ലോകത്തെ മാറ്റി മറിച്ച എന്തും, അത് ഒരു ആശയമാകട്ടെ, വിപ്ലവമാകട്ടെ, ബ്രാൻഡാകട്ടെ, പ്രൊഡക്റ്റാകട്ടെ, എന്തും തുടങ്ങുന്നത് ഒരു സ്പാർക്കിലാണ്. ചിന്തയുടെ ഒരു തീപ്പൊരി, അത് എങ്ങനെ കത്തിപ്പടരുമെന്നോ ആളിപ്പടരുമെന്നോ യാതൊരു നിശ്ചയവുമില്ലാത്ത സമയത്താണ് ആ ആശയത്തിന്റെ അമരക്കാരൻ തലച്ചോറിൽ ഐഡിയയുടെ കതിനയ്ക്ക് തീ കൊളുത്തുന്നത്.
1971- അമേരിക്കയിലെ ഒറിഗോണിലെ പോർട്ട്ലാന്റ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കരോലിൻ ഡേവിഡ്സൺ ( Carolyn Davidson) എന്ന ഇരുപത്തിയഞ്ച് വയസ്സ്മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പുലരുവോളം തന്റെ മുന്നിലെ ക്യാൻവാസിൽ സ്കെച്ചുകൾ ഇടുകയാണ്.
ഒരു ലോഗോ വരയ്ക്കാനാണ് ശ്രമം. പലതും വരച്ച് ശരിയാകാഞ്ഞ്, കുറച്ച് ദിവസങ്ങളായി അവൾ രാത്രിയും പകലും മനസ്സിലെ ഒരു ആശയത്തിന് രൂപം നൽകാൻ ഉറക്കമൊഴിക്കുകയാണ്. പിറ്റേന്ന് അവ പ്രസന്റ് ചെയ്യണം. ലോഗോ വരയ്ക്കാനായി Blue Ribbon Sports കമ്പനിയുടെ ഓണർ ഫിൽ നൈറ്റ്
(Phil Knight) നൽകിയ നിർദ്ദേശങ്ങൾ മനസ്സിൽ കിടന്ന് അസ്വസ്ഥത ഉണ്ടാക്കുന്നു. ചലനാത്മകത ഉണ്ടാകണം, വൈബ്രന്റ് ആയിരിക്കണം, ഒരു വര മാത്രമേ ആകാവൂ, സിംപിളായിരിക്കണം. ഉറക്കം മറന്ന് അവൾ വരയിൽ മുഴുകി. 17 മണിക്കൂർ, ഒറ്റിയിരുപ്പ്! ഒടുവിൽ രാവിലെ ആകുമ്പോഴേക്ക് 4-5 സ്ക്കെച്ചുകൾ പൂർത്തിയാക്കി. പിറ്റേന്ന് കമ്പനിയിലെത്തി അവ പ്രസന്റ് ചെയ്തു. അതിൽ, ഒരു വളവുള്ള വര ആ കമ്പനിയുടെ ഫൗണ്ടർ ഫിൽ നൈറ്റ് സെലക്റ്റ് ചെയ്തു. എന്നിട്ടയാൾ പറഞ്ഞു- “സത്യം പറഞ്ഞാൽ, എനിക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ല, പക്ഷേ, അത് കുറച്ച് ദിവസം കഴിയുമ്പോൾ എന്നെ ആകർഷിക്കുമായിരിക്കും..നോക്കാം “.. ഗ്രീക്ക് പുരാണത്തിലെ ഭാഗ്യ ദേവതയുടെ ചിറകിനെ ആധാരമാക്കിയാണ് കരോളിൻ ആ ലോഗോ വരച്ചത്. സ്വൂഷ് വേഗതയെ സൂചിപ്പിക്കുന്ന ഒരു ലോഗോ. ആ ലോഗോ പിറന്ന് അമ്പത് ആണ്ടുകൾക്കിപ്പുറം ബ്രാൻഡിന്റെ പേര് പോലും പറയാതെ ലോകത്തെ ഏതുകോണിലുമുള്ള ഏത് കൊച്ചുകുട്ടിക്ക് പോലും തിരിച്ചറിയുന്ന തരത്തിൽ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള ലോഗോ ആയി കരോലിന്റെ ആ വര മാറിയിരിക്കുന്നു. അന്ന് 35 ഡോളറായിരുന്നു ആ ലോഗോ വരയ്ക്കാൻ കരോലിന് Blue Ribbon Sports കമ്പനി നൽകിയത്. ഇന്ന് ആ ലോഗോയുടെ മാത്രം മൂല്യമെത്രയെന്ന് അറിയുമോ? 26 ബില്യൺ ഡോളർ അഥവാ രണ്ട് ലക്ഷം കോടി രൂപ! ഏതായിരുന്നു ആ ലോഗോ?
