ഫ്രഞ്ച് വിമാനനിർമാണ കമ്പനി എയർബസ്സുമായി ചേർന്ന് എയ്റോസ്പേസ് ഗവേഷണ കേന്ദ്രവുമായി മഹീന്ദ്ര സർവകലാശാല. എയ്റോസ്പേസ് സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യത്ത് നവീനമായ ടാലന്റ് പൂൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാഠ്യപദ്ധതി വികസനം, പരിശീലനം, സ്റ്റുഡന്റ് എക്സചേഞ്ച്, പ്ലേസ്മെന്റ് തുടങ്ങി നിരവധി കാര്യങ്ങളിൽ പദ്ധതിയിലൂടെ സഹകരിച്ച് പ്രവർത്തിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), ആധുനിക അനലിറ്റിക്സ്, സൈബർസെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുക.മഹീന്ദ്ര സർവകലാശാലയും എയർബസ്സും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു.
വ്യാവസായിക പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മഹീന്ദ്ര സർവകലാശാലയുടെ പ്രവർത്തനങ്ങളും ആഗോളതലത്തിൽ എയ്റോസ്പേസ് സാങ്കേതികവിദ്യ കുറ്റമറ്റതാക്കാനുള്ള എയർബസ്സിന്റെ ലക്ഷ്യവും ഇഴചേരുന്നതാണ് പദ്ധതി. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ എയ്റോസ്പേസ് കമ്പനിക്ക് കീഴിൽ ഇന്റേൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾ പദ്ധതിയിലൂടെ സാധ്യമാകും.
എയർബസ്സിന്റെ വൈദഗ്ധ്യവും മഹീന്ദ്ര യൂണിവേഴ്സിറ്റിയുടെ ഉന്നത നിലവാരത്തിലുള്ള കറിക്കുലവും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യുമെന്ന് എയർബസ് ഇന്ത്യ, സൗത്ത് ഏഷ്യാ പ്രസിഡന്റ് എംഡി റമി മലാർഡ് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് എയർബസ്സിന്റെ പ്രോജക്ടുകളിലും ഗവേഷണങ്ങളിലും പങ്കെടുക്കാൻ ഈ സഹകരണം അവസരം നൽകും. ഇത് അക്കാദമിയുടെയും വ്യവസായത്തിന്റെയും സഹകരണം ഉറപ്പാക്കുമെന്ന് മലാർഡ് വ്യക്തമാക്കി.
മഹീന്ദ്ര ഗ്രൂപ്പിന്റെ ഐടി വിഭാഗമായ ടെക് മഹീന്ദ്ര ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് മഹീന്ദ്ര സർവകലാശാല. 2014ൽ ഹൈദരാബാദിലാണ് സർവകലാശാല ആരംഭിച്ചത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തന്നെയാണ് സർവകലാശാലയുടെ ചെയർമാൻ സ്ഥാനവും വഹിക്കുന്നത്.
Mahindra University collaborates with Airbus to drive innovation and education in aerospace and digital technologies, offering students real-world exposure and global opportunities.