ലോകത്തിലെതന്നെ ഏറ്റവും വലിയ മനുഷ്യസംഗമമായാണ് മഹാകുംഭമേള അറിയപ്പെടുന്നത്. പ്രയാഗ് രാജിൽ 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാ കുംഭമേളയ്ക്കായുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം മഹാകുംഭമേള വിപണിയിലും അനക്കങ്ങളുണ്ടാക്കുന്നു. കുംഭമേളയോട് അനുബന്ധിച്ച് 5500 കോടി രൂപയുടെ നഗരവികസന പദ്ധതികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു.
2019ലെ കുംഭമേളയേക്കാൾ പതിന്മടങ്ങ് വിപുലമായാണ് 2025ലെ മഹാകുംഭമേള എത്തുന്നത്. പ്രയാഗ് രാജിൽ ഇത്തവണ 40 കോടി വിശ്വാസികൾ ഒത്തുകൂടും എന്നാണ് യുപി സർക്കാറിന്റെ കണക്കുകൂട്ടൽ. 2019ൽ 25 കോടി പേരാണ് കുംഭമേളയിൽ പങ്കെടുത്തത്. 4000 ഹെക്‌ടർ ഭൂമിയാണ് ഇത്തവണ മേള ഗ്രൗണ്ടിനായി ഒരുക്കിയിരിക്കുന്നത്.
കോൺഫെഡറേഷൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് റിപ്പോർട്ട് പ്രകാരം 2013ലെ മഹാകുംഭമേളയിൽ നിന്നും 12000 കോടി രൂപയുടെ വരുമാനമുണ്ടായിട്ടുണ്ട്. 2019ലെ കുംഭമേളയിൽ നിന്നും 1.2 ലക്ഷം കോടിയായിരുന്നു വരുമാനം. എയർപോർട്ട്, ഹോട്ടൽ മറ്റ് സർവീസുകൾ തുടങ്ങിയവയിൽനിന്നുള്ള വരുമാനമാണ് ഇത്. 2019ൽ മാത്രം ആറ് ലക്ഷത്തിലധികം പേർക്ക് കുംഭമേള തൊഴിൽമാർഗമായി. ഇക്കണോമിക് ടൈംസിന്റെ കണക്ക് പ്രകാരം 45 ദിവസത്തെ മഹാകുംഭമേളയിൽ ബ്രാൻഡിങ്ങിനായി മാത്രം കമ്പനികൾ 3000 കോടി രൂപ ചിലവിടും എന്ന് കരുതപ്പെടുന്നു.
സംസ്ഥാനത്തിന് മഹാകുംഭമേള മികച്ച സാമ്പത്തിക നേട്ടം കൊണ്ടു വരുമെന്ന് യുപി മുഖ്യമന്ത്രി യോഗ് ആദിത്യനാഥ് പറഞ്ഞു. അത്കൊണ്ട് തന്നെ സംസ്ഥാന ബജറ്റിൽ 2500 കോടി രൂപയാണ് മഹാകുംഭമേളയ്ക്കായി മാറ്റിവെച്ചത്.
Maha Kumbh 2025 in Prayagraj is set to welcome 40 crore pilgrims with enhanced infrastructure and economic opportunities. Learn about the event’s massive scale, developments, and impact.