ചന്ദ്രയാൻ മൂന്നിന്റെ വിജയം ഇന്ത്യയെ ആഗോള ബഹിരാകാശ മേഖലയിൽ ശക്തരാക്കിയിരിക്കുകയാണ്. ഭാവിയിൽ ചൊവ്വ പര്യവേക്ഷണമാണ് ഇന്ത്യയുടെ പ്രധാന ചുവടുവെപ്പായി മാറാൻ പോകുന്നത്. സാങ്കേതിക വിജയത്തിലുപരി ചിലവ് കുറച്ച് കൂടുതൽ സാമ്പത്തിക നേട്ടമുള്ള പ്രൊജക്റ്റുകൾ ചെയ്യാനായി എന്നതാണ് ചന്ദ്രയാൻ മൂന്നിന്റെ സവിശേഷത. തദ്ദേശീയമായ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ചന്ദ്രയാന്റെ നിർമാണവും എടുത്ത് പറയേണ്ടതാണ്. ഇതെല്ലാം ബഹിരാകാശ രംഗത്ത് ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. ഭാവിയിലെ പ്രവർത്തനങ്ങൾക്കും ഇവ ഏറെ പ്രചോദനകരമാണ്. പറയുന്നത് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2024-നെത്തിയതായിരുന്നു ഡോ. എസ്. സോമനാഥ്. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കവേ ബഹിരാകാശ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കി.
സ്പേസ് സ്റ്റാർട്ടപ്പുകൾക്ക് ഇന്ത്യയിൽ വലിയ സാധ്യതകളാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റ് നിർമാണം മുതൽ അപ്ലിക്കേഷനുകളിൽ വരെ ആ സാധ്യതകൾ പരന്നുകിടക്കുന്നു. അപ്ലേക്കേഷൻ മേഖലയിലാണ് കൂടുതൽ ബിസിനസ് സാധ്യതകൾ ഉള്ളത്. അത് കൊണ്ട് തന്നെ കൂടുതൽ പുതിയ സംരംഭകർ അപ്ലിക്കേഷൻ മേഖലയിലേക്ക് കടന്നു വരും എന്നാണ് പ്രതീക്ഷ. കോടികളുടെ ബിസിനസ് സാധ്യതയാണ് ഇതിലൂടെ രാജ്യത്ത് വരാൻ പോകുന്നത്. കൂടുതൽ പുതിയ സാറ്റലൈറ്റ് നിർമാണങ്ങൾക്കും കൂടുതൽ റോക്കറ്റ് ലോഞ്ചിംഗ് പദ്ധതികൾക്കും ഇത് വഴിവെക്കും.
രാജ്യത്തിന് പ്രാധാന്യം നൽകിയാണ് ഐഎസ്ആർഒ പ്രൊജക്റ്റുകൾ പ്രവർത്തിക്കുന്നത്. ആത്മനിർഭർ ഭാരത് എന്ന ആശയം പിന്തുടർന്ന്
കൂടുതൽ തദ്ദേശീയ സംരംഭങ്ങളിലേക്ക് കടക്കാനാണ് ഐഎസ്ആർഒയുടെ ശ്രമം. വികസിപ്പിക്കപ്പെടുന്ന ഓരോ സാങ്കേതികവിദ്യയും രാഷ്ട്രത്തിനും രാഷ്ട്ര നിർമാണത്തിനും പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിൽ ഉള്ളതാക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഇതിനായുള്ള ബജറ്റ് തീരെ കുറവല്ലെങ്കിലും അതിന് പരിമിതികളുണ്ട്. അത് കൊണ്ട് തന്നെ അമിത ധനവ്യയം നിയന്ത്രിക്കുന്നതിലും ഐഎസ്ആർഒ പ്രാധാന്യം നൽകുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ആറ് വർഷം കൊണ്ട് ഐഎസ്ആർഒയ്ക്ക് ഏറെ ഗുണകരമായി. ബഹിരാകാശ രംഗത്തെ അസാധാരണ ശക്തിയായി ഇന്ത്യയെ മാറ്റുന്നതിൽ ഇവ സഹായകരമായി. അത്കൊണ്ടാണ് ലോകരാജ്യങ്ങൾ ബഹിരാകാശ രംഗത്ത് ഇന്ത്യയെ വിലമതിക്കുന്നത്. ചാന്ദ്രയാൻ, ചൊവ്വ പ്രയവേക്ഷണം പോലുള്ള ഇന്ത്യയുടെ വിജയങ്ങൾ ഇതിനു തെളിവാണ്. ഇപ്പോൾ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഉയർച്ചയുടെ പുതിയ പടവുകൾ താണ്ടാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ. മുൻപ് ഇത്തരം പ്രവർത്തനങ്ങൾ ഗവേഷണ-സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങിയതായിരുന്നു. എന്നാലിപ്പോൾ അത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. സ്റ്റാർട്ടപ്പുകലുമായി നിക്ഷേപകരുമായുള്ള കൂടുതൽ കൂടിക്കാഴ്ചകൾ സ്വകാര്യ പങ്കാളിത്തം കൂടുതൽ മേഖലകളിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഉള്ളതാണ്. സ്വകാര്യ മേഖലയിലെ ബഹിരാകാശ മേഖലയിൽ ഇന്ത്യയൊട്ടാകെ വലിയ മാറ്റം വരണം എന്ന് ഐഎസ്ആർഒ ആഗ്രഹിക്കുന്നു. സാങ്കേതിക വിദ്യയ്ക്കപ്പുറം സംരംഭക മികവാണ് ഇതിൽ പ്രധാന ഘടകം.
