അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗവൺമെന്റുമായുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ നയതന്ത്ര ബന്ധം മേഖലയിലെ ഭൗമരാഷ്ട്രീയ രംഗത്തെ പ്രകടമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിദേശ സെക്രട്ടറി വിക്രം മിസ്രിയും താലിബാൻ ആക്ടിങ് വിദേശമന്ത്രി ആമിർ ഖാൻ മുത്താഖിയും ദുബായിൽ കൂടിക്കാഴ്ച നടത്തിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഇത്ര ഉയർന്ന തലത്തിലുള്ള ഒരു ഇന്ത്യൻ പ്രതിനിധി അഫ്ഗാൻ ഭരണകൂടവുമായി സംസാരിക്കുന്നത്.
താലിബാൻ 2021ൽ അഫ്ഗാന്റെ അധികാരം പിടിക്കുമ്പോൾ ഇന്ത്യയ്ക്ക് നയതന്ത്രപരവുമായ തിരിച്ചടി നേരിട്ടേക്കും എന്ന ആശങ്കയുണ്ടായിരുന്നു. താലിബാന്റെ ആദ്യഭരണകാലത്തെ ഇന്ത്യാവിരുദ്ധ നിലപാടുകൾ ആവർത്തിക്കുമോ എന്നതായിരുന്നു ഈ ആശങ്കയ്ക്ക് കാരണം. സൈനിക പരിശീലനം, സ്കോളർഷിപ്പുകൾ, പുതിയ പാർലമെൻ്റ് കെട്ടിപ്പടുക്കുന്നതുപോലുള്ള നാഴികക്കല്ലായ പദ്ധതികളിലൂടെ അഫ്ഗാനിസ്ഥാൻ്റെ ജനാധിപത്യത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ട പ്രവർത്തനങ്ങൾ താലിബാന്റെ വരവോടെ അവതാളത്തിലായി. പ്രാദേശിക എതിരാളികളായ പാകിസ്ഥാൻ, ചൈന തുടങ്ങിയവർക്ക് അഫ്ഗാന് മേൽ കൂടുതൽ സ്വാധീനം ഉണ്ടാക്കും എന്ന അവസ്ഥ ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കകകളും ഉയർത്തി.
എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ നടത്തിയ തന്ത്രപരമായ നീക്കങ്ങൾ താലിബാനെ ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റി. ഇതോടെ താലിബാനു മുൻപ് ഇന്ത്യ അഫ്ഗാന് നൽകിപ്പോന്ന സഹായങ്ങൾ തുടർന്നുപോന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും കോവിഡ് കുത്തിവെയ്പ്പുമെല്ലാം ഇത്തരത്തിൽ ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചു. ഇതെല്ലാം അഫ്ഗാനുമായും ഇന്ത്യ വർഷങ്ങളായി തുടർന്നുപോരുന്ന ബന്ധം താലിബാന് കീഴിലും ദൃഢമായി നിർത്തി. എന്നാൽ മൂന്ന് വർഷങ്ങൾക്കിടെ നയതന്ത്രപരമായ അടുപ്പം എന്ന തരത്തിലുള്ള നീക്കങ്ങൾ കുറവായിരുന്നു. അത്കൊണ്ട് വിക്രം മിസ്‌രിയും ആമിർ ഖാൻ മുത്താഖിയുമായി ഉള്ള കൂടിക്കാഴ്ച നയതന്ത്രബന്ധം ഊഷ്മളമായി തുടരുന്നതിന്റെ സൂചനയാണ്. കൂടിക്കാഴ്ചയിൽ ഇന്ത്യയുമായി രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്താൻ താലിബാൻ സർക്കാർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിലെ ചാബഹാർ തുറമുഖം വഴിയുള്ള വ്യാപാരം ശക്തിപ്പെടുത്താനുള്ള സുപ്രധാന ചർച്ചയും ഇന്ത്യയും അഫ്ഗാനും തമ്മിൽ നടന്നു. ഇന്ത്യയെ സുപ്രധാന പ്രാദേശിക-സാമ്പത്തിക ശക്തി എന്നാണ് താലിബാൻ വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ മനസ്സിലാക്കുന്നതായി കൂടിക്കാഴ്ചയിൽ അഫ്ഗാൻ വിദേശകാര്യമന്ത്രി പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയ്ക്കെതിരായ തീവ്രവാദ നടപടികൾ അനുവദിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ പ്രസ്താവനയാണ്. കാരണം അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാൻ സ്വാധീനം ചെറുക്കുന്നതും താലിബാൻ ഭരണകൂടത്തെ ഇന്ത്യയ്ക്കെതിരെ ഉപയോഗപ്പെടുത്തില്ല എന്ന് ഉറപ്പുവരുത്തുകയുമായിരുന്നു ചർച്ചയ്ക്കു പിന്നിലെ ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അഫ്ഗാനിസ്ഥാനിൽ അരക്ഷിതാവസ്ഥ ഉണ്ടായാൽ അവിടെ നിന്നുള്ള തീവ്രവാദത്തിന്റേയും മയക്കുമരുന്ന് ഒഴുക്കിന്റേയും പരിണിത ഫലങ്ങൾ ഇന്ത്യയെ ബാധിക്കും. അതിനാൽ തീവ്രവാദ നടപടികൾ അനുവദിക്കില്ലെന്ന താലിബാന്റെ നിലപാട് ഇന്ത്യയെ സംബന്ധിച്ച് വലിയ നയതന്ത്ര നേട്ടമാണ്.
India’s renewed diplomatic engagement with the Taliban marks a strategic shift. Learn how this dialogue strengthens ties, addresses security concerns, and boosts regional trade.