ലോകത്തിലെ ഏറ്റവും ഉയരമുളള കെട്ടിടമായ ബുർജ് ഖലീഫ പ്രവർത്തനമാരംഭിച്ചിട്ട് 15 വർഷം തികഞ്ഞിരിക്കുകയാണ്. 2010 ജനുവരി നാലിനാണ് ബുർജ് ഖലീഫയുടെ നിർമാണം പൂർത്തിയായത്. ഈ 15 വർഷത്തിനിടയ്ക്ക് ലോകമെങ്ങുമുള്ള കോടിക്കണക്കിന് വിനോദസഞ്ചാരികൾ ബുർജിലേക്ക് ഒഴുകിയെത്തി. അതിനൊപ്പം നിരവധി ഹോളിവുഡ്-ബോളിവുഡ് സിനിമകളും ഈ അംബരചുംബിയിൽ ചിത്രീകരിച്ചു.
ബ്രാഡ് ബേർഡിന്റെ സംവിധാനത്തിൽ ടോം ക്രൂയിസ് നായകനായെത്തിയ മിഷൻ ഇംപോസിബിൾ ഗോസ്റ്റ് പ്രോട്ടോകോളാണ് ബുർജ് ഖലീഫയിൽ ചിത്രീകരിച്ച ഐക്കോണിക് ചിത്രങ്ങളിൽ പ്രധാനം. ബുർജിനൊപ്പം യുഎഇയിലെ മറ്റ് നിരവധി സ്ഥലങ്ങളിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു. 2014ൽ ഷാരൂഖ് ഖാൻ നായകനായെത്തിയ ഹാപ്പി ന്യൂ ഇയർ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതും ബുർജ് ഖലീഫയിലായിരുന്നു. ദുബായിലെ അറ്റ്ലാന്റിസ് ഹോട്ടലിലും ചിത്രത്തിന്റെ നിരവധി ഭാഗങ്ങൾ ചിത്രീകരിച്ചു.
2014ൽത്തന്നെ ഹൃത്വിക് റോഷൻ നായകനായെത്തിയ ബോളിവുഡ് ചിത്രം ബാങ് ബാങ്ങിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത് ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലായിരുന്നു. 2015ൽ അനിൽ കപൂർ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ വെൽക്കം ബാക്ക് എന്നചിത്രത്തിലും ബുർജ് ഖലീഫ മുഖം കാണിച്ചു. 2023ൽ ഷാരൂഖ് ഖാന്റെ പത്താനിലെ ചില സംഘട്ടന രംഗങ്ങളും ബുർജ് ഖലീഫയിലാണ് ചിത്രീകരിച്ചത്.
ഈ ഹോളിവുഡ്-ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ എമിറേറ്റ്സ് എയർലൈൻസിന്റെ 30 സെക്കൻഡ് പരസ്യത്തിലൂടെയും ബുർജ് ഖലീഫ പ്രേക്ഷകർക്ക് മുൻപിലെത്തി.
Celebrate 15 years of the Burj Khalifa, the world’s tallest building and a global cinematic icon. From “Mission Impossible: Ghost Protocol” to Bollywood hits like “Happy New Year,” discover how this architectural marvel has starred in unforgettable film and ad moments.