ഇന്ത്യൻ സംരംഭകർക്കായി ഒത്തുചേരൽ ഒരുക്കി ടെക് ലോകത്തെ പ്രമുഖനും ടെസ്ല സ്ഥാപനുമായ ഇലോൺ മസ്ക്. ടെക്സാസിലെ സ്പേസ് എക്സ് സ്റ്റാർ ബേസിലാണ് ഒത്തുചേരൽ നടത്തിയത്. സാങ്കേതിക വിദ്യ, ബഹിരാകാശ പര്യവേക്ഷണം എന്നീ രംഗങ്ങളിൽ യുഎസ്സും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണ സാധ്യത ഉറപ്പുവരുത്തുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ തടസ്സങ്ങൾ കുറയ്ക്കുന്നതിൽ നിയുക്ത ട്രംപ് ഗവൺമെന്റ് എഫിഷ്യൻസി ഡിപാർട്മെന്റ് വകുപ്പ് തലവൻ കൂടിയായ മസ്ക് പിന്തുണ പ്രഖ്യാപിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഇറക്കുമതിക്ക് മേൽ വ്യാപാര തീരുവ വർധിപ്പിച്ചേക്കുമെന്ന ആശങ്കയ്‌ക്കിടയിലാണ് മസ്‌കിൻ്റെ പരാമർശം. സാങ്കേതികവിദ്യയും നിർമാണവും മുതൽ പുനരുപയോഗ ഊർജം വരെയുള്ള വിവിധ മേഖലകളിലെ സംരംഭകരാണ് മസ്ക് ആതിഥേയത്വം വഹിച്ച പ്രതിനിധി സംഘത്തിൽ പങ്കെടുത്തത്. സാമ്പത്തികരംഗത്ത് സാങ്കേതികവിദ്യയുടെ പങ്ക്, ബഹിരാകാശത്തിലേയും AI നവീകരണത്തിലേയും പങ്കാളിത്തം, ആഗോള ഇന്നൊവേഷൻ രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ പ്രതിനിധി സംഘം ചർച്ച ചെയ്തു. എസ്സാർ ക്യാപിറ്റൽ ഡയറക്ടർ പ്രശാന്ത് റൂയ, ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ, ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ ആര്യമാൻ ബിർള തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Elon Musk hosts an Indian business delegation at SpaceX’s Starbase facility, advocating for US-India trade collaboration and exploring innovation in technology and space exploration.