വാർത്തയെന്ന തരത്തിൽ പരസ്യങ്ങൾ നൽകി വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് മലയാളത്തിലെ പ്രമുഖ പത്രങ്ങൾ. ഒരു സർവകലാശാല ആതിഥേയത്വം വഹിക്കുന്ന പരിപാടിയുടെ പ്രചരണാർത്ഥമാണ് മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങൾ ഒന്നാം പേജിൽ സാങ്കൽപിക വാർത്തകൾ നിറച്ച് പുറത്തിറക്കിയിരിക്കുന്നത്. 2050ൽ പത്രങ്ങളുടെ മുൻപേജ് എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്താണ് പത്രങ്ങൾ വാർത്തയെന്ന തരത്തിൽ മുൻപേജിൽ മുഴുവനായും ‘പരസ്യ വാർത്തകൾ’ അഥവാ വ്യാജവാർത്തകൾ നൽകിയിരിക്കുന്നത്. സംഭവത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
‘നോട്ടേ വിട, ഇനി ഡിജിറ്റൽ കറൻസി’ എന്ന തലക്കെട്ടിൽ വന്ന ‘പരസ്യ വാർത്തയാണ്’ ഇതിൽ ഏറ്റവും ഗുരുതരം. ഒറ്റ നോട്ടത്തിൽ ‘വാർത്ത’ കാണുന്നവർ രാജ്യത്ത് നോട്ടുകൾ പൂർണമായും നിരോധിച്ചെന്നും ഇനി ഡിജിറ്റൽ കറൻസി മാത്രമേ നിലവിലുണ്ടാകൂ എന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് ഇത്. വാർത്തയുടെ ഉള്ളടക്കത്തിൽ പ്രധാനമന്ത്രിയെ വരെ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തിയേറ്ററുകൾക്ക് മുൻപിൽ പേക്കോലം കെട്ടുന്നവർ മുതൽ വയറ്റിപ്പിഴപ്പിന് വ്യാജതലക്കെട്ടുക്കൾ നൽകി വ്യൂസ് വർധിപ്പിക്കുന്ന നെഗറ്റീവ് പബ്ലിസിറ്റിക്കാർ വരെ അരങ്ങുവാഴുന്ന കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകുന്നതിലൂടെ മാധ്യമങ്ങൾ മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന വിമർശനം.
വായനക്കാരെ മാത്രമല്ല, പല ചാനലുകളും ഇത് വാർത്തയെന്ന തരത്തിൽ രാവിലത്തെ വാർത്തയിൽ ഉൾപ്പെടുത്തുകയും ചെയ്തു എന്നതാണ് തമാശ.
Leading Malayalam newspapers face backlash for publishing misleading front-page advertisements as news, sparking strong protests on social media.