സ്വകാര്യ ബഹിരാകാശ-വ്യോമയാന സംരംഭക മേഖലയിലെ കോർപറേറ്റ് സാന്നിദ്ധ്യത്തെക്കുറിച്ചും സോമനാഥിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിൽ സ്വകാര്യ ബഹിരാകാശ സംരംഭക മേഖല ശക്തമാണ്. അതിൽ ഒരു തെറ്റുമില്ല. പക്ഷേ അമേരിക്കയിലേത് പോലെ ഈ സ്വകാര്യ സംരംഭം മറ്റിടങ്ങളിൽ അത്ര വിജയിച്ചു കണ്ടിട്ടില്ല. യുഎസ് കമ്പനികളായ ലോക്ഹീഡ് മാർട്ടിൻ (Lockheed Martin), ബോയിങ് (Boeing) തുടങ്ങിയ കമ്പനികൾ ഈ രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തിയവയാണ്. ഇപ്പോൾ ഇലോൺ മസ്കിന്റെ സ്പേസ് എക്സും ബഹിരാകാശ രംഗത്തെ അതികായരായ സ്വകാര്യ സംരംഭമാണ്. എന്നാൽ സ്പേസ് എക്സ് പോലെ മറ്റ് കമ്പനികൾ ഈ രംഗം അടക്കി ഭരിക്കുന്നു എന്ന് പറയാനാകില്ല. ഇലോൺ മസ്ക് എന്ന ഒരൊറ്റ വ്യക്തി മുന്നിൽ നിന്ന് നയിക്കുന്നു എന്നതാണ് സ്പേസ് എക്സിനെ സവിശേഷമാക്കുന്നത്. ലോക്ഹീഡ് മാർട്ടിനും ബോയിങ്ങിനുമൊന്നും അങ്ങനെ ചൂണ്ടിക്കാണിക്കാൻ ഒരൊറ്റ മുഖമില്ല. അത് കൊണ്ടാണ് കോർപറേറ്റ് സാന്നിദ്ധ്യം പെട്ടെന്നുണ്ടായ ഒന്നാണ് എന്ന തോന്നൽ നമുക്കുണ്ടാകുന്നത്. എന്നാൽ ഈ സാന്നിദ്ധ്യം മുൻപേ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇൻ-സ്പേസിന്റെ വരവോടെ രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതുജീവൻ വെച്ചതായി സോമനാഥ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തോളമായി സ്വകാര്യ ബഹിരാകാശ മേഖല വളരുന്നുണ്ട്. എന്നാൽ അതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ ബഹിരാകാശ നയങ്ങളും ഇൻ-സ്പേസും സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് വലിയ പിന്തുണയായി.
ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ആകുമെന്ന് സോമനാഥ് കരുതുന്നു. വാർത്താധിഷ്ഠിത സാധ്യതകൾക്കൊപ്പം സംരംഭക മേഖലയിലും ഇന്ത്യൻ ബഹിരാകാശ മേഖല വൻ മാറ്റങ്ങൾ കൊണ്ടു വരും.
Discover ISRO Chairman Dr. S. Somanath’s insights on India’s space ambitions, Chandrayaan-3’s impact, and the evolving role of private players in the space sector, shared during Huddle Global 2024.