പുതുതലമുറ യാത്രക്കാരെ ലക്ഷ്യമിട്ട് പുതിയ ഹാംഗ്ഔട്ട് സോണുമായി ബെംഗളൂരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ രണ്ടിലാണ് Gen-Z യാത്രക്കാരെ ലക്ഷ്യമിട്ട് ‘Gate Z’ എന്ന പ്രത്യേക ഏരിയ ഒരുക്കിയിരിക്കുന്നത്. സബ്‌വേ ഡൈനർ, കഫേ, ബാർ തുടങ്ങിയവ ഉൾപ്പെടുന്ന ഈ സോൺ വെറും വിശ്രമമുറി എന്നതിനപ്പുറം ഒത്തുകൂടാനും ആശയവിനിമയം നടത്താനും കഴിയുന്ന സോഷ്യൽ സ്പേസായാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
Gen-Z മൈൻഡ്‌സെറ്റിനും താൽപര്യങ്ങൾക്കും മുൻഗണന നൽകിയുള്ള ഹാംഗ്ഔട്ട് സോണിന്റെ പേര് തിരഞ്ഞെടുത്തത് ദേശീയതലത്തിൽ സംഘടിപ്പിച്ച മത്സരത്തിലൂടെയായിരുന്നു. ബെംഗളൂരു എയർപോർട്ടിലെ പ്രശസ്തമായ ‘080 ഇന്റർനാഷണൽ ലോഞ്ചിന്’ തൊട്ടടുത്തായാണ് പുതിയ ഏരിയ സ്ഥിതിചെയ്യുന്നത്. ലൈറ്റ് സെറ്റിംഗുകളും സീറ്റിംഗും ലോഞ്ചിന് സിനിമാ സെറ്റിന്റെ ലുക്ക് നൽകുന്നു. ‘ബബിൾ ആൻഡ് ബ്രൂ’ എന്ന അത്യാധുനിക കഫേ-ബാറാണ് ലോഞ്ചിലെ പ്രധാന ആകർഷണം. ഇതിനൊപ്പം ‘ദി സിപ്പിംഗ് ലോഞ്ച്’ എന്ന പ്രത്യേക ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. ‘റെട്രോ സ്റ്റൈൽ’ ഭക്ഷണശാലയായ സബ്‌വേ ഡൈനറിൽ ലൈവ് ഫുഡ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിനുള്ളിൽ സിനിമകളും കായിക മത്സരങ്ങളും കാണാൻ കഴിയുന്ന ആംഫി തിയേറ്റർ സ്റ്റൈൽ സോൺ മറ്റൊരു ഹൈലൈറ്റാണ്. ഇവിടെ പോപ്പ്-അപ്പ് ഇവന്റുകൾ സംഘടിപ്പിക്കാനും സൗകര്യമുണ്ട്. ഹൈ-സ്പീഡ് വൈ-ഫൈ, ചാർജിംഗ് പോയിന്റുകൾ, എഐ അധിഷ്ഠിത നാവിഗേഷൻ സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ‘Gate Z’ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് നിർമാണമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
Experience ‘Gate Z’ at Bengaluru Airport Terminal 2! A trendy new Gen-Z hangout zone featuring an amphitheater, cafe-bar, retro diner, and AI navigation for a social travel experience.
