നിക്ഷേപക സംഗമത്തിൻ്റെ ഭാഗമായുള്ള കേരളത്തിന്റെ ദുബായ് ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. കേരളാ സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്ൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു . സംഗമത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രത്യേക സംഘത്തെ അയക്കും.യു.എ.ഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി യു.എ.ഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു
ഐ.കെ.ജി.എസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്. ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡവലപ്മെൻ്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കൻ്റ് വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രണ്ടു ദിവസത്തെ ദുബായ് ഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ മുഹമ്മദ് ഹനീഷ്, കെ.എസ്.ഐഡി.സി എം.ഡി എസ് ഹരികിഷോർ, ഒ. എസ്.ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.
Kerala’s Dubai Investor Meet and Road Show has kicked off, with UAE participation in the Invest Kerala Global Summit. Discussions focus on investment opportunities in logistics and food processing.