ഇന്ത്യയിൽ “സൗദി ഫിലിം നൈറ്റ്സ്”നടത്തുമെന്ന് സൗദി അറേബ്യൻ ഫിലിം കമ്മീഷൻ. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെയാണ് സിനിമാമേള നടത്തുക. ആദ്യമായാണ് സൗദി ഫിലിം കമ്മീഷൻ ഇന്ത്യയിൽ ഇത്തരമൊരു ഫെസ്റ്റ് നടത്തുന്നത്. മൊറോക്കോ, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സൗദി ഫിലിം കമ്മീഷൻ സമാനരീതിയിൽ ഫെസ്റ്റുകൾ നടത്തിയിരുന്നു. സൗദി ചലച്ചിത്രങ്ങളുടെ സർഗ്ഗാത്മകത ആഗോളതലത്തിൽ ഉയർത്തിക്കാട്ടുക, സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫിലിം നൈറ്റ്സിലൂടെ ലക്ഷ്യമിടുന്നത്.
മുംബൈയിലെ നാഷനൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയിലാണ് സൗദി ഫിലിം നൈറ്റ്സ് ആരംഭിക്കുക. ഡൽഹിയിലും ഹൈദരാബാദിലും പ്രദർശനം നടത്താനും പദ്ധതിയുണ്ട്. സൗദി ഫീച്ചർ-ഷോർട്ട് ഫിലിമുകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചവരുമായുള്ള സംവാദവും പാനൽ ചർച്ചകളും നടത്തും.
2018ൽ രാജ്യത്തെ തിയേറ്ററുകൾ വീണ്ടും തുറന്നതിനുശേഷം സൗദി സിനിമാ മേഖല വലിയ വളർച്ചയാണ് നേടിയിരിക്കുന്നത്. 846 മില്യൺ റിയാലാണ് സൗദി തിയേറ്ററുകളിലെ സിനിമാ പ്രദർശനങ്ങളിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം.
Saudi films debut in India with the “Saudi Film Nights” festival, showcasing top Saudi cinema in Mumbai, Delhi, and Hyderabad from January 31 to February 5, 2024.