ബീഹാറിലെ ഒരു ഉൾഗ്രാമം. അവിടെ കർഷകനായിരുന്ന രാംപ്രസാദ്. കൃഷിപ്പണിയിൽ കിട്ടുന്നത് തുശ്ചമായ ദിവസവേതനമാണ്. എന്നിട്ടും സുഹൃത്തിന്റെ നിർബന്ധത്തിൽ അയാൾ ഒരു പോളിസി എടുത്തുവെച്ചു, ആരോടും പറഞ്ഞില്ല, ഭാര്യയോട് പോലും. വർഷം ചെറിയ അടവ് മാത്രമുള്ള ഒന്ന്. 2022-ൽ നിർഭാഗ്യവശാൽ രാംപ്രസാദ് ഒരു അപകടത്തിൽ മരിച്ചു. അയാളുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും മുന്നോട്ടുള്ള വഴി ഇരുൾപിടിച്ചപോലെ തോന്നി, കാരണം അയാളുടെ ജീവിതത്തിൽ സമ്പാദ്യമായി നീക്കിയിരുപ്പ് ഒന്നും ഉണ്ടായിരുന്നില്ല, ഒരു കാര്യമൊഴികെ. അതൊരു പച്ചത്തുരുത്ത് ആയിരുന്നു, ആ കച്ചിത്തുരുമ്പിൽ പിടിച്ച് അവർ മുന്നോട്ട് പോയി. മകൻ ഇന്ന് എഞ്ചിനീയറാണ്, മകൾ സ്കൂൾ ടീച്ചറും.
പഞ്ചാബിലെ ഒരു വികാസ്. പഠനം കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ അയാളുടെ അമ്മാവൻ ഒരു ആവശ്യമേ ഉന്നയിച്ചുള്ളൂ, എത്ര ചെറിയ ശമ്പളമാണെങ്കിലും കുറച്ച് പൈസ മാസാമാസം നീ എനിക്ക് എത്തിക്കണം. ആദ്യത്തെ പ്രാവശ്യം പൈസ നേരിട്ട് കൊണ്ട് കൊടുക്കുമ്പോൾ അമ്മാവൻ വികാസിന്റെ ഒപ്പ് ചില പേപ്പറുകളിൽ വാങ്ങിവെച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം വികാസിന് ലോജിസ്റ്റിക്സ് ബിസിനസ്സ്ലേക്ക് കടക്കാൻ ഒരു അവസരം വന്നു. ഒരേ ഒരു തടസ്സം മാത്രം. മൂലധനമായി കുറച്ച് പൈസ വേണം. അതും ലക്ഷത്തിനടുത്ത സംഖ്യ. അയാൾ പലരോടും ചോദിച്ചു, കിട്ടിയില്ല, ഒരുദിവസം രാവിലെ അയാളുടെ അമ്മാവൻ വീട്ടിലെത്തി, ഒരു കവറ് നീട്ടി, തുറന്ന് നോക്കുമ്പോൾ വികാസിന് ആവശ്യമുള്ള പണം. അമ്മാവന്റെ ഔദാര്യമായിരുന്നില്ല അത്, ബുദ്ധിപരമായ ഒരു പഴയ തീരുമാനത്തിന്റെ പ്രതിഫലമായിരുന്നു.
എന്തിന് കോട്ടയത്തുള്ള മോഹൻ-ശാന്ത ദമ്പതികൾ. സ്വകാര്യ സ്കൂൾ അധ്യാപകരായിരുന്നു അവർ. റിട്ടയറാകുമ്പോൾ എന്ത് ചെയ്യും? ചെറിയ ശമ്പളം കൊണ്ട് എന്ത് മിച്ചം പിടിക്കാനാണ്? മാസം ചെറിയ പൈസ മാറ്റി വെക്കാൻ ഉപദേശിച്ചത് അവിടുത്തെ പ്യൂണായ ജോർജ്ജുകുട്ടിയാണ്. എവിടേക്ക് മാറ്റിവെക്കണമെന്നും അയാൾ പറഞ്ഞു കൊടുത്തു. ആ ഉപദേശത്തിലാണ് ഇരുവരും മുന്നോട്ട് പോയത്. പിന്നേയും 15 വർഷങ്ങൾ കഴിഞ്ഞ് റിട്ടയറായപ്പോ, മാസാമാസം ഇരുവർക്കുും പെൻഷൻ കിട്ടിത്തുടങ്ങി, വർഷങ്ങൾക്ക് മുമ്പ് ജോർജ്ജ്കുട്ടി ഉപദേശിച്ച മന്ത്ര ശക്തികൊണ്ട് കിട്ടിയ പെൻഷൻ.
