ലോകത്തിലെ ഏറ്റവും ധനികനായ ബാലതാരത്തിന്റെ ആസ്തി ആറ് മില്യൺ ഡോളർ (50 കോടി രൂപ). യങ് ഷെൽഡൻ എന്ന സിറ്റ്കോമിലൂടെ പ്രശസ്തനായ പതിനാറ് വയസ്സുകാരനായ ഇയാൻ അർമിറ്റാജ് ആണ് ലോകത്തിലെ ഏറ്റവും ധനികനായ ബാലതാരം. 2008ൽ ജോർജിയയിൽ ജനിച്ച ഇയാൻ ഇയാൻ ലവ്സ് തിയേറ്റർ എന്ന യൂട്യൂബ് സീരീസിലൂടെയാണ് ആദ്യം പ്രശസ്തനായത്. 2014ൽ ഇറങ്ങിയ സീരീസിൽ ആറ് വയസ്സുകാരനായ ഇയാൻ മ്യൂസിക്കൽ തിയേറ്റർ ഷോകൾ റിവ്യൂ ചെയ്ത് പേരെടുത്തു. സീരീസ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി കാസ്റ്റിങ് കോളുകൾ ഇയാന് ലഭിച്ചുതുടങ്ങി. തുടർന്ന് 2015ൽ ദ് പെറസ് ഹിൽട്ടൺ ഷോയിലും ഇയാൻ താരമായി.
2017ൽ ഒൻപതാം വയസ്സിലാണ് ഇയാന്റെ അഭിനയ രംഗത്തെ അരങ്ങേറ്റം. ദി ഗ്ലാസ്സ് കാസിൽ, അവർ സോൾസ് അറ്റ് നൈറ്റ്, അയാം നോട്ട് ഹിയർ എന്നീ മൂന്ന് ചിത്രങ്ങളിലാണ് ഇയാൻ 2017ൽ അഭിനയിച്ചത്. ഇവ കൂടാതെ ലോ ആൻഡ് ഓർഡർ, ബിഗ് ലിറ്റിൽ ലൈസ് എന്നീ ടിവി ഷോകളിലും ഇയാൻ താരമായി.
അതേ വർഷം തന്നെ ഇയാന്റെ ജീവിത്തിലെ ഏറ്റവും പ്രധാന സീരീസും എത്തി. യങ് ഷെൽഡൻ എന്ന സീരീസിലെ ഷെൽഡൻ കൂപ്പർ എന്ന വേഷം ലോകമെങ്ങുമുള്ള പ്രേക്ഷകർക്ക് ഇയാനെ സുപരിചിതനാക്കി. 2017ൽ യങ് ഷെൽഡനിൽ എത്തിയതോടെ ഒരു പ്രൈം ടിവി ഷോയിൽ ടൈട്ടിൽ റോൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ എന്ന ബഹുമതിയും ഇയാനെ തേടിയെത്തി. തുടർന്ന് ഏഴ് വർഷത്തോളം ഇയാൻ ഷെൽഡന്റെ വേഷം ചെയ്തു.
30000 ഡോളർ ആയിരുന്നു യങ് ഷെൽഡൻ ആദ്യ സീസണിൽ ഒരു എപ്പിസോഡിന് ഇയാന്റെ വരുമാനം. ഇങ്ങനെ ആദ്യ സീസണിൽത്തന്നെ കുഞ്ഞുതാരം 660000 ഡോളർ (4.6 കോടി രൂപ) പ്രതിഫലം നേടി. അഞ്ചാമത്തെ സീസൺ ആയപ്പോഴേക്കും ഇയാന്റെ വരുമാനം 1.1 മില്യൺ ഡോളറായി ഉയർന്നു. അങ്ങനെ 13ാമത്തെ വയസ്സിൽത്തന്നെ ഇയാൻ ലോകത്തിലെ ഏറ്റവും ധനികനായ ബാലതാരങ്ങളിൽ ഒരാളായി മാറി. ഷെൽഡനിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം രണ്ട് സിനിമകളിലും ഇയാൻ വേഷമിട്ടു.