റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷവും ബോക്സോഫീസിൽ മികച്ച കലക്ഷൻ നേടുന്നത് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2. 32ാം ദിവസം ഏഴ് കോടി രൂപ കലക്ഷൻ നേടിയ ചിത്രത്തിന്റെ ആകെ ആഗോള കലക്ഷൻ ഇതോടെ 1800 കോടി രൂപയായി. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ 2. ബാഹുബലി ടൂവിന്റെ നിലവിലെ റെക്കോർഡാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 800 കോടി രൂപ കലക്ഷൻ നേടിയിട്ടുണ്ട്. ഏതൊരു ചിത്രത്തിന്റേയും ഡബ്ബ് പതിപ്പ് സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്. ഇന്ത്യയിൽ നിന്നു മാത്രം 1200 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കലക്ഷൻ.
ആമിർ ഖാൻ നായകനായ ദംഗലിന്റെ റെക്കോർഡ് മാത്രമേ ആകെ ആഗോള കലക്ഷന്റെ കാര്യത്തിൽ പുഷ്പ ടൂവിന് ഇനി മറികടക്കാനുള്ളൂ. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കലക്ഷൻ. നേരത്തെ റിലീസായി വെറും ആറ് ദിവസത്തിനുള്ളിൽ 1000 കോടി ക്ലബ്ബിൽ കയറി പുഷ്പ 2 ചരിത്രം രചിച്ചിരുന്നു. ഏറ്റവും വേഗത്തിൽ നേട്ടത്തിലെത്തുന്ന ചിത്രം എന്ന റെക്കോർഡാണ് പുഷ്പ 2 നേടിയത്. 10 ദിവസം കൊണ്ട് ആയിരം കോടി ക്ലബ്ബിൽ കയറിയ ബാഹുബലി ടൂവിന്റെ റെക്കോർഡാണ് പുഷ്പ 2 അന്ന് മറികടന്നത്.
Pushpa 2 continues its stellar run, collecting Rs 1800 crore globally within 32 days and surpassing Baahubali 2’s records. Discover how this blockbuster became the fastest film to achieve the 1000 crore milestone.