അതെ നൈക്കി (Nike) ! നൈക്കിയുടെ ലോഗോ വന്ന വഴിയാണിത്. ലോഗോയേക്കാൾ ത്രില്ലിംഗാണ് ആ ഷൂബ്രാൻഡ് പിറന്ന കഥയും! നൈക്കിയും അവരുടെ ജസ്റ്റ് ഡു ഇറ്റ് എന്ന വാചകവും ലോകത്തെ പ്രകമ്പനം കൊള്ളിച്ചിട്ട് പതിറ്റാണ്ടുകൾ കഴിയുന്നു. പക്ഷെ ഒരു കാറിന്റെ ഡിക്കിയിൽ തുടങ്ങിയ ഷൂക്കച്ചവടമാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി വളർന്നത് എന്ന് എത്രപേർക്കറിയാം.
ലോഗോ പുറത്തിറങ്ങി ഒരുവർഷത്തിനുള്ളിൽ അതായത് 1972-ൽ, നൈക്കി ഷൂ പുറത്തിറങ്ങി. എന്നാൽ സംരംഭം തലയ്ക്ക് പിടിച്ച് മുന്നുംപിന്നും നോക്കാതെ രണ്ട് യുവാക്കൾ ഇറങ്ങിത്തിരിച്ചത് അതിനും 8 വർഷം മുമ്പാണ്, 1964-ൽ. ഫിൽ നൈറ്റ് (Phil Knight) എന്ന 24 കാരൻ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ ഗ്രാജുവേഷൻ എടുത്തിട്ടേയുള്ളൂ. അത്ലറ്റായ നൈറ്റിന്റെ ആഗ്രഹമായിരുന്നു ട്രാക്കിനെ തീ പിടിപ്പിക്കുന്ന, ഓടുന്നവനെ തീപ്പന്തമാക്കുന്ന ഒരു ഷൂ. ആ ആഗ്രഹത്തിനൊപ്പം ഒരാൾ കൂടി ചേർന്നു, Bill Bowerman, നൈറ്റിന്റെ കോളേജിലെ ട്രാക്ക് കോച്ച്. ഫിൽ നൈറ്റ് എങ്ങനെയോ ഒരു ആയിരം ഡോളർ സംഘടിപ്പിച്ചു. ഇന്നത്തെ വാല്യുവെച്ച് നോക്കിയാൽ ഏതാണ്ട് ഒരു 3 ലക്ഷം രൂപ. അങ്ങനെ നൈറ്റും ബിൽ ബോവർമാനും കൂടി സംരംഭം തുടങ്ങി. പേര് Blue Ribbon Sports. ജപ്പാനിലെ ഒനിസുക ടൈഗർ (Onitsuka Tiger) എന്ന ബ്രാൻഡിന്റെ ഷൂ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്ത് വിൽക്കുക, ഇതേ അവർ അന്ന് ഉദ്ദേശിച്ചുള്ളൂ. അതിനായി ഒരു കട എടുത്ത് തുടങ്ങാനുള്ള പാങ്ങൊന്നും അവർക്ക് ഉണ്ടായില്ല. കാറിൽ യാത്രചെയ്ത് അത്ലറ്റുകളെ കണ്ടെത്തി അവർക്ക് ഓരോ പെയർ ഷൂ വിറ്റുതുടങ്ങി. ആദ്യ വർഷം 1300 പെയർ ഷൂ വിറ്റു. 8000 ഡോളർ വരുമാനം. തരക്കേടില്ല. പക്ഷെ വരും വർഷങ്ങളിൽ കാര്യങ്ങൾ അത്ര പന്തിയായില്ല. കാരണം അത്ലറ്റുകൾ എന്ന് പറയുന്നത് ഒരു നീഷ് മാർക്കറ്റാണ്. കാറിന് ഓടി എത്താവുന്ന ദൂരത്ത്, അത്ലറ്റിനെ കണ്ടെത്തി കൺവിൻസ് ചെയ്താലേ ഒരു കച്ചവടം നടക്കൂ. കഷ്ടിച്ച് 10 ഡോളറിൽ താഴെ മാത്രമാണ് ഷൂവിന്റെ വില. ലാഭം തുശ്ചമാണ്. നൈറ്റ് , മറ്റൊരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി പോയിതുടങ്ങി.
