സിറിയയിൽ 24 വർഷം നീണ്ട പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിന് കഴിഞ്ഞ ദിവസത്തെ വിമത നീക്കത്തോടെ അന്ത്യമായിരിക്കുകയാണ്. സിറിയ വിട്ട ബാഷർ റഷ്യയിൽ അഭയം തേടിയതായാണ് റിപ്പോർട്ടുകൾ. ഭരണകൂടത്തിന്റെ തകർച്ചയോടെ അസദിന്റെ സമ്പത്തിനെക്കുറിച്ചും ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. വൻ തുകയുമായാണ് അസദ് രാജ്യം വിട്ടതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസദിന്റെ യഥാർത്ഥ ആസ്തിയെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമാണെങ്കിലും സ്വത്തുവിവരങ്ങൾ സംബന്ധിച്ച ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
200 ടൺ സ്വർണശേഖരവും 16 ബില്യൺ ഡോളറും അഞ്ച് ബില്യൺ യൂറോയും ബാഷറിന്റെ കൈവശമുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി എംഐ6ൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2022ൽ അമേരിക്ക പുറത്തുവിട്ട മറ്റൊരു റിപ്പോർട്ടിൽ അസദിന്റേയും കുടുംബത്തിന്റേയും സാമ്പത്തിക വിവരങ്ങളുണ്ട്. ഈ റിപ്പോർട്ട് അനുസരിച്ച് രണ്ട് ബില്യൺ ഡോളറാണ് അസദ് കുടുംബത്തിന്റെ ആസ്തി.
സിറിയയിലെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളിലും അസദ് കുടുംബത്തിന് പങ്കുണ്ട് എന്ന് കരുതപ്പെടുന്നു. നിയമപരവും അല്ലാത്തതുമായ നിരവധി ബിസിനസ്സുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ സ്വത്തുവിവരങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ പുറംലോകം അറിയാതെയിരിക്കാനും അസദ് കുടുംബം ശ്രദ്ധിക്കുന്നു. ഓഫ്‌ഷോർ അക്കൗണ്ടുകൾ, റിയൽ എസ്‌റ്റേറ്റ്, ഷെൽ കമ്പനികൾ തുടങ്ങിയവയിലാണ് കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും. ഇവ മിക്കതും വ്യാജ പേരുകളിലാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
Following the collapse of Bashar al-Assad’s regime in Syria, discussions arise about his wealth. Reports suggest hidden assets, offshore accounts, and substantial reserves of gold and cash.