മനഃസമാധാനമായി ഒരു ക്രിസ്മസ് കാലം ആഘോഷിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കേരളത്തിലെ വിപണി വില. ക്രിസ്മസ് അടുത്തതോടെ സംസ്ഥാനത്തെ പച്ചക്കറി-ആവശ്യസാധന വിപണിയിൽ പല ഇനങ്ങൾക്കും ഓണക്കാലത്തേക്കാൾ പൊള്ളുന്ന വിലയാണ്. ശബരിമല സീസണിനൊപ്പം തമിഴ്നാട്ടിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതാണ് ഇപ്പോഴത്തെ പച്ചക്കറി വിലവർധനയ്ക്കു കാരണമായി കച്ചവടക്കാർ പറയുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞിരുന്നു. തമിഴ്നാട്ടിൽ ദിവസങ്ങൾക്കു മുമ്പ് വീണ്ടും തുടങ്ങിയ മഴ കനത്തതോടെ പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില പിന്നെയും ഉയരുകയാണ്. ക്രിസ്മസ് ദിവസം അടുക്കുന്നതോടെ ചിക്കൻ, മട്ടൻ, ബീഫ് തുടങ്ങിയ മാംസ ഉത്പന്നങ്ങൾക്കും വില ഉയരുമെന്നുറപ്പാണ്.
മുരിങ്ങക്കായ, ബീൻസ്, കാരറ്റ്, തക്കാളി തുടങ്ങിയവയുടെ വില കുതിച്ചുയർന്നു. വെളുത്തുള്ളി, സവാള എന്നിവയുടെ വില ഉയർന്നുതന്നെ തുടരുകയാണ്. വെളുത്തുള്ളിയുടെ വില മാസങ്ങളായി കുറയാതെ കിലോക്ക് 360–400 രൂപ എന്ന നിലയിൽ തുടരുകയാണ്. നാളികേരവില ഉയർന്നു തന്നെ നിൽക്കുന്നതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 325 രൂപ കടന്നു. ഒരു കിലോഗ്രാം മുരിങ്ങക്കായയ്ക്കു 300 രൂപയാണ് പലയിടങ്ങളിലും ചില്ലറ വില. സവാള – 70–80 രൂപ, ഉരുളക്കിഴങ്ങ് -60 രൂപ, കാരറ്റ് – 80–88 രൂപ , പച്ചമുളക് -80 രൂപ, തക്കാളി – 70–80 രൂപ, എന്നിങ്ങനെയാണ് ചില്ലറ വിൽപനക്കാർ ഈടാക്കുന്നത്.
ബീൻസ് കിലോഗ്രാമിന് 60 രൂപ, വെണ്ടയ്ക്ക കിലോഗ്രാമിന് 50 രൂപ, പാവയ്ക്ക – 50–56, കോവയ്ക്ക – 56–60, കാബേജ് – 50, ബീറ്റ്റൂട്ട് – 60–70, വള്ളിപ്പയർ – 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില. ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്കെല്ലാം കിലോയ്‌ക്ക് 100 രൂപയ്‌ക്ക് മുകളിലാണ് .
പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുകയാണ്. വില കൂടിയതിനു പിന്നാലെ പച്ചക്കറി വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. പച്ചക്കറികൾക്ക് ഒരു സ്ഥലത്തു തന്നെ പല കടകളിലും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്.
രണ്ടു ദിവസം മുമ്പ് ജയ അരിക്കും പച്ചരിക്കും സപ്ലൈകോ മൂന്നു രൂപ വീതം വില കൂട്ടി. ഇതോടെ ജയ അരിയ്ക്ക് കിലോഗ്രാമിന് 29 രൂപയും, പച്ചരിക്കു 33 രൂപയുമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുൻപ് വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. അതേസമയം വെളിച്ചെണ്ണ വില കുറച്ചിട്ടുണ്ട്. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്. എന്നാൽ വന്‍പയറിന് നാലു രൂപ ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ വൻപയറിന് കിലോഗ്രാമിന് 79 രൂപയായി.
ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് സപ്ലൈകോയിലെ സബ്‌സിഡി നിരക്ക്.
Market prices in Kerala are soaring as Christmas approaches, with vegetable, spice, and meat costs surpassing Onam levels. Cyclone Fani and Tamil Nadu floods have disrupted supply chains, impacting family budgets and celebrations.