ഇപ്പറഞ്ഞതൊന്നും വെറും കഥയല്ല, പേരുകളിൽ മാറ്റമുണ്ടാകാം. പക്ഷെ ഇന്ത്യയാകമാനം ലക്ഷക്കണക്കിന് രാംപ്രസാദ്മാരെപ്പോലുള്ള കർഷകരുണ്ട്, വികാസിനെപ്പോലുള്ള ബിസിനസ്സുകാരുണ്ട്, മോഹനനേയും ശാന്തയേയും പോലെ തുശ്ചവരുമാനക്കാരുണ്ട്.. ഒരു ചെറിയ തീരുമാനം കൊണ്ട് ജീവിതത്തിൽ ജാലവിദ്യ കാട്ടിയവർ. എന്തായിരുന്നു അവരുടെ പച്ചത്തുരുത്തായി മാറിയ കച്ചിത്തുരുമ്പെന്ന് അറിയുമോ? ലോകത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനികളിലൊന്നിന്റെ കൈത്താങ്ങ്! 52 ലക്ഷം കോടി രൂപയുടെ പിൻബലം, നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാൾ വലിയ മാർക്കറ്റ് വാല്യുവുള്ള ഒരു കമ്പനിയുടെ ഉറപ്പ്, 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ കരുത്തിലും സമ്പത്തിലും കെട്ടിപ്പടുത്ത പരിരക്ഷ! എന്താണ് അത്? ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ! എൽഐസി ! ലോകത്തെ നാലാമത്തെ വലിയ ഇൻഷ്വറൻസ് കമ്പനി, സർക്കാർ ഉടമസ്ഥതയിലുള്ള ലോകത്തെ ഒന്നാത്തെ ഇൻഷ്വറൻസ് കോർപ്പറേഷനും.
1980-കളിൽ കേട്ട പരസ്യം, ‘Roti, Kapda, Makan aur Jeevan Bima’ എന്നായിരുന്നു. ഭക്ഷണം, വസ്ത്രം, വീട് പിന്നെ ലൈഫ് ഇൻഷ്വറൻസും. ആപത്ത് കാലത്ത് ആശ്രയിക്കാവുന്ന ആത്മമിത്രം ഒരു പോളിസിയാണെന്ന് അക്കാലത്ത് ജനങ്ങളെ ബോധവാന്മാരാക്കാനായിരുന്നു അങ്ങനെ ഒരു പരസ്യം എൽഐസി ചെയ്തത്. എന്നാൽ ഇന്നോളം കേട്ടതിൽ വെച്ചേറ്റവും മനോഹരമായ ഒരു ടാഗ് ലൈനുണ്ട്, അതും എൽഐസി-യുടേതാണ്.. “Zindagi ke Saath bhi, Zindagi ke Baad bhi”! ജീവിതത്തിനൊപ്പവും ജീവിത്തിന് ശേഷവും! കുട്ടികളുടെ പഠനാവശ്യത്തിന്, വാർദ്ധ്യമാകുമ്പോഴുള്ള പെൻഷന്, കല്യാണച്ചിലവിന്, ബിസിനസ്സ് മൂലധനത്തിന്, മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്ക്, മാത്രമല്ല മരിച്ചുപോയാൽ പോലും പിന്തുണ നൽകുന്ന ഒരു ചങ്ങാതി.. അങ്ങനെ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത എത്ര ജീവിതങ്ങൾക്ക് പച്ചത്തുരുത്തായ എൽഐസി.
