സ്റ്റാർട്ടപ്പ് വേദിയിലും താരമായി പാട്ടുകാരൻ ഹരീഷ് ശിവരാമകൃഷ്ണൻ. ടെക് കമ്പനി ക്രെഡിന്റെ (CRED) പ്രതിനിധിയായാണ് ഹരീഷ് ഹഡിൽ ഗ്ലോബൽ 2024 വേദിയിലെത്തിയത്. എന്നാൽ ക്രെഡിന്റെ ഡിസൈൻ ഹെഡായ ഹരീഷിന് ചുറ്റും ആള് കൂടിയത് പ്രൊഡക്റ്റ് ഡെവലപ്മെന്റിനെക്കുറിച്ചോ സാങ്കേതിക വിദ്യയെക്കുറിച്ചോ സംസാരിക്കാനല്ല-സംഗീതം കൊണ്ടാണ്. ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംഗീതം, ടെക്നോളജി, നിലപാട് എന്നിവയിൽ ഉറച്ച യാത്രയെക്കുറിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ സംസാരിക്കുന്നു.
ഒരു സ്റ്റാർട്ടപ്പ് ഇവന്റിൽ താനും ആ കൂട്ടായ്മയുടെ ഭാഗം മാത്രമാണെന്ന് ഹരീഷ്. പലതരം കാഴ്ചപ്പാടിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ് തനിക്ക് ഇത്തരം കൂട്ടായ്മകൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടെക് രംഗത്ത് അപ്ഡേറ്റഡായി നിൽക്കാൻ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നാണ് ഹരീഷിന്റെ അഭിപ്രായം. ചുറ്റുമുള്ളവർ നമ്മളേക്കാൾ കഴിവുള്ളവരാണ്. അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. ചുറ്റുപാടുമുള്ള കാര്യങ്ങളെ പരമാവധി മനസ്സിലാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് താൻ.
പ്രൊഫഷനൽ രംഗത്ത് മാത്രമല്ല സാമൂഹിക രംഗത്തും നിലപാടുകൾ കൃത്യമാകാൻ സഹായിക്കുന്നത് ഈ മനസ്സിലാക്കലുകളാണ്. പുതിയ ശരികൾക്കനുസരിച്ച് ചിലപ്പോൾ നിലപാടിൽ മാറ്റമുണ്ടാകാം. അതെല്ലാം വ്യക്തിയെന്ന നിലയിലുള്ള വളർച്ചയുടെ ഭാഗമാണെന്ന് ഹരീഷ് പറയുന്നു. പുതിയ തലമുറ മികച്ച രീതിയിലാണ് പോകുന്നത്. ഉള്ളത് ഉള്ളതുപോലെ പറയാൻ മടിയില്ല എന്നതാണ് പുതിയ തലമുറയുടെ സവിശേഷത. യുവതലമുറയുടെ ഈയൊരു മൂല്യമാണ് ഹരീഷിനെ ഏറ്റവും ആകർഷിച്ചിട്ടുള്ളത്.
അകം എന്ന ഹരീഷിന്റെ ബാൻഡും ഒരു സംരംഭം നിലയിൽ മികച്ച വളർച്ചയുടെ പാതയിലാണ്. മികച്ച രീതിയിലുള്ള ഓഡിയൻസ് സപ്പോർട്ടാണ് ബാൻഡിന് ലഭിക്കുന്നത്. കഴിഞ്ഞ ആറേഴ് വർഷത്തിനുള്ളിൽ ബാൻഡ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി. നിരവധി സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും സമൂഹ മാധ്യമങ്ങളും ഈ സ്വീകര്യതയിൽ വലിയ പങ്ക് വഹിച്ചു. കൂടുതൽ മൂസ്ക് ഫോമുകളിലേക്ക് ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെയുള്ള യുവാക്കൾക്കിടയിൽ അകം ഇടം നേടി.
അറിയപ്പെടുന്ന ആളുകൾ ഓഡിറ്റ് ചെയ്യപ്പെടുക എന്നത് സ്വാഭാവികമാണ്. പ്രശസ്തനായിരിക്കുന്നതിൽ ഗുണങ്ങൾ ഏറെയുണ്ട് എന്നത് പോലെത്തന്നെ നമ്മുടെ ജീവിതം ഓഡിറ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ അതിനെല്ലാം ഒരു പരിധി വേണെമന്നും എ.ആർ. റഹ്മാന്റെ വിവാഹമോചന വിഷയത്തിലെ സമൂഹമാധ്യമ ഇടപെടൽ സൂചിപ്പിച്ച് ഹരീഷ് പറഞ്ഞു.
Harish Sivaramakrishnan, singer and CRED design head, shares insights on music, technology, and personal growth at Huddle Global 2024. Discover his inspiring journey and the rise of his band, Akam.