ഇന്ത്യയിലെ തീവ്രപരിചരണ വിഭാഗം വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. 100,000 പേർക്ക് 2.3 എണ്ണം എന്ന നിലയിലാണ് രാജ്യത്തെ ഐസിയു ബെഡുകളുടെ അവസ്ഥ. തീവ്ര പരിചരണ വിഭാഗത്തിലെ പ്രത്യേക ഡോക്ടർമാരുടെ എണ്ണത്തിലും ഇന്ത്യ പുറകിലാണ്. 5000-6000 തീവ്രപരിചരണ വിദഗ്ധ ഡോക്ടർമാർ മാത്രമേ ഇന്ത്യയിലുള്ളൂ എന്ന് അനലറ്റിക്സ് ഇന്ത്യ മാഗസിൻ റിപ്പോർട്ട് പറയുന്നു. ചെറു നഗരങ്ങളിലും മറ്റും ഈ പോരായ്മ വലിയ ഭീഷണിയാകുകകയും അവിചാരിതവും എന്നാൽ തടയാവുന്നതുമായ മരണങ്ങളിലേക്കും നയിക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഈ പ്രശ്നം പരിഹരിക്കുകയാണ് ബെംഗളൂരു സ്റ്റാർട്ടപ്പ് ക്ലൗഡ് ഫിസിഷ്യൻ (Cloudphysician).
2017ൽ ദിലീപ് രാമൻ, ദ്രുവ് ജോഷി എന്നിവർ ചേർന്നാണ് ഓൺലൈൻ ഹെൽത്ത്‌കെയർ, ടെക്‌നോളജി സൊല്യൂഷൻസ് ആയ ക്ലൗഡ് ഫിസിഷ്യൻ സ്ഥാപിച്ചത്. എഐ, ടെലിമെഡിസിൻ എന്നിവയിലൂടെ ഇന്ത്യയിലെ തീവ്രപരിചരണ മേഖലയിലെ ചികിത്സയെ നവീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തീവ്രപരിചരണ മേഖലയിലെ വൈദഗ്ധ്യത്തിന്റെ കുറവും മനുഷ്യ വിഭവത്തിലെ പോരായ്മയും ഇവർ പരിഹരിക്കുന്നു. ഇങ്ങനെ തീവ്രപരിചരണ രംഗത്ത് എഐ വിപ്ലവം തീർക്കുകയാണ് ക്ലൗഡ് ഫിസിഷ്യൻ.
തീവ്രപരിചരണവിഭാഗങ്ങളെ ഉയർന്ന ക്വാലിറ്റിയുള്ള വീഡിയോ, ബെഡ്സൈഡ് ഡാറ്റാ അനലറ്റിക്സ് എന്നിവയിലൂടെ ബന്ധിപ്പിക്കുകയാണ് ക്ലൗഡ് ഫിസിഷ്യൻ്റെ പ്രവർത്തനത്തിൽ പ്രധാനം. ഇതിലൂടെ നവജാതശിശുക്കൾ മുതൽ മുതിർന്നവർ വരെയുള്ള നിരവധി രോഗികൾക്ക് മികച്ച തീവ്ര പരിചരണ സേവനം നൽകാൻ ക്ലൗഡ് ഫിസിഷ്യൻസിനു കഴിയുന്നു. രാജ്യത്താകമാനം ക്ലൗഡ് ഫിസിഷ്യൻസിനു മൂന്നര ലക്ഷം ഐസിയു ബെഡുകൾ ഉണ്ടെന്നും അത് 8-10 ലക്ഷം വരെ ആക്കുകയാണ് ലക്ഷ്യമെന്നും ക്ലൗഡ് ഫിസിഷ്യൻസ് സ്ഥാപകൻ ദിലീപ് രാമൻ പറഞ്ഞു.
loudphysician, a Bengaluru startup, leverages AI and telemedicine to address India’s ICU challenges, aiming to improve healthcare and bridge the shortage of critical care doctors.