സ്കൂള്‍-കോളേജ് വിദ്യാർഥികള്‍ക്കുള്ള KSRTCയുടെ വിനോദ വിജ്ഞാനയാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ക്ക് പ്രിയമേറുന്നു. ട്രാവല്‍ ടു ടെക്നോളജിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യയാത്ര നടത്തിയത് മലപ്പുറം ജില്ലയാണ്. പാലക്കാടാണ് രണ്ടാമത്തെ യാത്ര നടത്തിയത്. 135-ലധികം കേന്ദ്രങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആണ് ട്രാവല്‍ ടു ടെക്നോളജി യാത്രകൾ സംഘടിപ്പിക്കുന്നത്.
വിദ്യാർഥികള്‍ക്ക് സാങ്കേതിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണ് വിനോദ വിജ്ഞാന യാത്ര ‘ട്രാവല്‍ ടു ടെക്നോളജി’ ഒരുക്കിയത്. വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതല്‍ അറിയുകയും വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർഥികളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
ഐ.എസ്.ആർ.ഒ, കെ.എസ്.ആർ.ടി.സി. റീജണല്‍ വർക്ഷോപ്പുകള്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മില്‍മ പ്ലാന്റ് തുടങ്ങി കേരളത്തിലെ വിവിധ യൂണിറ്റുകളില്‍നിന്നുള്ള 135-ലധികം പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ‘ട്രാവല്‍ ടു ടെക്നോളജി’ യാത്രാപാക്കേജില്‍ ഉള്‍പ്പെടുത്തിയത്.
സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഒരുദിവസം ഭക്ഷണമുള്‍പ്പെടെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദർശിക്കുന്നതിന് 500 രൂപയില്ത്താഴെയായിരിക്കും ചാർജ്. രാവിലെ പുറപ്പെട്ട് വൈകീട്ട് തിരികെയെത്തുന്ന രീതിയിലാണ് ക്രമീകരണം. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും.
പാലക്കാട് ജില്ലയില്‍നിന്നുള്ള ആദ്യയാത്രയില്‍ പെരുവെമ്പ് ഗവ. ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുത്തത്. ചാവക്കാട് മറൈൻ അക്വേറിയം, തൃശ്ശൂർ മൃഗശാല എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ചിറ്റൂർ ഡിപ്പോ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര സംഘടിപ്പിച്ചത്.
KSRTC’s ‘Travel to Technology’ educational tours offer students an immersive experience in industrial and technological sectors across Kerala, promoting hands-on learning.