ലോകത്തെ മറ്റ് ഇൻഷ്വറൻസ് കമ്പനികളുമായി എൽഐസി-യെ താരതമ്യം ചെയ്യാനാകില്ല. അതിന്റെ ലക്ഷ്യവും പ്രവർത്തനവും തന്നെ കാരണം! ഇന്ത്യയിലെ കോടിക്കണക്കിന് ഗ്രാമീണരായ തുശ്ചവരുമാനക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് താങ്ങായ എൽഐസി-ക്ക് ഒപ്പമെത്താൻ ഏത് കൊമ്പത്തെ ഇൻഷ്വറൻസ് ഏജൻസിക്കാണ് ആകുക? അമേരിക്കയിലെ കോടീശ്വരനായ വ്യവസായി വാരൻ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള Berkshire Hathaway ആണ് വരുമാനത്തിൽ ലോകത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനി. എൽഐസി വരുമാനത്തിലല്ല, അതിന്റെ പ്രതാപം കെട്ടിപ്പൊക്കിയത്. ഓരോ പോളിസിയുടെ അടവിലൂടെയും എത്തിച്ചേരുന്നത്, സാധാരണക്കാരായ, നിസ്വരായ മനുഷ്യരുടെ കണ്ണീരും വിയർപ്പും വീണ പണമാണെന്ന ബോധ്യം എല്ലാക്കാലവും എൽഐസി-ക്കുണ്ട്. അതിന്റെ തെളിവായിരുന്നു ഗുജറാത്തിലെ ഭൂമികുലുക്കത്തിലും ഉത്തരാഘണ്ഡിലെ പ്രളയത്തിലും ഇരകളായവർക്ക് നിബന്ധനകളും വ്യവസ്ഥകളും മാറ്റിവെച്ച് ഇൻഷ്വറൻസ് തുക നൽകാൻ എൽഐസി എടുത്ത നിലപാടുകൾ.
ഇന്നും ഇന്ത്യയിൽ ലൈഫ് ഇൻഷ്വറ് ചെയ്തിരിക്കുന്നത് ജനസംഖ്യയുടെ കേവലം 4%-ത്തിൽ താഴെ മാത്രമാണ്. അറുപത് വർഷമായി എൽഐസി ഈ രൂപത്തിൽ രാജ്യത്തുണ്ട്. 25 വർഷം മുമ്പ് സ്വകാര്യ കമ്പനികളെ ഇൻഷ്വറൻസ് സെക്ടറിൽ കടന്നുവരാൻ അനുവദിച്ചിട്ടും ഇന്നും മാർക്കറ്റിന്റെ 65 ശതമാനത്തോളം കൈയടക്കി നിൽക്കുന്ന എൽഐസി, ഇന്ത്യക്കാരന്റെ വികാരമാകുന്നത് ഈ നാടിന്റെ ആതമാവിന്റെ ആഴങ്ങളിലേക്ക് വേരുപോലെ ആ പേര് പടർന്ന് കയറിയതുകൊണ്ടാണ്.
വരുമാനത്തിൽ നമ്മുടെ രാജ്യത്തെ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയാണ് എൽഐസി. 78 ലക്ഷം കോടിയാണ് മൊത്തവരുമാനം. ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസും. അതായത് റിലയൻസ് പോലെ ഒരു കോർപ്പറേറ്റ് കമ്പനിക്കൊപ്പം നിൽക്കുകയാണ് എൽഐസി എന്ന പൊതുമേഖലാ സ്ഥാപനം.
ബോണ്ടുകളിലും ഇക്വിറ്റികളിലും എൽഐസി-ക്ക് നിക്ഷേപമുണ്ട്. കൊമേഴ്സ്യൽ റിയൽഎസ്റ്റേറ്റ് പ്രോപ്പർട്ടികളിൽ എൽഐസി നിക്ഷേപിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള വാടകയും മറ്റും എൽഐസിക്ക് വരുമാനമാണ്. മാർക്കറ്റ് ഷെയറിലും വരുമാനത്തിലും പ്രൈവറ്റ് ഇൻഷ്വറൻസ് കമ്പനികളേക്കാൾ ബഹുദൂരം മുമ്പിൽ നിൽക്കുമ്പോഴും പുതിയ ലക്ഷ്യം കുറിച്ച് മുന്നേറുകയാണ് എൽഐസി. ഓരോ പഞ്ചായത്തിലും ഓരോ എൽഐസി ഏജന്റ് എന്നതാണ് ഇപ്പോഴത്തെ ദൗത്യം. 280-ാളം കമ്പനികളുടെ ഓഹരികളിൽ LIC നിക്ഷേപിച്ചിരിക്കുന്നു. 15 ലക്ഷം കോടിയോളം ഇങ്ങനെ മറ്റ് കമ്പനികളുടെ ഷെയറുകളിൽ എൽഐസി നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ ക്വാർട്ടറിൽ മാത്രം 15,000 കോടി രൂപയുടെ പ്രോഫിറ്റാണ് ഇക്വിറ്റി നിക്ഷേപത്തിൽ നിന്ന് എൽഐസി നേടിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക് തൊട്ടു പിറകിൽ 767 ലക്ഷം കോടിയുടെ ബാലൻസ് ഷീറ്റുമായി രാജ്യത്തെ രണ്ടാമത്തെ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനാണ് എൽഐസി എന്ന് എത്രപേർക്കറിയാം.
