തബലയെന്ന സംഗീതോപകരണത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭയെയാണ് സാക്കിർ ഹുസൈന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. ആദ്യ കൺസേർട്ടിനു വെറും അഞ്ച് രൂപ മാത്രമായിരുന്നു സാക്കിർ ഹുസൈന് പ്രതിഫലം ലഭിച്ചത്. എന്നാൽ പിന്നീട് അത് പത്ത് ലക്ഷം രൂപ വരെയായി. സമ്പന്നമായ സംഗീത സപര്യ സാക്കിറിന്റെ സമ്പത്തിലും അങ്ങനെ പ്രധാന പങ്ക് വഹിച്ചു. ഒരു മില്യൺ ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ ആസ്തി.
1951 മാർച്ച് 9ന് മഹാരാഷ്ട്രയിൽ ഇതിഹാസ സംഗീതകാരൻ ഉസ്താദ് അല്ലാ രഖാ ഖാന്റെ മകനായി ജനനം. പിതാവിന്റെ പാതയിൽ തബലവാദനം ആരംഭിച്ച സാക്കിർ ഇന്ത്യയുടെ ക്ലാസ്സിക്കൽ സംഗീത പാരമ്പര്യം ലോകത്തിനു മുൻപിലെത്തിച്ചു. ഏഴാമത്തെ വയസ്സിൽ തബലവാദനം ആരംഭിച്ച അദ്ദേഹം 12 വയസ്സാകുമ്പോഴേക്കും ഇന്ത്യ മുഴുവൻ കച്ചേരികൾ നടത്താൻ ആരംഭിച്ചു. സംഗീതത്തിനൊപ്പം പഠനവും മുൻപോട്ടു കൊണ്ടു പോയ അദ്ദേഹം പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും ബിരുദം നേടി.
ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ സാക്കിർ ഹുസൈനെ തേടിയെത്തി. പാശ്ചാത്യ സംഗീതത്തേയും ഇന്ത്യൻ ക്ലാസ്സിക്കലിനേയും ബന്ധിപ്പിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ചങ്ങലക്കണ്ണിയായിരുന്നു അദ്ദേഹത്തിന്റെ സംഗീതയാത്ര. പന്ത്രണ്ടോളം ചിത്രങ്ങൾക്കായി അദ്ദേഹം സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. 1988ൽ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2002ൽ പത്മഭൂഷൺ, 2023ൽ പത്മവിഭൂഷൺ പുരസ്കാരങ്ങളും നൽകി രാജ്യം സാക്കിർ ഹുസൈനെ ആദരിച്ചു. അഭിനയരംഗത്തും ഒരു കൈ നോക്കിയ അദ്ദേഹം സാസ്, മങ്കി മാൻ എന്നീ ചിത്രങ്ങളിൽ വേഷം ചെയ്തു. ബ്രൂക്ക് ബോണ്ടിന്റെ പരസ്യചിത്രത്തിലൂടെയും അദ്ദേഹം പ്രശസ്തനായി. അതിലെ ടാഗ് ലൈൻ ആയിരുന്നു വാഹ് താജ്, വാഹ് ഉസ്താദ് വാഹ് തുടങ്ങിയവ.
യുഎസ്സിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ഇരിക്കെയാണ് സാക്കിർ ഹുസൈന്റെ അന്ത്യം. പ്രശസ്ത കഥക് നർത്തകി അന്റോണിയോ മിനെകോലയാണ് ഭാര്യ. അനീസ, ഇസബെല്ല എന്നിവർ മക്കളാണ്.
Celebrating the life and legacy of Ustad Zakir Hussain, the tabla maestro who redefined Indian classical music globally. Explore his achievements, iconic collaborations, and lasting impact.