രാജ്യത്ത് ഒന്നര ലക്ഷം സ്റ്റാർട്ടപ്പുകളിൽ 5000 എണ്ണം അടച്ചു പൂട്ടിയതായി ഗവൺമെന്റ് രേഖകൾ. ഡിപാർട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡിനു (DPIIT) കീഴിലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്ത 5063 സ്റ്റാർട്ടപ്പുകൾ (3.3 ശതമാനം) പ്രവർത്തനം നിർത്തിയതായി കോർപറേറ്റ് അഫേഴ്സ് മന്ത്രാലയത്തിന്റെ രേഖകൾ പറയുന്നു. ഡിസംബർ അഞ്ച് വരെയുള്ള കണക്കാണിത്. ലോക്സഭയിലെ ചോദ്യത്തിന് ഉത്തരമായി സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ് കണക്കുകൾ പുറത്തുവിട്ടത്.
929 സ്റ്റാർട്ടപ്പുകൾ പ്രവർത്തനം അവസാനിപ്പിച്ച മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ പൂട്ടിയത്. കർണാടകയിൽ 644, ഡൽഹിയിൽ 593, യുപിയിൽ 487, തെലങ്കാനയിൽ 301 എന്നിങ്ങനെയാണ് പ്രവർത്തനം അവസാനിപ്പിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം.
അതേ സമയം 55 മേഖലകളിലായി റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഇതുവരെ 16.6 ലക്ഷം പേർക്ക് ജോലി നൽകിയതായി മന്ത്രി പറഞ്ഞു. ഐട് മേഖലയിലെ സ്റ്റാർട്ടപ്പുകളാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നത്. 2.04 ലക്ഷം പേരാണ് ഐടി സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നത്. ആരോഗ്യ വിഭാഗത്തിൽ 1.47 ലക്ഷം പേരും പ്രൊഫഷനൽ സർവീസ് മേഖലയിൽ 94000 പേരും ജോലി ചെയ്യുന്നുണ്ട്. എഡ് സ്റ്റാർട്ടപ്പുകൾ 90000 പേർക്ക് ജോലി നൽകുമ്പോൾ നിർമാണ മേഖലയിലേയും ഭക്ഷ്യമേഖലയിലേയും സ്റ്റാർട്ടപ്പുകൾ 88000 ആളുകൾക്ക് വീതം ജോലി നൽകുന്നു.
Out of 1.52 lakh startups recognized under Startup India, 5,063 have shut down as of December 2024. Despite this, the programme has created 16.6 lakh jobs across 55+ industries, showcasing its significant economic impact.