നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 11,600 പേർ ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോർഡ് കരസ്ഥമാക്കി. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൃദംഗനാദം പരിപാടിക്ക് ഗിന്നസ് ബുക്ക്സ് ഓഫ് റെക്കോർഡ്സ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറി.
അഭിനേതാക്കളും നർത്തകരുമായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, പാരിസ് ലക്ഷ്മി, ഋതുമന്ത്ര തുടങ്ങിയവരും റെക്കോർഡ് നൃത്തത്തിൽ പങ്കാളികളായി. കേരളത്തിനു പുറമേ, അന്യസംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങൾ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപാങ്കുരൻ ഈണം നൽകി അനൂപ് ശങ്കർ ആലപിച്ച ഗാനമാണ് എട്ട് മിനിറ്റ് നീണ്ടുനിന്ന മെഗാ ഭരതനാട്യത്തിൽ ആലപിച്ചത്. 10176 നർത്തകർ അവതരിപ്പിച്ച മെഗാഭരതനാട്യത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. നിരവധി നൃത്ത വിദ്യാലയങ്ങളിലെ 550 ഗുരുക്കന്മാരും ശിഷ്യരും ആറ് മാസത്തിലധികം കഠിന പരിശീലനം നടത്തിയാണ് മെഗാ ഭരതനാട്യം വിജയത്തിലെത്തിച്ചത്.
Bharatanatyam led by actress Divya Unni sets a Guinness World Record with 11,600 performers at Jawaharlal Nehru Stadium, Kaloor. A historic cultural feat with global participation.