അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഐപിഎല്ലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്ന താരം 2025 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് കളത്തിലിറങ്ങുക. വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ അശ്വിന്റെ ഐതിഹാസിക ക്രിക്കറ്റ് കരിയറിനൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും വാർത്തയിൽ നിറയുകയാണ്.
16 മില്യൺ ഡോളർ അഥവാ 132 കോടി രൂപയാണ് അശ്വിന്റെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനു പുറമേ ഐപിഎല്ലും പരസ്യവരുമാനവുമാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ പ്രധാന പങ്ക് വഹിക്കുന്നത്. 2024 ബിസിസിഐ കരാറിൽ ഗ്രേഡ് എ യിലാണ് അശ്വിൻ ഉള്ളത്. അഞ്ച് കോടി രൂപയാണ് ഗ്രേഡ് എ താരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വാർഷിക വരുമാനം. വാർഷിക വരുമാനത്തിനു പുറമേ ഓരോ മത്സരത്തിനും പ്രത്യേക തുകയും താരത്തിനു ലഭിച്ചിരുന്നു. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ആറ് ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയായിരുന്നു വിരമിക്കൽ വരെയുള്ള ഓരോ മത്സരങ്ങളിലേയും അദ്ദേഹത്തിന്റെ വരുമാനം.
2008ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച അശ്വിൻ അന്നുമുതൽ ഇന്നുവരെ 97.5 കോടി രൂപ അതിൽനിന്നും നേടിയിട്ടുണ്ട്. 2025 ഐപിഎല്ലിൽ 9.75 കോടി രൂപയ്ക്കാണ് സിഎസ്കെ അശ്വിനെ സ്വന്തമാക്കിയത്. നിരവധി ബ്രാൻഡുകളുടെ ഐക്കൺ താരം കൂടിയാണ് അശ്വിൻ. ഒരു ബ്രാൻഡിൽ നിന്നും ഏകദേശം അഞ്ച് കോടി രൂപ വരെ അദ്ദേഹം പ്രതിഫലമായി വാങ്ങുന്നുണ്ട്. ഇതിനു പുറമേ ബ്രാൻഡ് പ്രൊമോഷനും മറ്റും ചെയ്യുന്ന Carrom Balls എന്ന മീഡിയ കമ്പനി ഉടമ കൂടിയാണ് അശ്വിൻ.
ചെന്നൈയിലെ അശ്വിന്റെ ആഢംബര വീടിന്റെ വില 9 കോടി രൂപയാണ്. ഔഡി ക്യു7, റോൾസ് റോയ്സ് തുടങ്ങി നിരവധി ആഢംബര വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്.
Ravichandran Ashwin retires from international cricket, leaving behind a remarkable legacy. Discover his 2024 net worth, IPL earnings, brand endorsements, business ventures, and plans with CSK.