തമിഴ്നാടിന്റെ ദക്ഷിണ ജില്ലകളിൽ കേരളം മാലിന്യം തള്ളുന്നുവന്ന ആരോപണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ തള്ളുന്നത് തടയാൻ തമിഴ്നാട്ടിലെ ഡിഎംകെ ഗവൺമെന്റ് പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കേരളം ഇത് അവസാനിപ്പിച്ചില്ലെങ്കിൽ തിരിച്ചും മാലിന്യം തള്ളാൻ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മാലിന്യം തള്ളുന്നത് തുടർന്നാൽ ജനുവരിയോടെ കേരളത്തിലേക്ക് ബഹുജന മാർച്ച് നടത്തും.
സമൂഹമാധ്യമ പോസ്റ്റിലാണ് അണ്ണാമലൈ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരളത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്. കാവേരി നദീജല വിഷയത്തിൽ തമിഴ്നാടിന്റെ അവകാശങ്ങൾ കേരളത്തിനു മുൻപിൽ അടിയറവ് വെച്ചതായും അദ്ദേഹം ആരോപിച്ചു.
ദക്ഷിണ തമിഴ് ജില്ലകളായ തെങ്കാശി, കന്യാകുമാരി, തിരുനെൽവേലി എന്നിവിടങ്ങൾ കേരളത്തിന്റെ മാലിന്യ കുപ്പയായി മാറി. ബയോമെഡിക്കൽ, പ്ലാസ്റ്റിക്, കോഴിക്കട മാലിന്യങ്ങൾ തുടങ്ങിയവ ലോറികളിലാക്കി തള്ളുന്നത് പതിവായിരിക്കുന്നു. സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ മാലിന്യശേഖരണത്തിനുള്ള കലക്ഷൻ സെന്ററുകളായി മാറി. കേരളത്തിൽ നിന്നും മാലിന്യം വഹിച്ച് വരുന്ന വാഹനങ്ങൾ നിർബാധം ചെക്പോസ്റ്റ് കടത്തിവിടുകയാണ്-അണ്ണാമലൈ പറഞ്ഞു.
തമിഴ്നാടിന്റെ ഈ ജില്ലകളിൽ നിന്നും അനധികൃതമായി ധാതുക്കൾ കടത്തുന്നതായും അദ്ദേഹം ആരോപണമുന്നയിച്ചു. ഇത് സംബന്ധിച്ച് തമിഴ്നാട് ഗവൺമെന്റിന് നിരവധി പരാതികൾ നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഗവൺമെന്റിന്റെ കൂടി അറിവോടെയുള്ള കള്ളക്കളിയാണ് ഇത് എന്നതിന്റെ തെളിവാണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
BJP leader K. Annamalai criticizes the DMK government for illegal waste dumping from Kerala into Tamil Nadu and plans a protest march to Kerala in January to demand action.