കേരളത്തിൽ നിന്നുള്ള ആശുപത്രി-ബയോമെഡിക്കൽ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കരാർ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്തി കേരള ശുചിത്വ മിഷൻ. മാലിന്യ സംസ്കരണത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സാങ്കേതിക ഉപദേശക സമിതിയായ ശുചിത്വ മിഷൻ മൂന്ന് വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ശുചിത്വ മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സ്ഥാപനം മറുപടി നൽകാതിരുന്നതിനു പിന്നാലെയാണ് നടപടി. മിഷന്റെ എംപാനൽമെന്റിൽ നിന്നും സ്ഥാപനത്തെ നീക്കം ചെയ്തിട്ടുമുണ്ട്. സ്ഥാപനത്തിന്റെ നിയമവിരുദ്ധമായ പ്രവൃത്തി കാരണം സർക്കാരിനുണ്ടായിട്ടുള്ള ചിലവുകൾ ഏറ്റെടുക്കണമെന്നും ശുചിത്വ മിഷൻ ഉത്തരവിൽ പറയുന്നു.
കേരള സർക്കാറിനേയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെയും നിശിതമായി വിമർശിച്ച് കൊടഗനല്ലൂർ, പാലവൂർ വില്ലേജുകളിൽ ബയോമെഡിക്കൽ, ഭക്ഷണം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ അനധികൃതമായി തള്ളിയതിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തതിനെ തുടർന്നാണ് കേരള ശുചിത്വ മിഷന്റെ നടപടി. തമിഴ്നാട് സർക്കാറിന്റേയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും അന്വേഷണത്തിൽ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ആണ് തിരുനെൽവേലിയിൽ മാലിന്യം തള്ളിയത് എന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് സുനോജ്.
Sunaj Eco System Private Limited has been blacklisted by Kerala Clean Mission for illegally dumping biomedical waste in Thoothukudi. The company is banned for three years due to non-compliance.