ബാക്ക് ബെഞ്ചേഴ്സിനെ കുറിച്ചുള്ള ചർച്ചകൾ കൊണ്ടുവന്ന സിനിമയാണ് അടുത്തിടെ പുറത്തിറങ്ങിയ ‘സ്താനാർത്തി ശ്രീക്കുട്ടൻ’. സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും ചില വിദ്യാലയങ്ങൾ യു-ആകൃതിയിലുള്ള ക്ലാസ് മുറികൾ ( U-shaped seating arrangement in classrooms) കൊണ്ടുവന്നിരുന്നു. കൊല്ലം വാളകം ആർവിവി ഹൈസ്കൂൾ പോലുള്ള വിദ്യാലയങ്ങളിൽ ആരംഭിച്ച പരിഷ്കാരം പിന്നീട് തമിഴ്നാട്ടിലും എത്തുകയായിരുന്നു. കൂടുതൽ സ്കൂളുകളിലേക്ക് ഇരുസംസ്ഥാനങ്ങളും മാറ്റം കൊണ്ടുവരും എന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ഗൂപ്പ് (Mahindra Group) ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra) അടക്കമുള്ളവർ.

എല്ലാ കുട്ടികളെയും അധ്യാപകർക്കും അധ്യാപകർക്ക് കുട്ടികളേയും കാണാവുന്ന തരത്തിലാണ് യു-ആകൃതിയിലുള്ള ക്ലാസ് മുറികളിലെ സീറ്റ് ക്രമീകരണം.  അർധചതുരാകൃതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതാണ് പുതിയ രീതി. ഈ സംവിധാനത്തിലൂടെ എല്ലാ കുട്ടികളും മുൻബെഞ്ചിലേക്ക് എത്തുമെന്നും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാതാകുമെന്നുമാണ് വാദം. പുതിയ മാതൃക രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ അഭിമാനത്തോടെ “ബാക്ക്ബെഞ്ചർ” ബാഡ്ജ് ധരിച്ചിരുന്ന തങ്ങളെപ്പോലെ ഉള്ളവർക്ക് ഏറെ ചിന്തിക്കാൻ ഇടനൽകുന്നതായി ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെടുന്നു.

സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ “കൗതുകകരമായ പരീക്ഷണം” എന്നാണ് സംഭവത്തെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്. കേന്ദ്രീകൃത പഠനം പ്രോത്സാഹിപ്പിക്കാനും സന്തുലിത പഠനാന്തരീക്ഷം സൃഷിടിക്കാനും ഇതുലൂടെ സാധിക്കും. എന്നാൽ പിൻനിരയോടുള്ള സ്നേഹത്തെക്കുറിച്ച് ഓർമ്മിക്കുമ്പോൾ വിഷാദം മറച്ചുവെക്കാനാകുന്നില്ല. സ്കൂൾ കാലഘട്ടത്തിൽ ക്ലാസിന്റെ പിൻനിരയോടായിരുന്നു എന്നും താത്പര്യം. ബാക്ക്ബെഞ്ച് എന്നത് മാനസിക രക്ഷപ്പെടലാൽ കൂടിയാണ്. ആഴത്തിൽ ചിന്തിക്കാനുള്ള സ്ഥലമാണ്-അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 8 സ്കൂളുകളിലും പഞ്ചാബിൽ ഒരു സ്കൂളിലും പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ‘സ്താനാർത്തി ശ്രീക്കുട്ടൻ’ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥൻ പറഞ്ഞിരുന്നു. വാളകം സ്കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എട്ട് ഡിവിഷനുകളിൽ അടക്കമാണ് പുതിയ ക്രമീകരണം. സാധാരണ ക്ലാസ് മുറിയിൽ ഇടുന്നതു പോലെ കൂടുതൽ ഡെസ്ക്കുകളും ബെഞ്ചും ഇടാൻ സാധിക്കില്ലെങ്കിലും 35 വിദ്യാർഥികൾക്ക് വരെ ഒരേസമയം ‘മുൻബെ ബെഞ്ചിൽ’ ഇരിക്കാനാകും. കുട്ടികൾക്കെല്ലാവർക്കും തുല്യപ്രാധാന്യം ലഭിക്കുമെന്ന വിലയിരുത്തലിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകൾ.

അതേസമയം ക്ലാസ് മുറികളിൽ ബാക്ക്ബെഞ്ച് ഒഴിവാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസൺസിന്റെ ഭാഗത്തുനിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ക്ലാസ്മുറികളിൽ തുല്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ചിലർ നീക്കത്തെ പ്രശംസിക്കുന്നു. എന്നാൽ ബാക്ക് ബെഞ്ചുകളിൽ പലപ്പോഴും കാണപ്പെടുന്ന സൃഷ്ടിപരമായ സ്വാതന്ത്ര്യവും ശാന്തമായ നിരീക്ഷണവും പുതിയ നീക്കത്തിലൂടെ ഇല്ലാതാകുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. യു-ആകൃതിയിലുള്ള ലേഔട്ട് വിദ്യാർത്ഥികളുടെ കഴുത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്നും ചിലർ വാദിക്കുന്നു.

Inspired by the film ‘Sthanarthi Sreekuttan,’ some schools in Kerala and Tamil Nadu are adopting U-shaped classrooms, drawing reactions including from Anand Mahindra.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version