മലയാള സിനിമയെ സംബന്ധിച്ച് സംഭവബഹുലമായ വർഷമായിരുന്നു 2024. കോവിഡ് കാലത്ത് കേരളത്തിനു പുറത്തും ആരംഭിച്ച മലയാള സിനിമകളോടുള്ള താൽപര്യം 2024ൽ അതിന്റെ പാരമ്യത്തിലെത്തി. ഈ വർഷം പുറത്തിറങ്ങിയ 200ലധികം മലയാള ചിത്രങ്ങളിൽ 20 എണ്ണത്തോളം ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചു.
ഫെബ്രുവരിയിൽ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ലോകമെമ്പാടുമായി 200 കോടി രൂപയിലധികം നേടി കലക്ഷൻ റെക്കോർഡ് സൃഷ്ടിച്ചു. 2024ലെ മലയാള സിനിമാ വ്യവസായത്തിന് വാണിജ്യപരമായ സ്ഥാനം ഉറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച സർവൈവൽ ത്രില്ലർ ആയി അറിയപ്പെട്ടു. ഡബ്ബ് പതിപ്പുകളിലൂടെ അന്യഭാഷകളിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. എ.ഡി. ഗിരീഷിൻ്റെ പ്രേമലുവും കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിൽ നിന്നും വൻ ശ്രദ്ധ ആകർഷിച്ചു. പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പ് അവതരിപ്പിച്ചത് എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയായിരുന്നു.
ആവേശം, ആടുജീവിതം, ഭ്രമയുഗം എന്നിവയും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ആവേശത്തിലെ രംഗണ്ണനായി ഫഹദ് ഫാസിൽ ട്രെൻഡ് സെറ്ററായ വർഷമാണ് 2024. മലയാളത്തിനു പുറത്തും ആവേശം വലിയ വിജയമായി. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലെസ്സി-പൃത്ഥ്വിരാജ് കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ ആടുജീവിതമാണ് 2024ലെ മലയാള സിനിമയിലെ സുപ്രധാന വരവ്. എ.ആർ. റഹ്മാന്റെ മാസ്മരിക സംഗീതം ചിത്രത്തെ വേറിട്ടു നിർത്തി. ഭ്രമയുഗത്തിലൂടെ മമ്മൂട്ടി തന്റെ അഭിനയജീവിതത്തിലെ ഏറ്റവും സുപ്രധാന വേഷത്തിലെത്തി. ഫാൻ്റസി ത്രില്ലറായ ബറോസിലൂടെ മോഹൻലാൽ സംവിധായകന്റെ തൊപ്പി കൂടി അണിഞ്ഞ വർഷമാണ് 2024.
എബ്രഹാം ഓസ്ലർ, ആവേശം, മുറ, പണി, വാഴ, വർഷങ്ങൾക്ക് ശേഷം, ഗുരുവായൂർ അമ്പലനടയിൽ, ഉള്ളൊഴുക്ക്, സൂക്ഷമദർശിനി, ആട്ടം, കിഷ്കിന്ധാ കാണ്ഡം, ബൊഗെയ്ൻ വില്ല, റൈഫിൾ ക്ലബ്ബ്, മാർക്കോ തുടങ്ങി നിരവധി ജോണറുകളിലുള്ള ചിത്രങ്ങൾ മലയാള സിനിമയുടെ 2024നെ വർണശബളമാക്കി. കിഷ്കിന്ധാ കാണ്ഡത്തിനു പുറമേ തലവൻ, ലെവൽ ക്രോസ്, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങളിലൂടെയും ആസിഫ് അലി 2024ൽ തന്റെ സ്വാധീനം ശക്തമാക്കി. അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോയും 2024ലെ പ്രധാന സാന്നിദ്ധ്യമായി.
2024ന്റെ അവസാനം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ്ങായ 10.8 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ സ്റ്റാർഡം ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
മലയാളത്തിലെ അഭിനേതാക്കൾ ദേശീയ-അന്തർദേശീയ തലങ്ങളിൽ 2024ൽ സ്വാധീനം സൃഷ്ടിച്ചു. കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നീ മലയാളികളിലൂടെ പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാനിലെ ഗ്രാൻഡ് പ്രിക്സ് മുതലുള്ള ചലച്ചിത്ര ഫെസ്റ്റുകൾ കീഴടക്കിക്കൊണ്ടേയിരുന്നു.
എന്നാൽ 2024 സിനിമാ മേഖലയിൽ തിരിച്ചടികളും ഉണ്ടാക്കി. സിനിമകളുടെ ജയപരാജയങ്ങൾക്കപ്പുറം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളാണ് ഇടിത്തീ പോലെ മലയാള സിനിമയെ പിടിച്ചുലച്ചത്. സിനിമാ വ്യവസായത്തിന് ആത്മപരിശോധന നടത്താനും തങ്ങളെത്തന്നെ സൂക്ഷ്മമായി പരിശോധിക്കാനും റിപ്പോർട്ട് പ്രേരക ശക്തിയായി.
From record-breaking films like Manjummal Boys to Mohanlal’s return as a director, 2024 was a transformative year for Malayalam cinema. Despite some setbacks, the year witnessed major successes and international acclaim.