ഈ വർഷം 91 ലക്ഷം പോളിസികളാണ് എൽഐസി വിറ്റിരിക്കുന്നത്. നഗര-ഗ്രാമങ്ങളിലായി 28 ലക്ഷം ഏജന്റുമാരാണ് എൽസിക്ക് ഉള്ളത്. അതിൽ 28% വനിതാ ഏജന്റുമാരാണ്. ഒരു പ്രൈവറ്റ് ഇൻഷ്വറൻസ് കമ്പനിക്കും സ്വപ്നം കാണാനാകാത്ത അത്ര ആഴത്തിലും പരപ്പിലും എൽഐസി ഈ രാജ്യമാകെ പന്തലിച്ച് നിൽക്കുന്നു. കഴിഞ്ഞ ദിവസം 1 ലക്ഷം പുതിയ എൽഐസി വനിതാ ഏജന്റുമാരെ സൃഷ്ടിക്കുന്ന ബീമാ സഖി യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മാസം 15,000 രൂപ വരെ വനിതാകളായ ഏജന്റുമാർക്ക് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്.
പണ്ടുമുതലേ കേട്ട മണി ബാക്ക് പോളിസി മുതൽ മാർക്കറ്റ് ലിങ്ഡായ ഗ്യാരന്റി റിട്ടേൺ തരുന്ന പോളിസികളും എൽഐസി വിൽക്കുന്നു. പ്രൊഡക്റ്റിലെ ഈ ഡൈവേഴ്സിഫിക്കേഷൻ എൽഐസി-യെ ചെറിയ വരുമാനക്കാർക്കും വലിയ സാമ്പത്തികമുള്ളവർക്കും പ്രിയപ്പെട്ടതാക്കുന്നു എന്നതാണ് വാസ്തവം. വ്യക്തിഗത മരണങ്ങളിൽ അവരുടെ പോളിസി ക്ളെയിമുകൾ സെറ്റിൽ ചെയ്ത നിരക്ക് എൽഐസിക്ക് 98.47% ആണ്.
പ്രൈവറ്റ് ഇൻഷ്വറൻസ് കമ്പനികളുടെ കടുത്ത ബിസിനസ്സ് തന്ത്രങ്ങളിലും എൽഐസി-യുടെ ഈ സാമ്പത്തിക വർഷത്തെ പ്രകടനം എന്താണെന്ന് അറിയുമോ? രാജ്യത്ത് ഒരാൾ ആദ്യമായി തുടങ്ങുന്ന പോളിസി-യുടെ മാത്രം കണക്കെടുത്താൽ, ഈ വർഷം എല്ലാ കമ്പനികളും നേടിയ ആകെ ബിസിനസ്സ് 73,600 കോടി വരുമെങ്കിൽ, എൽഐസി ഒറ്റയ്ക്ക് നേടിയത് 1,15,500 കോടിയുടെ ബിസിനസ്സാണ്. അത്രവേഗം തകർക്കാൻ പറ്റാത്ത, തലമുറകൾ കൈമാറിവന്ന ഒരു വിശ്വാസത്തിന്റെ കരുത്ത്!