ഷൂ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ അങ്ങനെ പണം കണ്ടെത്തി. അക്കൗണ്ടന്റ് എന്ന നിലയിലെ പ്രഷറ്, സംരംഭം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രഷറ്.. ഫിൽ നൈറ്റ് ചിലപ്പോഴൊക്കെ തളർന്നുപോയി. പക്ഷെ മനസ്സുകൊണ്ട് അയാൾ മുന്നോട്ടേക്കുള്ള വഴികൾ ആലോചിച്ചുകൊണ്ടേ ഇരുന്നു. സംരംഭത്തിലെ പാർട്ണറായ ബോവർമാൻ നേരത്തേ തന്നെ ഷൂവിന്റെ വിവിധ ഡിസൈനുകൾ പരീക്ഷിക്കുന്നുണ്ടായിരുന്നു. ഇറക്കുമതി ചെയ്യുന്ന ഷൂ അല്ല, സ്വന്തമായി നിർമ്മിക്കുന്ന ഷൂ. അതായിരുന്നു ഇരുവരുടേയും സ്പ്നം. ബോവർമാൻ അതിന്റെ പരീക്ഷണങ്ങളിലായിരുന്നു. അക്കാലത്ത് അത്ലറ്റിക് ഷൂവിന് കുറേ പോരായ്മകളുണ്ടായിരുന്നു. താരങ്ങളുടെ പെർഫോർമൻസോ, സൗകര്യമോ ഒന്നും ഷൂ നിർമ്മാതാക്കൾ പരിഗണിച്ചിരുന്നില്ല. തന്നെയുമല്ല, അന്നത്തെ അത്ലറ്റിക് ഷൂ നല്ല ഭാരമുള്ളവയായിരുന്നു. പരിമിതമായ ആർക്ക് സപ്പോർട്ടും. ഇതൊക്കെ അത്ലറ്റുകൾക്ക് പരിക്കുപറ്റാൻ കാരണമായി. ഇതിനെല്ലാമുപരി, അത്ലറ്റായ നൈറ്റിന് അനുഭവപ്പെട്ട പ്രശ്നം ഷൂ-വിന് ഗ്രിപ്പില്ല എന്നതാണ്. ഓടുമ്പോൾ അത്ലറ്റുകൾ വീഴാറുണ്ടായിരുന്നു. അതിന് പരിഹാരമായി ഒരു ഷൂ. അതായിരുന്നു ഫിൽ നൈറ്റിന്റേയും ബിൽ ബോവർമാന്റേയും ലക്ഷ്യം. അങ്ങനെ ഒരുനാൾ തന്റെ അടുക്കളിയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കഴിക്കവേ, വാഫേസിലെ ഗ്രിഡ് പാറ്റേൺ ബോവർമാനെ ആകർഷിച്ചു. ഷൂ സോളിന് അത് പറ്റിയ ഡിസൈനാകുമെന്ന് അയാൾക്ക് മനസ്സിലായി. ഗ്രിഡ് പാറ്റേൺ സോളുള്ള, ലൈറ്റ് വെയിറ്റായ ഷൂ ബോവർമാൻ നിർമ്മിച്ചു. 1974! Waffle Trainer മോഡൽ പുറത്തിറക്കി. ഇൻസ്റ്റന്റ് ഹിറ്റ്! Waffle Trainer പുറത്തുവന്നത് മാർക്കറ്റിനെ ചലനാത്മകമാക്കി. 1970-കളുടെ മധ്യമായപ്പോഴേക്ക് Waffle Trainer മോഡലിന്റെ വാർഷിക വിൽപ്പന 20 ലക്ഷം ഡോളർ കടന്നു. അതൊരു തുടക്കം മാത്രമായിരുന്നു. 1978-ൽ Blue Ribbon Sports എന്ന പേര് മാറ്റി നൈക്കി എന്ന ബ്രാൻഡ് നെയിം ഒഫീഷ്യലാക്കി ബോവർമാനും, നൈറ്റും.
