കേരളത്തിന്‍റെ അക്കാദമിക ശേഷികള്‍ ഉപയോഗപ്പെടുത്തി ടാന്‍സാനിയായിലെ ഉന്നതവിദ്യാഭ്യാസ, ഐടി രംഗത്തെ വികസിപ്പിക്കാന്‍ സംസ്ഥാനത്തെ ഐടി മേഖലയുമായി ധാരണാപത്രം ഒപ്പിടാന്‍ താല്പര്യം പ്രകടിപ്പിച്ചു ടാന്‍സാനിയൻ ഉന്നത തല സംഘം. സംസ്ഥാനത്തെ മികവുറ്റ ഐടി ആവാസവ്യവസ്ഥയുമായി സഹകരിക്കാനാണ് ടാന്‍സാനിയന്‍ പ്രതിനിധി സംഘം ആഗ്രഹം പ്രകടിപ്പിച്ചത് . ടാന്‍സാനിയയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐടി അധിഷ്ഠിത ഉന്നതവിദ്യാഭ്യാസം, ഐടി ആവാസവ്യവസ്ഥ വികസനം തുടങ്ങിയ മേഖലകളിലാണ് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താത്പര്യം പ്രകടിപ്പിച്ചത്.
കേരളത്തിലെ ഹൈപവര്‍ ഐടി കമ്മിറ്റി പ്രതിനിധികള്‍, വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐസിടി അക്കാദമി, കെ-ഡിസ്ക്, അസാപ് പ്രതിനിധികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തി
ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി എത്തിയ സംഘം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയിലെ സന്തോഷ് സി കുറുപ്പ്, ഐസിടിഎകെയിലെ റിജി എന്‍ ദാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല കൈവരിച്ച വികസനവും നേട്ടങ്ങളും മനസിലാക്കുകയാണ് പര്യടനത്തിന്‍റെ ലക്ഷ്യം. വിദ്യാഭ്യാസ ഏകോപനം, പരിശീലന ഉപകരണങ്ങള്‍, പാഠ്യപദ്ധതി നടപ്പാക്കലും മാനേജ്മെന്‍റും ഇന്‍റേണ്‍ഷിപ്പ്, സാങ്കേതികവിദ്യയുടെ സംയോജനം, സംരംഭകരുടെ ഇടപെടല്‍ എന്നിവയാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിന്‍റെ മുന്‍ഗണനാ വിഷയങ്ങള്‍.
കേരളത്തിലെ ഐടി മേഖലയും ടാന്‍സാനിയയും തമ്മിലുള്ള സഹകരണത്തിന്‍റെ ആദ്യപടിയാണ് പ്രതിനിധി സംഘവുമായി നടന്ന ഇന്നത്തെ ചര്‍ച്ചയെന്ന് കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ടാന്‍സാനിയയുമായി സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ സാധ്യത, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക്, വ്യവസായ വൈദഗ്ധ്യം കൈമാറല്‍ എന്നിവയും ആലോചിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മോഡല്‍ തങ്ങളെ അതിശയിപ്പിക്കുന്നതായി സംഘത്തിലുള്ള ടാന്‍സാനിയന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ പ്രൊഫ. പീറ്റര്‍ എംസോഫ് പറഞ്ഞു. കേരളത്തിന്‍റെ അക്കാദമിക ശേഷികള്‍ ഉപയോഗപ്പെടുത്തി ടാന്‍സാനിയായിലെ ഉന്നതവിദ്യാഭ്യാസ, ഐടി രംഗത്തെ വികസിപ്പിക്കാന്‍ സംസ്ഥാനത്തെ ഐടി മേഖലയുമായി ധാരണാപത്രം ഒപ്പിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ്, വര്‍ക്ക് ഷോപ്പുകള്‍, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവ സാധ്യമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐടി മേഖലയെ സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ചെടുത്ത രീതി തങ്ങള്‍ക്ക് ഈ പര്യടനത്തില്‍ ബോധ്യപ്പെട്ടു. കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ചെയ്യുന്നത് പോലെ അക്കാദമിക മേഖലയെ വ്യവസായവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് തങ്ങള്‍ക്കും സ്വീകരിക്കാന്‍ കഴിയുന്ന മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടാന്‍സാനിയയിലെ ശാസ്ത്ര സാങ്കേതികവിദ്യാ ഡയറക്ടര്‍ പ്രൊഫ. ലാഡിസ്ലൗസ് മ്യോയിന്‍, ടാന്‍സാനിയ കമ്മീഷന്‍ ഫോര്‍ യൂണിവേഴ്സിറ്റീസ് എക്സിക്യുട്ടീവ് സെക്രട്ടറി പ്രൊഫ. ചാള്‍സ് കിഹാമ്പ, എംജെഎന്‍യുഎടി (അക്കാദമിക് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി) ഡെപ്യൂട്ടി വൈസ് കൗണ്‍സിലര്‍ പ്രൊഫ. ജോയല്‍ എംറ്റെബെ, വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രിന്‍സിപ്പല്‍ ഓഫീസര്‍ കഡോള്‍ എം കിലുഗല എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
A Tanzanian delegation visits Kerala to explore partnerships in IT and higher education, inspired by Kerala’s academic excellence and IT ecosystem. The aim is to foster collaboration through MoUs, student exchange programs, and curriculum development.