മഹാരാഷ്ട്രയിൽ 13000 രൂപ മാത്രം ശമ്പളമുള്ള യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 21 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം വാർത്തകളിൽ വന്നിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാൾ കാമുകിക്ക് സമ്മാനമായി നൽകിയത് 4 ബിഎച്ച്കെ ഫ്ലാറ്റും കോടികൾ വില വരുന്ന കാറുകളുമായിരുന്നു. മഹാരാഷ്ട്ര ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സ്പോർട്സ് കോംപ്ലക്സിൽ താൽക്കാലിക കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഹർഷൽ കുമാർ എന്ന 23കാരനാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ തട്ടിപ്പ് നടത്തിയ രീതിയാകട്ടെ പൊലീസിനെപ്പോലും അമ്പരിപ്പിക്കുന്നതാണ്.
ജൂലൈ മുതൽ ഡിസംബർ ആദ്യവാരം വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്പോർട്സ് കോംപ്ലക്സിന്റെ പഴയ ലെറ്റർ ഹെഡ് ഉപയോഗിച്ച് ഇയാളാദ്യം ബാങ്കിന് ഇ-മെയിൽ അയച്ചു. തുടർന്ന് സ്ഥാപനത്തിന്റെ ഇ-മെയിൽ വിലാസത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് ഇയാൾ രണ്ടാമതും ഒരു ഇ-മെയിൽ വിലാസം കൂടി കൊടുത്തു. ഈ കൊടുത്ത വിലാസമാകട്ടെ ഇയാൾ സ്വന്തമായുണ്ടാക്കിയ ഇ-മെയിൽ ഐഡിയായിരുന്നു. യഥാർത്ഥ അഡ്രസിൽ നിന്നും ഒരു അക്ഷരത്തിന്റെ മാത്രം വ്യത്യാസം വരുന്ന രീതിയിലാണ് ഈ ഇ-മെയിൽ ഐഡി ഉണ്ടാക്കിയത്. ഇങ്ങനെ വെറുമൊരു അക്ഷരത്തിൽ മാറ്റം വരുത്തിയാണ് ഇയാൾ കോടികൾ തട്ടിയെടുത്തത്. പുതിയ ഇ-മെയിൽ ഐഡി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യപ്പെട്ടതോടെ വൺ ടൈം പാസ് വേർഡുകൾ ഇതിൽ ലഭിക്കാൻ തുടങ്ങി. പതിയെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇതുവഴി സാധ്യമാക്കി. ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സ് കമ്മിറ്റി ബാങ്ക് അക്കൗണ്ടിനും ഇതേ രീതിയിൽ ഇന്റർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്തു. ഒടിപി അടക്കമുള്ള വിവരങ്ങൾ ലഭ്യമായതിനാൽ സ്പോർട്സ് കോംപ്ലക്സ് അക്കൗണ്ടിൽ നിന്നും 21.6 കോടി രൂപ ഇയാൾ പലപ്പോഴായി പിൻവലിച്ചു. ഈ തുക 13 ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് മാറ്റിയത്.
വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സ്പോർട്സ് കോംപ്ലക്സ് അധികൃതർ പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന
തട്ടിപ്പ് കഥ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യ സൂത്രധാരനായ ഹർഷൽ ഒളിവിലാണ്. കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും പണം കൈമാറ്റപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ആഢംബര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.