മുംബൈ ആസ്ഥാനമായ ഈ പൊതുമേഖലാ സ്ഥാപനം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. 1956-ൽ രാജ്യത്തെ ഇൻഷ്വറൻസ് മേഖലയെ ദേശസാത്കരിക്കുന്നതിന്റെ ഭാഗമായി പാർലമെന്റ് നിയമം പാസാക്കുകയായിരുന്നു. 68 വർഷത്തോളമായിരിക്കുന്ന എൽഐസി-യിൽ ഇന്ന് 29 കോടി ആൾക്കാർ പോളിസി എടുത്തിരിക്കുന്നു. ആളുകളുടെ ജീവിതം ഇൻഷ്വർ ചെയ്തിരിക്കുന്ന വഴി എൽഐസി-യിൽ ഉള്ളത് 18 ലക്ഷം കോടി രൂപയാണ്. ഇന്ത്യക്കാരുടെ ജീവന്റെ വില! ഇക്കാലത്തിനിടയിൽ എത്ര ലക്ഷം പേരുടെ മരണത്തിൽ അവരുടെ കുടംബത്തിന് എൽഐസി താങ്ങായിരിക്കുന്നു, എത്ര പെൺകുട്ടികളുടെ ജീവിത സ്വപ്നങ്ങൾക്ക് എൽഐസി നിക്ഷേപം പ്രകാശം ചൊരിഞ്ഞിരിക്കുന്നു, എത്ര സംരംഭകർക്ക് പുതിയ ബിസിനസ്സ് തുടങ്ങാനുള്ള മൂലധനമായിരിക്കുന്നു, എത്ര പേരുടെ വീടെന്ന സ്വപ്നത്തിന് മൂന്നക്ഷരത്തിൽ ചുരുക്കെഴുത്തുള്ള ഈ സാമ്പത്തിക സ്ഥാപനം പ്രതീക്ഷയായിരിക്കുന്നു. അതാണ് എൽഐസി.
പക്ഷെ ടെക്നോളജിയുടെ പിൻബലത്തോടെ HDFC Life, ICICI Prudential തുടങ്ങിയ സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ നഗര പ്രദേശങ്ങളിൽ മികച്ച ബിസിനസ്സ് നേടുന്നുണ്ട്. ഗ്രാമങ്ങളിലെ സാനിധ്യം കൊണ്ട് മാത്രം ദീർഘകാലം ബിസിനസ്സിലെ അപ്രമാദിത്വം നിലനിർത്താനാകുമോ?. ഡിജിറ്റൽ ട്രാൻസ്ഫർമേഷന്റെ കാലത്ത് യുവാക്കൾക്കും ടെക്-സാവികളായ ഉപഭോക്താക്കൾക്കും മനസ്സിലാകുന്ന വിധം ലൈഫ് ഇൻഷ്വറൻസ് ആശയത്തെ അവതരിപ്പിക്കാനും പുതിയ പ്രൊഡക്റ്റുകൾ വികസിപ്പിക്കാനും എൽഐസി മനസ്സുവെക്കേണ്ടതുണ്ട്. കാരണം, ജീവിതത്തിന് ഒപ്പവും ജീവിതത്തിന് ശേഷവും കരുതലായ് നിൽക്കുമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും പോളിസി എടുക്കുന്നത്. ഉറുമ്പ് സ്വരുക്കൂട്ടുന്ന പോലെ മിച്ചം പിടിച്ച ചില്ലറക്കാശാണ് ഓരോ പ്രീമിയവും. കുടുംബത്തിന്റെ ആഗ്രഹങ്ങളും സ്വന്തം ഇഷ്ടങ്ങളും ഒക്കെ വേണ്ടെന്ന് വെച്ചിടത്താണ് പോളിസി എടുക്കാനുള്ള തീരുമാനം ജനിക്കുന്നത്. അതിന്റെ വില അറിയുന്ന, ബിസിനസ്സിനപ്പുറം മനുഷ്യനെ വിലവെയ്ക്കുന്ന, മനുഷ്യപ്പറ്റുള്ള ഒരു ലൈഫ് ഇൻഷ്വറൻസ് കമ്പനിയെ ഈ രാജ്യത്തിന് വേണം. കാരണം പണം ഇരട്ടിപ്പിക്കാനല്ല, പകുതിവെച്ച് പിരിയേണ്ടി വന്നാൽ കുടുംബത്തുള്ളവർ പ്രാരാബ്ധത്തിൽ പെടാതിരിക്കാൻ എടുക്കുന്ന ഒരു സാമ്പത്തിക പരിചയാണ് പോളസികൾ. അത് മാന്യമായും അല്ലലില്ലാതെയും കുടുംബത്ത് എത്തണം. അതിന് ഈ നാടിന്റെ ആത്മാവറിഞ്ഞ കമ്പനി തലയെടുപ്പോടെ നിൽക്കട്ടെ, ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്, എൽ ഐ സിക്ക് എല്ലാ ഭാവുകങ്ങളും
Discover how Life Insurance Corporation (LIC) has transformed millions of lives in India through its unique services, investments, and commitment to the nation’s financial security.