന് സാറ്റലൈറ്റ് അതേ സിഗ്നൽ അടുത്തുള്ള ടവറിലേക്ക് അയയ്‌ക്കുകയും അങ്ങനെ കണക്ഷൻ ലഭിക്കുകയും ചെയ്യും.

ബിഎസ്എൻഎൽ നടത്തിയ പരീക്ഷണങ്ങൾ പ്രകാരം, ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹം വഴി ടെക്സ്റ്റ് മെസേജ് അയയ്‌ക്കാനും സ്വീകരിക്കാനും ഡിവൈസിനു കഴിഞ്ഞു. റെസ്ക്യൂ ടീമിന് എസ്ഒഎസ് സന്ദേശങ്ങൾ അയയ്ക്കാൻ മാത്രമാണ് നിലവിൽ വിദേശ രാജ്യങ്ങളിൽ ഇത്തരം ഡിവൈസുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്‌മെൻ്റുകൾ വരെ നടത്താനാകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

സ്മാർട്ട്ഫോണിൽ പ്രവർത്തിക്കുമോ?
ഒരു ഉപഗ്രഹവുമായി നേരിട്ട് കണക്ഷൻ സ്ഥാപിക്കുന്നതിന് സ്മാർട്ട്ഫോണിൽ പ്രത്യേക ഹാർഡ് വെയർ സംവിധാനം ആവശ്യമാണ്. എന്നാൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളും ഐഫോണുകളും ബിഎസ്എൻഎൽ ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ പിന്തുണയ്ക്കുന്ന  തരത്തിലാക്കിയാൽ സേവനം കൂടുതൽ സാധാരണ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡയറക്റ്റ് ടു ഡിവൈസ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമാകുന്ന ഡിവൈസുകളുടെ വിവരം ബിഎസ്എൻഎൽ ഉടൻ തന്നെ പുറത്തു വിടും.

Discover how BSNL, in partnership with Viasat, is bringing India’s first Direct to Device Satellite Connectivity service. Learn how this groundbreaking technology aims to improve cellular reception in remote areas and enable UPI payments via satellite signals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version