1984-ൽ ബാസ്ക്കറ്റ് ബോൾ പ്ലയറായ മിഖായേൽ ജോർദാനുമായി നൈക്കി കരാർ ഒപ്പുവെച്ചു. അഡിഡാസ് പറഞ്ഞുറപ്പിച്ച കരാർ ആക്ച്വലി നൈക്കി മോഹവിലയ്ക്ക് റാഞ്ചുകയായിരുന്നു. പിന്നാലെ ദ എയർ ജോർദാൻ ലൈൻ (The Air Jordan line) മോഡൽ പുറത്തിറങ്ങി. അത് ഗംഭീരമായ മാർക്കറ്റിംഗായി. ജോർദാന്റെ ബ്രാൻഡിംഗോടെ 1986-ൽ നൈക്കിയുടെ വിൽപ്പന 100 കോടി ഡോളർ കടന്നു. 1990-ൽ ജസ്റ്റ് ഡു ഇറ്റ് എന്ന ഐക്കോണിക് ടാഗ് ലൈൻ പിറന്നു. പിന്നെക്കണ്ടത്, കരോലിൻ ഡിസൈൻ ചെയ്ത ലോഗോയും ജസ്റ്റ് ഡു ഇറ്റ് എന്ന ക്യാപ്ഷനും ലോകമാകെ പടരുന്ന ലഹരിയായി മാറുന്ന കാഴ്ചയാണ്. 1980-കളിൽ അഡിഡാസ് എന്ന സ്പോർട്സ് വെയർ ഭീമന് മുന്നിൽ പിടിച്ചുനിൽക്കാൻ ഫൈറ്റ് ചെയ്ത അതേ നൈക്കി, 2010-ഓടെ അഡിഡാസിനെ പിന്നിലാക്കി ലോക മാർക്കറ്റ് പിടിച്ചു. അഡിഡാസ് നൈക്കിയുടെ പുകുതിയോളമായി ചുരുങ്ങി. പ്യൂമ ഉൾപ്പെടെയുള്ള എതിരാളികൾ നൈക്കിക്ക് മുന്നിൽ തുലോം തുശ്ചമായി മാറി. കാറിന്റെ ഡിക്കിയിൽ ഷൂ കച്ചവടം തുടങ്ങിയവർ, സ്പോട്സ് വെയർ മാർക്കറ്റിൽ ലോക രാജാക്കന്മാരായി.
ഇതിനിടയിൽ ചില പേരുദോഷവും നൈക്കി കേട്ടു. അമേരിക്കയ്ക്ക് പുറത്തുള്ള ഷൂ ഫാക്ടറികളിൽ വളരെ മോശമായ സാഹചര്യത്തിലാണ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതെന്ന അപവാദം. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ഫണ്ട് ഇറക്കിയും അക്കൗണ്ടബിലിറ്റി കാത്ത് സൂക്ഷിച്ചും നൈക്കി പോസിറ്റീവായി നിലപാടെടുത്തു.
5000 കോടി ഡോളറിന്റെ വരുമാനം, 200-ഓളം രാജ്യങ്ങളിലായി രണ്ടായിരത്തോളം റീട്ടെയിൽ സ്റ്റോറുകൾ, ലോകത്തെ ഏറ്റവും വലിയ അറ്റലറ്റിക് ഷൂ മാനുഫാക്ചറർ എന്ന പദവി, 28% മാർക്കറ്റ് ഷെയർ , 75,000 ത്തിലധികം വരുന്ന ജീവനക്കാർ, ശക്തമായ ബ്രാൻഡ് എന്ന വിപണിയിലെ മേൽക്കോയ്മ- ഇതാണ് ഇന്ന് നൈക്കി.
ഒറ്റ പ്രൊഡക്റ്റ്, ബോൾഡായ ഐഡിയ, സ്വപ്നം നിറവേറ്റാനുള്ള നിശ്ചയദാർഢ്യം, തിരിച്ചടിയിലും തളരാതെ പുതിയവ കണ്ടെത്താനുള്ള മനസ്സ്, ടാർഗറ്റ് ഓഡിയൻസുമായി ഇമോഷണലി കണക്റ്റ് ചെയ്യാനുള്ള പ്രൊമോഷണൽ ക്യാംപയിൻ, യുവത്വം ആഗ്രഹിക്കുന്ന മോഡലുകൾക്കായി അടങ്ങാത്ത ദാഹത്തോടെ നടത്തുന്ന പരീക്ഷണം… നൈക്കി ഓരോ സംരംഭകരോടും പറഞ്ഞുതരുന്ന വിജയ പാഠം ഇതാണ്. കാറിൽ കറങ്ങി കിനാവ് വിറ്റപ്പോഴും കരളിൽ കാത്തുവെച്ച കാഴ്ചപ്പാട് കൈമോശം വരാതെ സൂക്ഷിച്ചതാണ് കോടിത്തിളക്കമുള്ള കച്ചവടത്തിലേക്ക് നൈക്കിയെ കൈപിടിച്ചുയർത്തിയത്.
