നോയൽ നേവൽ ടാറ്റ തലപ്പത്ത് എത്തിയതോടെ തലമുറമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിൽ ഒന്നായ ടാറ്റാ ഗ്രൂപ്പ്. ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞ വർഷമാണ് നോയൽ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റാ ട്രസ്റ്റ്സ് ചെയമാനായത്. ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിൽ 66% പങ്കാണ് ടാറ്റാ ട്രസ്റ്റ്സിന് ഉള്ളത്. നോയൽ ടാറ്റ ചെയർമാൻ ആയതിനൊപ്പം അദ്ദേഹത്തിന്റെ മക്കളും കമ്പനിയിൽ നിർണായക സ്ഥാനങ്ങളിലുണ്ട്. ഇതോടെയാണ് ടാറ്റയിൽ തലമുറ മാറ്റത്തിന് ആരംഭം ആയിരിക്കുന്നത്.
ഇപ്പോൾ രത്തൻ ടാറ്റാ ട്രസ്റ്റിനു കീഴിലുള്ള രത്തൻ ടാറ്റാ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നോയലിന്റെ മക്കളായ മായ, ലേ എന്നിവർ. നെവിൽ, മായ, ലേ എന്നീ നോയലിന്റെ മൂന്ന് മക്കളും $104.5 ബില്യൺ ആസ്തിയുള്ള ഗ്രൂപ്പിൽ പ്രധാന സ്ഥാനങ്ങളിൽ ഉണ്ട്. മൂവർക്കും ധനകാര്യം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ സ്വാധീനമുണ്ട്.
നിലവിൽ ടാറ്റയുടെ ഇന്ത്യൻ ഹോട്ടൽസ് കമ്പനീസ് വൈസ് പ്രസിഡന്റാണ് ലേ ടാറ്റ. ഗേറ്റ് വേ ഹോട്ടൽ ബ്രാൻഡും ലേ കൈകാര്യം ചെയ്യുന്നുണ്ട്. സ്പെയിനിൽ നിന്നും മാർക്കറ്റിങ് ബിരുദം നേടിയാണ് ലേ ടാറ്റ ടാറ്റാ ഗ്രൂപ്പിൽ കരിയർ ആരംഭിച്ചത്. 2006ൽ താജ് ഹോട്ടൽസ് റിസേർട്ട്സ് അസിസ്റ്റന്റ് സെയിൽസ് മാനേജർ ആയായിരുന്നു ലേയുടെ കരിയർ പ്രവേശനം. ഇതിനു പുറമേ മുംബൈ താജ് മഹൽ പാലസ് ഹോട്ടൽ പ്രവർത്തനത്തിലും ലേ പങ്കാളിയായിട്ടുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് സംരംഭമായ ട്രെന്റിന്റെ കീഴിലുള്ള സ്റ്റാർ ബസാർ ഹൈപ്പർ മാർക്കറ്റിന്റെ ചുമതലയാണ് നെവിൽ ടാറ്റ വഹിക്കുന്നത്. ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 2016ലാണ് ട്രെന്റിൽ എത്തിയത്. ടാറ്റയുടെ ഫാഷൻ ബ്രാൻഡായ സുഡിയോയുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു.
ടാറ്റാ ക്യാപിറ്റലിനു കീഴിലെ ഇക്വിറ്റി ഫണ്ടായ ടാറ്റാ ഓപ്പർച്ച്യുണിറ്റീസ് ഫണ്ടിലൂടെയാണ് മായാ ടാറ്റ കരിയർ ആരംഭിച്ചത്. പിന്നീട് ടാറ്റാ ഡിജിറ്റലിലേക്ക് മാറിയ മായ ടാറ്റാ ന്യൂ ആപ്പിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിച്ചു. ടാറ്റാ എജ്യുക്കേഷൻ ട്രസ്റ്റ്, ആർഡി ടാറ്റാ ട്രസ്റ്റ്, തെൽമ ടാറ്റാ ട്രസ്റ്റ് തുടങ്ങിയവയിലും അവർ അംഗമാണ്.
The Tata Group undergoes a significant leadership shift as Noel Naval Tata becomes Chairman of Tata Trusts. Maya and Leah Tata join the board of trustees at the Sir Ratan Tata Industrial Institute, marking the next generation’s involvement in the iconic group’s legacy.