ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. ഒക്ടോബർ 25 മുതൽ നവംബർ 2 വരെ അർജന്റീന താരം കേരളത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദു റഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞു. അർജന്റീന ടീം കേരളത്തിൽ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനൊപ്പം ആരാധകർക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ പ്രമുഖ ടീമാകും അർജന്റീനയെ നേരിടുക. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനത്തുള്ള ടീമിനെതിരെയാകും മത്സരം. മെസ്സി കേരത്തിലേക്ക് എത്തുന്നതോടെ താരത്തിന്റെ ആസ്തിയെ കുറിച്ചും വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്.
ഫിനാൻസ് മന്ത്ലി റിപ്പോർട്ട് പ്രകാരം 850 മില്യൺ ഡോളറാണ് ഫുട്ബോൾ ഇതിഹാസത്തിന്റെ നിലവിലെ ആസ്തി. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി കണക്കാക്കപ്പെടുന്ന മെസ്സി ഏറ്റവും കൂടുതൽ വരുമാനമുള്ള കായിക താരങ്ങളിൽ മുൻപന്തിയിലാണ്. കൗമാരകാലം മുതൽ സ്പാനിഷ് ക്ലബ്ബ് ബാർസലോനയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം 2021 വരെ ക്ലബ്ബിൽ തുടർന്നു. 168 മില്യൺ ഡോളറായിരുന്നു ബാർസലോനയിൽ താരത്തിന്റെ വാർഷിക പ്രതിഫലം. 70 മില്യൺ ഡോളറോളം അദ്ദേഹത്തിന് ബ്രാൻഡിങ് ഇനത്തിലും ഇക്കാലയളവിൽ വാർഷിക വരുമാനയിനത്തിൽ ലഭിച്ചു. 2021ൽ ബാർസലോന വിട്ട താരം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് ചേക്കേറി.
2022ൽ അർജന്റീനയ്ക്ക് ഫുട്ബോൾ ലോകകകപ്പ് നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരം കൂടിയാണ് മെസ്സി. ലോകകപ്പ് വിജയത്തോടെ മെസ്സിയുടെ ബ്രാൻഡ് വാല്യു പതിന്മടങ്ങായി വർധിച്ചു. 2023 മുതൽ അമേരിക്കയിലെ എംഎൽഎസ് ടീം ഇന്റർ മിയാമി താരമാണ് മെസ്സി. 60 മില്യൺ ഡോളറാണ് മെസ്സിക്ക് മിയാമി ശമ്പളയിനത്തിൽ നൽകുന്നത്. ടീമിന്റെ 10 ശതമാനം പങ്കും മെസ്സിക്കുണ്ട്. ഇത് 200 മില്യൺ ഡോളറോളം വരും. കരിയറിൽ ഉടനീളം ശമ്പളയിനത്തിലും ബ്രാൻഡിങ്ങ് ഇനത്തിലും വൻ തുക സമ്പാദിച്ച മെസ്സിയുടെ നിലവിലെ ആസ്തി 850 മില്യൺ ഡോളറാണ്.
Lionel Messi’s legacy as one of football’s greatest players is set to inspire a new generation in Kerala during his expected visit in late 2025. Fans eagerly await the legend’s interaction and match appearance.