ഇനി, നൈക്കിയുടെ ആ പ്രശസ്തമായ ലോഗോ വരച്ച ആദ്യം പറഞ്ഞ കൊമാരക്കാരിയായ കരോലിൻ ഡേവിഡ്സണെ ഓർമ്മയില്ലേ, അവർക്ക് ഇന്ന് 82 വയസ്സായിരിക്കുന്നു. 1976-ൽ നൈക്കി അവരുടെ ക്യാംപയിൻ ഒരു ഏജൻസിയെ ഏൽപ്പിച്ചതോടെ കരോലിൻ കമ്പനിയിൽ നിന്ന് പടിയിറങ്ങിയിരുന്നു. ആ ലോഗോ ആദ്യം കണ്ടമാത്രയിൽ എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ ഫിൽ നൈറ്റ്, നൈക്കി വളർന്ന് ലോകമാകെ പടരുന്ന സമയത്ത്, ആ ലോഗോ മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞപ്പോൾ, കരോലിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ചോക്കലേറ്റിൽ നിർമ്മിച്ച നൈക്കി ലോഗോയും ഗോൾഡ് റിംഗും നൈക്കി കമ്പനിയുടെ 500 ഷെയറുകളും അവർ കരോലിന് നൽകി. അത് ഒരു ഉടമയുടെ അന്തസ്സാർന്ന സമ്മാനമായിരുന്നു. ആദ്യ കാഴ്ചയിൽ ഇഷ്ടം തോന്നാതിരുന്ന ഒരു ഡിസൈൻ ലോകമാകെ കീഴടക്കുന്നത് കണ്ടപ്പോൾ, തന്റെ ബ്രാൻഡിന്റെ നെറുകയിൽ ചൂടിയ വജ്രകിരീടമായി ആ ലോഗോ സ്വയം മാറിയ കണ്ടപ്പോൾ, അദ്ദേഹത്തിന് തോന്നിയ ആദരവ്. 1980-കളിൽ കരോലിന് കൊടുത്ത സ്റ്റോക്കിന്, 2023-ൽ 30 ലക്ഷം ഡോളറായി മൂല്യം! 1995-ൽ നൈക്കി എന്ന എഴുത്ത് അവർ ലോഗോയിൽ നിന്ന് മാറ്റി. കാരണം ലോഗോ മാത്രം മതി ബ്രാൻഡ് മനസ്സിലാക്കാൻ. അത്ര ശക്തമായ ഒരു ലോഗോ പൊസിഷനിംഗ് വേറെ ആർക്ക് പറ്റും? ഒരു വളഞ്ഞ വര, ആ വരയിൽ എല്ലാം മനസ്സിലാകുന്നു… ലോകത്തിന് മുഴുവൻ! ഭാഷയോ വിദ്യാഭ്യാസമോ സംസ്ക്കാരമോ അതിന് തടസ്സമല്ലാതാകുന്നു. അതാണ് ബ്രാൻഡിംഗ്! കരോലിൻ ഡേവിഡ്സൺ ലോഗോ വരയ്ക്കാനിരുന്ന അന്ന് രാത്രി, അവരുടെ മനസ്സ് അസ്വസ്ഥമായത് ഓർമ്മയില്ലേ, ഫിൽ നൈറ്റ് പറഞ്ഞ, ലോഗോയ്ക്ക് വെച്ച നിർദ്ദേശങ്ങൾ… ചലനാത്മകത ഉണ്ടാകണം, വൈബ്രന്റ് ആയിരിക്കണം, ഒരു വര മാത്രമേ ആകാവൂ, സിംപിളായിരിക്കണം. അത് കേട്ട് കരോലിൻ ലോഗോ വരച്ചിട്ടത് അവരുടെ ഹൃദയത്തിൽ നിന്നായിരുന്നു. ഗ്രീക്ക് ദേവതയുടെ ചിറകിന്റെ ഭാഗ്യാംശമുള്ള അറ്റം വളഞ്ഞ ഒരു വര! ലോകത്തിന്റെ നെറുകയിൽ പതിഞ്ഞ വര!
Discover the inspiring journey behind Nike’s iconic logo, the brand’s humble beginnings, and its rise to become the world’s leading sportswear giant.