കോട്ടയത്തിന് ആവേശമായി പുതിയ ലുലു മാൾ. കോട്ടയം മണിപ്പുഴയിൽ കഴിഞ്ഞ ദിവസമാണ് പുതിയ ലുലു മാൾ തുറന്നത്. മധ്യകേരളത്തിന്റെ ഗ്ലോബൽ ഷോപ്പിങ്ങ് ഹബ്ബായി മാറുകയാണ് കോട്ടയം ലുലുവിന്റെ ലക്ഷ്യം. കോട്ടയത്തിന്റെ വികസനത്തിനും ആധുനിക വത്കരണത്തിനും മാൾ പ്രധാന പങ്ക് വഹിക്കും. അത് കൊണ്ടാണ് മധ്യകേരളത്തിനുള്ള ക്രിസ്തുമസ് പുതുവർഷ സമ്മാനമെന്ന് പുതിയ ലുലുവിനെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വിശേഷിപ്പിച്ചത്. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് പുതുതായി തൊഴിൽ ലഭിക്കും എന്നതും എടുത്തു പറയേണ്ടതാണ്.
പ്രധാനപ്പെട്ട മാളോ ഷോപ്പിംഗ് കോംപ്ലക്സോ ഇല്ലാതിരുന്നിടത്തേക്കാണ് വമ്പൻ മാളുമായി ലുലു ഗ്രൂപ്പ് എത്തിയത്. അത് കൊണ്ട് തന്നെ ജനങ്ങൾ ലുലുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ ലുലു മാൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കൊച്ചി ലുലു മാളുകളുടെ മിനി പതിപ്പാണ് കോട്ടയത്തേത്. ലോകോത്തര നിലവാരമുള്ള 1.4 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ഹൈപ്പർമാർക്കറ്റാണ് മിനി മാളിലെ പ്രധാന സവിശേഷത.
ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങൾ മിതമായ നിരക്കിൽ മധ്യകേരളത്തിലെ ഉപഭോക്താകൾക്ക് ഉറപ്പാക്കുകയാണ് ലുലു. 3.22 ലക്ഷം സ്ക്വയർ ഫീറ്റിൽ 350 കോടി രൂപയുടെ നിക്ഷേപത്തിലാണ് കോട്ടയം ലുലു ആരംഭിച്ചിരിക്കുന്നത്. ഗ്രോസറി, ഫാഷൻ, തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസുകൾ, ബ്രാൻഡഡ് ഷോറൂമുകൾ തുടങ്ങിയവ ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലുലു. ഇതിനുപുറമേ
500 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, കുട്ടികൾക്ക് വിനോദത്തിനായി ഇൻഡോർ ഗെയിമിങ് സോൺ, ആയിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുന്ന മൾട്ടിലെവൽ കാർ പാർക്കിങ്ങ് തുടങ്ങിയ സൗകര്യവും ലുലുവിലുണ്ട്.
Lulu Mall has opened in Kottayam, aiming to become the global shopping hub of Central Kerala. With an investment of Rs 350 crore, the mall features a 1.4 lakh sq ft hypermarket, a food court, gaming zone, and more, creating 2,000 jobs for the region.