‘യാത്രിയോം കൃപയാ ധ്യാൻ ദീജിയേ…’ എന്നാരംഭിക്കുന്ന സ്ത്രീശബ്ദത്തിലുള്ള റെയിൽവേ അനൗൺസ്മെന്റ് ഇന്ത്യൻ റെയിൽവേയുടെ തന്നെ പര്യായമായിക്കഴിഞ്ഞു. 1980കളിൽ സരളാ ചൗധരിയിലൂടെ പരിചിതമായ ശബ്ദം പിന്നീട് ഡിജിറ്റൽ ഫോർമാറ്റിലാക്കി. ഡിജിറ്റലാക്കിയ റെയിൽവേ അനൗൺസ്മെന്റിലെ ‘സ്ത്രീ ശബ്ദത്തിന്റെ’ ഉടമ സ്ത്രീയല്ല, പുരുഷനാണ്-ശ്രാവൺ അഡോഡ് എന്ന മഹാരാഷ്ട്രക്കാരൻ.
യാദൃശ്ചികമായാണ് ശ്രാവൺ ഇന്ത്യൻ റെയിൽവേയുടെ ‘ശബ്ദമാകുന്നത്.’ റെയിൽവേയിൽ സ്വകാര്യ ജീവനക്കാരനായാണ് ശ്രാവൺ പ്രവേശിച്ചത്. ജോലിക്കിടയിൽ സംഭവിച്ച ഒരു സാങ്കേതിക തകരാറാണ് ശ്രാവണിന്റെ ജീവിതം മാറ്റിയത്. സാങ്കേതിക തകരാർ കാരണം അനൗൺസ്മെന്റ് മുടങ്ങിയ ഘട്ടത്തിൽ ശ്രാവണിനോട് മാന്വൽ അനൗൺസ്മെന്റ് നടത്താൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം കുട്ടിക്കാലം മുതൽ ട്രെയിൻ അനൗൺസ്മെൻ്റുകളിൽ ആകൃഷ്ടനായിരുന്ന ശ്രാവണിന് ആവേശമായി. വനിതാ അനൗൺസർ സരള ചൗധരിയുടെ ശബ്ദം അനുകരിച്ച് അനൗൺസ്മെന്റ് നടത്തി നോക്കിയ ശ്രാവണിന്റെ ശബ്ദം വൻ ഹിറ്റായി.
ഇതിനെത്തുടർന്ന് ഡിജിറ്റലായി മിക്സ് ചെയ്ത ശ്രാവണിന്റെ വോയ്സ് റെക്കോർഡിങ്ങുകൾ രാജ്യമെങ്ങുമുള്ള റെയിൽവേ സ്റ്റേഷനുകളിലെ അനൗൺസ്മെന്റിന്റെ ഭാഗമായി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ (സിഎസ്എംടി) മുതിർന്ന അനൗൺസർമാർ തൻ്റെ അനൗൺസ്മെന്റിനെ പ്രകീർത്തിച്ചത് അഭിമാന നിമിഷമായി ശ്രാവൺ ഓർക്കുന്നു. കോളേജ് കാലത്ത് ശ്രാവണിന്റെ ശബ്ദത്തെച്ചൊല്ലി കൂട്ടൂകാർ അദ്ദേഹത്തെ കളിയാക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് ആ ശബ്ദം ദശലക്ഷക്കണക്കിന് യാത്രക്കാരെ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ നയിക്കുന്നു.
Discover Shravan’s inspiring journey from a railway enthusiast to becoming the iconic voice of Indian Railways, guiding millions of passengers with passion and resilience.