ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച ഇന്ത്യൻ താരം ഗുകേഷിന് കിട്ടുക കണ്ണഞ്ചിക്കുന്ന പ്രൈസ് മണി ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വിശ്വ കിരീടം സ്വന്തമാക്കിയ 18കാരന് വൻ തുകയാണ് കാത്തിരിക്കുന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്. ഏതാണ്ട് 11 കോടി രൂപയോളമാണ് ലോക ചാമ്പ്യനായ ഗുകേഷിന് കിട്ടുന്നത്.
രജനീകാന്ത് പത്മ ദമ്പതികളുടെ മകനായി ചെന്നൈയിലെ തെലുങ്ക് കുടുംബത്തിൽ 2006 മെയ് 29നാണ് ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷിന്റെ ജനനം. ഏഴാം വയസ്സ് മുതൽ ഗുകേഷ് ചെസ്സിന്റെ ലോകത്തേക്കെത്തി. ചെറുപ്രായം മുതൽക്കു തന്നെ ഗുകേഷ് നിരവധി പ്രാദേശിക ടൂർണമെന്റുകളിൽ മിന്നും താരമായി. 2015ൽ ഏഷ്യൻ സ്കൂൾ ചാംപ്യൻഷിപ്പ് അണ്ടർ 9 വിഭാഗത്തിൽ ചാംപ്യൻ ആയതോടെയാണ് ഗുകേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2018ൽ അണ്ടർ 12 ലോക യൂത്ത് ചാംപ്യൻഷിപ്പിലും ഗുകേഷ് വെന്നിക്കൊടി പാറിച്ചു. അതേ വർഷം അണ്ടർ 12 ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണമാണ് ഗുകേഷ് നേടിയത്.
വെറും പന്ത്രണ്ടാമത്തെ വയസ്സിലാണ് ഗുകേഷ് ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്നത്. 2023ൽ 2750 റേറ്റിങ് എന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. 2023ൽത്തന്നെ ഗുകേഷ് വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യക്കാരിൽ ലോക ചെസ് റാങ്കിങ്ങിൽ ഒന്നാമതായി. 2024ൽ അദ്ദേഹം കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ് ചാംപ്യനായി. ഇതോടെയാണ് ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനായ ഡിങ് ലിറന്റെ എതിരാളിയായി ഗുകേഷ് തിരഞ്ഞെടുക്കപ്പെടുന്നത്.
ടൈംസ് നൗ റിപ്പോർട്ട് പ്രകാരം പ്രായം കുറഞ്ഞ ലോക ചാംപ്യൻ പ്രായം കുറഞ്ഞ കോടീശ്വരൻമാരിൽ ഒരാളുമാണ്. 2024ൽ 1.5 മില്യൺ ഡോളർ അഥവാ 8.26 കോടി രൂപയാണ് ഗുകേഷിന്റെ ആസ്തി. വലിയ ടൂർണമെന്റുകളിലെ വിജയവും അതിൽ നിന്നുള്ള സമ്മാനത്തുകയുമാണ് ഗുകേഷിന്റെ ആസ്തിയിൽ വലിയ പങ്ക് വഹിക്കുന്നത്.
ലോക ചെസ് ചാമ്പ്യൻഷിപ്പ് കീരീടത്തിൽ ഗുകേഷ് മുത്തമിട്ടതിനു പിന്നാലെ വർഷങ്ങൾക്ക് മുൻപുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോ വീണ്ടും വൈറലാവുകയാണ്. 11ാം വയസ്സിൽത്തന്നെ തനിക്ക് പ്രായം കുറഞ്ഞ ലോക ചാംപ്യൻ ആകണമെന്നാണ് ആഗ്രഹം എന്ന് ഗുകേഷ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഏഴ് വർഷങ്ങൾക്ക് ഇപ്പുറം ആ ചരിത്ര നേട്ടം സ്വന്തമാക്കി അഭിമാനമായി മാറിയിരിക്കുകയാണ് ഗുകേഷ്.
D. Gukesh, the youngest World Chess Champion at 18, has etched his name in history with stellar performances. Learn about his journey from prodigy to champion.