വിദൂര-പർവതപ്രദേശങ്ങളിൽ മൃഗങ്ങൾക്കു പകരം എഐ റോബോട്ടിക് ശ്വാനൻമാരുടെ സേവനവുമായി ഇന്ത്യൻ സൈന്യം. സൈന്യത്തിൽ നിലവിലുള്ള 4000 പാക്ക് മ്യൂൾസ് അഥവാ മൃഗങ്ങൾക്കു പകരമാണ് റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റ് (MULE) നായകളെത്തുന്നത്. 77ാമത് കരസേനാ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൂനെ സതേൺ കമാൻഡ് ഇൻവെസ്റ്റിചർ സെറിമണി പരേഡിൽ സൈന്യം റോബോ ശ്വാനൻമാരെ പ്രദർശിപ്പിച്ചിരുന്നു. ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ചുരുക്കം ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
വാഹനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും പോകാനാകാത്ത ദുർഘടം പിടിച്ച പ്രദേശങ്ങളിൽ ആയുധം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ ചുമക്കാൻ നിലവിൽ കഴുതകൾ പോലുള്ള മൃഗങ്ങളെയാണ് ഉപയോഗിച്ചുവരുന്നത്.
റോബോട്ടിക് മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റിലൂടെ ഇതിന് അവസാനമാകും. നിരീക്ഷണം, വിതരണ ഗതാഗതം തുടങ്ങിയ നിർണായക ജോലികൾക്കായാണ് ഈ നാല് കാലുകളുള്ള റോബോട്ടിക് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളത്. തെർമൽ ക്യാമറകളും 360ഡിഗ്രി സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇവയ്ക്ക് 12-15 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. -40 മുതൽ +55 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലകളിൽ പ്രവർത്തിക്കാനാകുന്ന വിധത്തിലാണ് ഇവയുടെ നിർമാണം.
നൂതന ആയുധങ്ങൾ, യുദ്ധ വാഹനങ്ങൾ, അത്യാധുനിക സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യൻ ആർമിയുടെ സാങ്കേതിക മികവും കരസേനാ ദിനത്തോടനുബന്ധിച്ച് പ്രദർശിപ്പിച്ചു.
The Indian Army is adopting AI-powered robotic dogs to replace animals in mountainous areas, revolutionizing supply transport and surveillance in challenging terrains.