പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്ട്ടിഫിക്കേഷന് അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂര്‍ ജില്ലയിലെ ചാല് ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്.
പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സൗഹൃദ രീതികള്‍ക്കും പ്രസിദ്ധിയാര്‍ജ്ജിച്ച കാപ്പാട്, ചാല് ബീച്ചുകള്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേരളത്തിന്റെ മാതൃകകളാണ്. ബ്ലൂ ഫ്ളാഗ് ബഹുമതി കരസ്ഥമാക്കിയതിലൂടെ ആഗോളതലത്തില്‍ കാപ്പാട്, ചാല് ബീച്ചുകളുടെ ആകര്‍ഷണീയത വര്‍ധിക്കുകയും സുസ്ഥിര ടൂറിസം കേന്ദ്രമെന്ന സംസ്ഥാനത്തിന്റെ പെരുമ കരുത്താര്‍ജ്ജിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ശുചിത്വം, പരിസ്ഥിതി പരിപാലനം, സന്ദര്‍ശകരുടെ സുരക്ഷ എന്നിവയില്‍ ഉന്നത നിലവാരം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനത്തിന്റെ ഉദ്യമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതി.
പരിസ്ഥിതി സംരക്ഷണം, സുരക്ഷ, സുസ്ഥിരത എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ബീച്ചുകള്‍, ബോട്ടിംഗ് ഓപ്പറേറ്റര്‍മാര്‍, മെറീനകള്‍ എന്നിവയ്ക്ക് ഡെന്മാര്ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷനാണ് – FEE – ഈ അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നത്.
പരിസ്ഥിതി അവബോധമുള്ള സഞ്ചാരികളെ സംസ്ഥാനത്തേക്ക് കൂടുതലായി എത്തിച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് സംസ്ഥാനവും, കേരളാ ടൂറിസം അധികൃതരും ഈ നേട്ടത്തെ നോക്കിക്കാണുന്നത്.
പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ചു കൊണ്ട് പരിസ്ഥിതി സൗഹൃദ യാത്രാനുഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന കേരളത്തിന്റെ രീതി തുടരുമെന്നു ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഉത്തരവാദിത്തമുള്ളതും പ്രാപ്യവുമായ ടൂറിസത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന പരിശ്രമങ്ങളുടെ നേട്ടമാണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷനെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് പറഞ്ഞു.
Kappad Beach in Kozhikode and Chal Beach in Kannur have received the prestigious Blue Flag certification, highlighting Kerala’s commitment to eco-friendly and sustainable tourism.